ന്യൂദല്‍ഹി: എല്‍.ജി.ബി.ടി.ക്യു.പ്ലസ് കമ്മ്യൂണിറ്റിയിലെ വ്യക്തികള്‍ക്ക് ഇനി മുതല്‍ ജോയിന്റ് അക്കൗണ്ടുകള്‍ തുടങ്ങാന്‍ നിയമ തടസ്സങ്ങളൊന്നുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ജോയിന്റ് അക്കൗണ്ടുകള്‍ തുറക്കുന്നതിനോ ഒരു ക്വിയര്‍ വ്യക്തിയെ തന്നെ അക്കൗണ്ടിന് നോമിനിയായി നിര്‍ദേശിക്കുന്നതിനോ നിയന്ത്രണങ്ങളൊന്നുമില്ലെന്നും ധനമന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി.
2023 ഒക്ടോബര്‍ 17ന് കോടതി പരിഗണിച്ച ഹരജിയെ തുടര്‍ന്ന് കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ഇന്ന് കമ്മ്യൂണിറ്റിക്ക് ഉപകാരപ്രദമായത്. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും വ്യക്തത നല്‍കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
ആര്‍.ബി.ഐയുടെ ഉത്തരവ് പ്രകാരം മറ്റ് ബാങ്കുകളും എല്‍.ജി.ബി.ടി.ക്യൂ.പ്ലസ് കമ്മ്യൂണിറ്റികള്‍ക്ക് ഉപയോഗപ്രദമാവുന്ന വിധത്തില്‍ സേവനങ്ങള്‍ നല്‍കിയതായും പറയുന്നുണ്ട്.
2023ല്‍ വന്ന സുപ്രീം കോടതി ഉത്തരവിന് ശേഷം, 2024ല്‍ എല്‍.ജി.ബി.ടി.ക്യു.പ്ലസ് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ആറംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു.
എല്‍.ജി.ബി.ടി.ക്യു.പ്ലസ് കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്നവര്‍ വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കുക, ഇത്തരത്തിലുള്ള വിവേചനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങി കമ്മ്യൂണിറ്റിക്ക് എല്ലാ സേവനങ്ങലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുമാണ് പാനലിനെ ചുമതലപ്പെടുത്തിയിരുന്നത്.
2015ല്‍ ആര്‍.ബി.ഐ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനായി തേര്‍ഡ് ജന്‍ഡര്‍ ഓപ്ഷന്‍ നല്‍കാന്‍ ഉത്തരവ് ഇറക്കിയതായി പറയുന്നുണ്ട്. ഇത് പ്രകാരം അക്കൗണ്ടുകളുടെ ഉപയോഗം സാധ്യമാവുകയും ചെയ്തിരുന്നു.
ഈ ഉത്തരവിന്റെ ഭാഗമായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ്, ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് മാത്രമായി ഒരു റെയിന്‍ബോ സേവിങ്‌സ് അക്കൗണ്ട് പദ്ധതി ആരംഭിച്ചിരുന്നു. ഉയര്‍ന്ന സേവിങ്, നിരക്കുകളും ഡെബിറ്റ് കാര്‍ഡ് ഓഫറുകളും ഉള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ ഈ സ്‌കീമിലൂടെ നല്‍കിയിരുന്നു.
Content Highlight: lgbtq+ persons can open joint accounts there is no restictions: central government