| Friday, 27th January 2023, 5:36 pm

സാക്ഷിയുടെ കഥ; ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ ആദ്യ ചിത്രം; എല്‍.ജെ.എം ഷൂട്ട് ആരംഭിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹേന്ദ്ര സിങ് ധോണിയുടെ പ്രൊഡക്ഷന്‍ ഹൗസായ ധോണി എന്റര്‍ടെയ്ന്‍മെന്റും അദ്ദേഹത്തിന്റെ പങ്കാളി സാക്ഷിയും ചേര്‍ന്ന് നിര്‍മിക്കുന്ന എല്‍.ജി.എമ്മിന്റെ (ലെറ്റ്‌സ് ഗെറ്റ് മാരീഡ്) ചിത്രീകരണം ആരംഭിച്ചു. ഇന്ന് ചെന്നൈയില്‍ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.

നവാഗത സംവിധായകന്‍ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന എല്‍.ജി.എം കഥ ഒരുക്കിയത് ധോണിയുടെ ഭാര്യ കൂടിയായ സാക്ഷി തന്നെയാണ്. ഹരീഷ് കല്യാണ്‍, നദിയ, ഇവാന, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശ്വജിത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംവിധായകന്‍ രമേഷ് തമിഴ്മണി തന്നെയാണ് സംഗീതം ഒരുക്കുന്നത്. മുഖ്യധാരാ ചലച്ചിത്രനിര്‍മാണത്തിലേക്കുള്ള ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ആയിരിക്കും.

അര്‍ത്ഥവത്തായ കഥകളിലൂടെ രാജ്യത്തെ എല്ലാ മുക്കിലും മൂലയിലുമുള്ള ഇന്ത്യന്‍ പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുക എന്നതാണ് ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ ലക്ഷ്യമെന്ന് ധോണി എന്റര്‍ടെയ്ന്‍മെന്റ് ബിസിനസ് ഹെഡ് വികാസ് ഹസിജ പറഞ്ഞു. ‘ധോണി എന്റര്‍ടൈന്‍മെന്റ് നല്ല തിരക്കഥകള്‍ക്കായുള്ള അന്വേഷണങ്ങളില്‍ ആണ്, തമിഴില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. ഇന്നത്തെ തുടക്കം, തമിഴ് സിനിമയിലെ ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ ദീര്‍ഘവും ഫലപ്രദവുമായ ഇന്നിങ്സിനെ അടയാളപ്പെടുത്തുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ഒരു മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നു,’ വികാസ് കൂട്ടിച്ചേര്‍ത്തു.

ഈ സിനിമയുടെ ലോഞ്ചിങ്ങില്‍ സന്തോഷവും ആഹ്ലാദവുമുണ്ട്, ചിത്രം ബിഗ് സ്‌ക്രീനില്‍ കാണുവാനായി ആകാംക്ഷയടക്കാതെ കാത്തിരിക്കുകയാണെന്ന് ധോണി എന്റര്‍ടെയ്ന്‍മെന്റ് ക്രിയേറ്റീവ് ഹെഡ് പ്രിയാന്‍ഷു ചോപ്ര പറഞ്ഞു. പി.ആര്‍.ഒ: ശബരി

Content Highlight: LGM (Let’s Get Married) produced by Dhoni Entertainment, has started shooting

We use cookies to give you the best possible experience. Learn more