| Wednesday, 29th March 2023, 9:36 pm

ആറരക്കോടി വെള്ളത്തിലായതിന് പിന്നാലെ പതിനൊന്നര കോടിക്കാരനും പരിക്ക്; തലയില്‍ കൈവെച്ചിരിക്കേണ്ട അവസ്ഥയില്‍ പഞ്ചാബ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ 16ാം എഡിഷന് കൊടിയേറാന്‍ വെറും രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ പഞ്ചാബ് കിങ്‌സ് ക്യാമ്പില്‍ ആശങ്കകളൊഴിയുന്നില്ല. പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാലും ആഷസ് പരമ്പരക്കായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് എന്‍.ഒ.സി നിഷേധിച്ചതിനാലും സ്റ്റാര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോ ഇത്തവണ ടീമിന്റെ ഭാഗമാകില്ല എന്നതായിരുന്നു പഞ്ചാബിന് ടൂര്‍ണമെന്റിന് മുമ്പ് ഏറ്റ ആദ്യത്തെ തിരിച്ചടി.

ഈ തിരിച്ചടി മറികടക്കാന്‍ വെടിക്കെട്ട് വീരനും ബി.ബി.എല്ലില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ നെടുംതൂണുമായ മാത്യൂ ഷോര്‍ട്ടിനെ ടീമിലെത്തിക്കാന്‍ പഞ്ചാബ് കിങ്‌സിനായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങിന് പുറമെ മികച്ച രീതിയില്‍ പന്തെറിയാനും സാധിക്കുന്ന ഷോര്‍ട്ട് ബെയര്‍സ്‌റ്റോക്ക് പകരമുള്ള പെര്‍ഫെക്ട് ഓപ്ഷന്‍ തന്നെയായിരുന്നു.

എന്നാല്‍ ബെയര്‍‌സ്റ്റോയുടെ അഭാവത്തേക്കാള്‍ പതിന്‍മടങ്ങ് ടീമിനെ ആശങ്കപ്പെടുത്തുന്ന പുതിയ സംഭവവികാസങ്ങളും പഞ്ചാബ് കിങ്‌സ് ക്യാമ്പില്‍ ഉടലെടുത്തിരിക്കുകയാണ്. സ്റ്റാര്‍ ബാറ്റര്‍ ലിയാം ലിവിങ്സ്റ്റണിന്റെ പരിക്കാണ് ടീമിനെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്നത്.

പാകിസ്ഥാനെതിരായ പരമ്പരക്കിടെ കണങ്കാലിനേറ്റ പരിക്കിന് പിന്നാലെ ലിയാം ലിവിങ്സ്റ്റണിനും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഫിറ്റ്‌നെസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാരണത്താല്‍ താരത്തിന് ആദ്യ മത്സരടക്കം നഷ്ടമായേക്കും.

ഏപ്രില്‍ ഒന്നിനാണ് പഞ്ചാബിന്റെ ആദ്യ മത്സരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍. തങ്ങളുടെ ഹോം ഗ്രൗണ്ടായ മൊഹാലിയില്‍ വെച്ച് നടക്കുന്ന ഈ മത്സരത്തില്‍ ലിവിങ്‌സ്റ്റണിന് പങ്കെടുക്കാന്‍ സാധിക്കില്ല എന്ന കാര്യം ഉറപ്പാണ്.

എന്നാല്‍ താരം വേഗത്തില്‍ റിക്കവറായി വരുന്നതിനാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നും ഏപ്രില്‍ അഞ്ചിന് രാജസ്ഥാനെതിരെ നടക്കുന്ന മത്സരത്തിന് മുമ്പ് താരം ടീമിനൊപ്പം ചേരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

‘ലിയാം ലിവിങ്സ്റ്റണിന്റെ ഫിറ്റ്‌നെസുമായി ബന്ധപ്പെട്ട് ഇ.സി.ബി വിലയിരുത്തലുകള്‍ നടത്തുന്നുണ്ട്. അവന്‍ രണ്ടാം മത്സരത്തില്‍ ടീമിനൊപ്പം ചേരാന്‍ സാധ്യതയുണ്ട്,’ എന്നാണ് ഐ.പി.എല്‍ വൃത്തങ്ങള്‍ പി.ടി.ഐയോട് വെളിപ്പെടുത്തിയത്.

പൂര്‍ണമായും ഫിറ്റായ ലിയാം ലിവിങ്സ്റ്റണ്‍ എത്രത്തോളം അപകടകാരിയാണെന്ന് താരം കഴിഞ്ഞ സീസണില്‍ കാണിച്ചുതന്നിട്ടുള്ളതാണ്. 11.5 കോടിക്ക് പഞ്ചാബ് നിലനിര്‍ത്തിയ താരം കഴിഞ്ഞ സീസണിലെ 154 മത്സരത്തില്‍ നിന്നും 437 റണ്‍സാണ് സ്വന്തമാക്കിയത്.

Content Highlight: Liam Livingstone to miss first match due to injury

We use cookies to give you the best possible experience. Learn more