ഏകദിന ക്രിക്കറ്റിലെ അത്യപൂര്‍വ റെക്കോഡുമായി ഹാംഷെയര്‍ സൂപ്പര്‍ താരം ലിയാം ഡോവ്‌സണ്‍. കഴിഞ്ഞ ദിവസം റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ വാര്‍വിക്‌ഷെയറിനെതിരായ മത്സരത്തിലാണ് ഡോവിസണ്‍ റെക്കോഡിട്ടത്. മത്സരത്തില്‍ ഏഴ് വിക്കറ്റ് നേട്ടവുമായി താരം തിളങ്ങി.
ഹാംഷെയറിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗറാണിത്. ഏഴ് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങിയാണ് ഡോവ്‌സണ്‍ ഏഴ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
ടോസ് നേടിയ ബൗളിങ് തെരഞ്ഞെടുത്ത ഹാംഷെയറിന് മികച്ച തുടക്കമാണ് ലഭിച്ചത്. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കവെ എട്ട് പന്തില്‍ നിന്നും റണ്‍സൊന്നും നേടാതെ റോബ് യാറ്റ്‌സ് പുറത്തായി. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ വില്‍ റോഡ്‌സ് എട്ട് റണ്‍സിനും മറ്റൊരു ഓപ്പണറായ എഡ് ബെര്‍ണാര്‍ഡ് 26 റണ്‍സിനും പുറത്തായി. ഇതോടെ ടീം 42ന് മൂന്ന് എന്ന നിലയിലേക്ക് വീണു.
കീത് ബാര്‍കറാണ് ടീമിന്റെ ടോപ് ഓര്‍ഡറിലെ മൂന്ന് താരങ്ങളെയും പുറത്താക്കിയത്.
എന്നാല്‍ നാലാം നമ്പറില്‍ ക്രീസിലെത്തിയ സാം ഹെയ്ന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഹെയ്‌നിനെ ഒരു വശത്ത് നിര്‍ത്തി മറുവശത്തെ ആക്രമിക്കാനായിരുന്നു ഹാംഷെയര്‍ പദ്ധതിയിട്ടത്. സ്പിന്നര്‍ ലിയാം ഡോവ്‌സണാകട്ടെ ടീമിന്റെ ആ സ്ട്രാറ്റജി പൂര്‍ണമായും നടപ്പിലാക്കുകയും ചെയ്തു.
ബാര്‍കര്‍ ആദ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശേഷിക്കുന്ന ഏഴ് വിക്കറ്റും ഡോവ്‌സണ്‍ പിഴുതെറിഞ്ഞു. എറിഞ്ഞ ആദ്യ പത്ത് പന്തില്‍ അഞ്ച് വിക്കറ്റ് നേടിയ താരം പിന്നാലെ രണ്ട് വിക്കറ്റും നേടി സെവന്‍ വിക്കറ്റ് ഹൗള്‍ പൂര്‍ത്തിയാക്കി.
13 പന്തില്‍ ആറ് റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ മൈക്കല്‍ ബര്‍ഗസിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഡോവ്‌സണ്‍ തുടങ്ങിയത്. പിന്നാലെ ജേകബ് ബെഥല്‍, ആഥന്‍ ബ്രൂക്‌സ്, ജേക് ലിന്‍ടോട്ട്, ജാനി ബ്രിഗ്‌സ്, ഹെന്റി ബ്രൂക്‌സ്, ഒലിവര്‍ ഹാന്നന്‍ ഡാല്‍ബി എന്നിവരെയും ഡോവ്‌സണ്‍ പുറത്താക്കി.
ഇതോടെ വാര്‍വിക് ഷെയര്‍ 25.5 ഓവറില്‍ 93ന് ഓള്‍ ഔട്ടായി. 46 പന്തില്‍ 33 റണ്‍സുമായി സാം ഹെയ്ന്‍ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹാംഷെയര്‍ ഫ്‌ളെച്ച മിഡില്‍ടണിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ 19.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ വിജയത്തിന് പിന്നാലെ റോയല്‍ ലണ്ടന്‍ കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാനും ഹാംഷെയറിനായി. സെപ്റ്റംബര്‍ 16ന് ട്രെന്റ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ ലെസ്റ്റര്‍ഷെയറാണ് എതിരാളികള്‍.
Content highlight: Liam Dawson’s brilliant bowling performance in Royal London One Day Cup