തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. നിയമവകുപ്പ് മന്ത്രി എ.കെ ബാലനുമായി നടത്തിയ ചര്‍ച്ചയിലാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയത്. അതേ സമയം സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ സമരം ശക്തമായി തുടരുമെന്ന് അറിയിച്ചു.
സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സിന്റെ ജോലി സമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുന്നതിനും അതിലേക്ക് കൂടുതലായി വരുന്ന ഒഴിവുകള്‍ നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നടത്തുമെന്നുമുള്ള ഉറപ്പ് സര്‍ക്കാര്‍ നല്‍കിയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത ശേഷം ആവശ്യങ്ങള്‍ നടപ്പിലാക്കാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെന്നും ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികള്‍ പറഞ്ഞു.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നടപടി വേഗത്തിലാക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.
സമരത്തിന് പിന്തുണ നല്‍കിയ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കും സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ നന്ദി അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക