| Saturday, 25th March 2023, 5:18 pm

എല്‍.ജി.ബി.ടി.ക്യൂ.ഐ.പ്ലസ് കമ്മ്യൂണിറ്റികള്‍ക്കെതിരായ അതിക്രമം; മുന്നറിയിപ്പ് സന്ദേശവുമായി ഗ്രിന്‍ഡര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോ: ഈജിപ്തില്‍ എല്‍.ജി.ബി.ടി.ക്യൂ.പ്ലസ് ഡേറ്റിങ് ആപ്പായ ഗ്രിന്‍ഡര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് എല്‍.ജി.ബി.ടി.ക്യൂ.ഐ കമ്മ്യൂണിറ്റികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഗ്രിന്‍ഡര്‍ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇനി മുതല്‍ ആപ്പില്‍ ലോഗിന്‍ ചെയ്യുന്ന സമയത്ത് ഇംഗ്ലീഷിലും അറബിയിലും മുന്നറിയിപ്പ് സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടും. ഈജിപ്ഷ്യന്‍ പൊലീസ് വ്യാപകമായി എല്‍.ജി.ബി.ടി.ക്യൂ.പ്ലസ് കമ്മ്യൂണിറ്റിയില്‍പ്പെട്ട ആളുകളെ കണ്ടെത്താനായി ഗ്രിന്‍ഡര്‍ പോലുള്ള ആപ്പുകളുടെ സഹായം തേടുന്നതായി ഈയിടെ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടികളുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

‘ഈജിപ്ഷ്യന്‍ പൊലീസ് വ്യാപകമായി ഗേ, ബൈ, ട്രാന്‍സ് വ്യക്തികളുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ കൂടി ശേഖരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനായി ഫെയ്ക്ക് അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്യുകയും ആദ്യമേ അറസ്റ്റ് ചെയ്ത വ്യക്തികളുടെ അക്കൗണ്ടുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഓണ്‍ലൈനിലും ഓഫ് ലൈനിലും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം,’ ഗ്രിന്‍ഡര്‍ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.

സ്വവര്‍ഗ ലൈംഗികതക്ക് നിയമം മൂലം നിരോധനമില്ലെങ്കിലും ഈജിപ്തില്‍ പൊലീസിന്റെ സഹായത്തോടെ എല്‍.ജി.ബി.ടി.ക്യൂ.പ്ലസ് കമ്മ്യൂണിറ്റികള്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നും അല്‍ ജസീറ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2017 ല്‍ റെയ്ന്‍ബോ പതാക ഉയര്‍ത്തിയതിന്റെ പേരില്‍ ഏഴോളം വരുന്ന ആക്ടിവിസ്റ്റുകളെ ഈജിപ്ഷ്യന്‍ പൊലീസ് അറസ്റ്റ് ചെയിതിരുന്നു.

അതുകൂടാതെ ഈജിപ്തിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി എല്‍.ജി.ബി.ടി.ക്യൂ.പ്ലസ് കമ്മ്യൂണിറ്റികള്‍ക്കെതിരായ വിദ്വേഷ പ്രചരണങ്ങളും വ്യാപകമായി നടക്കുന്നതായും അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഫെബ്രുവരിയില്‍ ഹ്യൂമന്‍ റൈറ്റ് വാച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അറബ് രാഷ്ട്രങ്ങളില്‍ എല്‍.ജി.ബി.ടി.ക്യൂ.പ്ലസ് കമ്മ്യൂണിറ്റികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഈജിപ്ത്, ജോര്‍ദ്ദാന്‍, ലെബനന്‍, ഇറാഖ്, തുണീഷ്യ എന്നീ രാജ്യങ്ങളില്‍ എല്‍.ജി.ബി.ടി.ക്യൂ.പ്ലസ് കമ്മ്യൂണിറ്റികള്‍ക്കെതിരെ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നടക്കം ആസൂത്രിതമായ ആക്രമണങ്ങളാണ് നടക്കുന്നതെന്നും എച്ച്.ആര്‍.ഡബ്ല്യു പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Content Highlight: LGBTQI+ App grinder warns its users

We use cookies to give you the best possible experience. Learn more