ജയിലില്‍ LGBTQ+ വിഭാഗത്തോട് വിവേചനം വേണ്ട, തുല്യ അവകാശങ്ങള്‍ അവര്‍ക്കും ലഭിക്കണം: ആഭ്യന്തര മന്ത്രാലയം
national news
ജയിലില്‍ LGBTQ+ വിഭാഗത്തോട് വിവേചനം വേണ്ട, തുല്യ അവകാശങ്ങള്‍ അവര്‍ക്കും ലഭിക്കണം: ആഭ്യന്തര മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th July 2024, 8:07 am

ന്യൂദല്‍ഹി: LGBTQ+ വിഭാഗത്തിലുള്ള തടവുപുള്ളികളെ മറ്റുള്ളവരെ പോലെ തുല്യമായി പരിഗണിക്കുന്നുണ്ടെന്നും മറ്റ് തടവുകാര്‍ക്ക് നല്‍കുന്നത് പോലെ അതേ സൗകര്യങ്ങള്‍, പ്രത്യേകിച്ച് സന്ദര്‍ശത്തിനുള്ള അനുമതിയും അവകാശങ്ങളും അടക്കം ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആഭ്യന്തര മന്ത്രാലയം.

ജയിലുകളില്‍ ക്വിയര്‍ തടവുകാര്‍ക്കെതിരെ വിവേചനപരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.

രാജ്യത്തെ ജയിലുകളുടെ പ്രവര്‍ത്തനങ്ങളും നടത്തിപ്പിനുമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ ‘മോഡല്‍ പ്രിസണ്‍ മാന്വല്‍ 2016’, ‘മോഡല്‍ പ്രിസണ്‍സ് ആന്‍ഡ് കറക്ഷന്‍സ് സര്‍വീസസ് ആക്ട് 2023’ എന്നിവയിലെ വ്യവസ്ഥകള്‍ വീണ്ടും ഉദ്ധരിച്ചായിരുന്നു സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശ ചീഫ് സെക്രട്ടറിമാര്‍, പൊലീസ് മേധാവികള്‍, ഡി.ജെ/ഐ.ജി പ്രിസണ്‍ എന്നിവര്‍ക്ക് ആഭ്യന്തര മന്ത്രാലയം കത്തയച്ചത്.

ഇത് പ്രകാരം ഓരോ തടവുപുള്ളിക്കും തന്റെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ നിയമ ഉപദേഷ്ടാക്കളെയോ കാണാനും ആശയ വിനിമയം നടത്താനും ജാമ്യം/അപ്പീല്‍ എന്നിവ സമര്‍പ്പിക്കാനുമുള്ള ന്യായമായ സൗകര്യങ്ങള്‍ ലഭിക്കുമെന്ന് പൊലീസ് മേധാവികള്‍ പറഞ്ഞു.

ക്വിയര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ ലിംഗ സത്വത്തിന്റെയോ ലൈംഗിക ആഭിമുഖ്യത്തിന്റെയോ പേരില്‍ ഇത്തരം അവകാശങ്ങള്‍ നിഷേധിക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറയുന്നു.

‘അവന്/ അവള്‍ക്ക് അവന്റ/അവളുടെ കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, നിയമ ഉപദേഷ്ടാക്കള്‍ എന്നിവരുമായി രണ്ടാഴ്ചയില്‍ ഒരിക്കല്‍ കാണാനും സംസാരിക്കാനും അനുവാദമുണ്ട്. ജയിലില്‍ പ്രവേശിക്കും മുമ്പ് തന്നെ കാണാന്‍ വരുന്നവര്‍ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി ആരെല്ലാമായിരിക്കും എന്നതിനെ സംബന്ധിച്ച് ഒരു പട്ടിക തടവുപുള്ളി നല്‍കിയിരിക്കണം,’ മോഡല്‍ പ്രിസണ്‍ മാന്വല്‍ 2016നെ ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

സാധാരണയായി ഒരു തടവുകാരനെ കാണാനുള്ളവരുടെ പട്ടിക മൂന്നായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

വനിതാ തടവുകാരെ സംബന്ധിച്ച് ഈ കൂടിക്കാഴ്ചകള്‍ കഴിയുന്നതും സ്ത്രീകളുടെ വാര്‍ഡില്‍ / ചുറ്റുപാടില്‍ നടക്കണം എന്നതാണ് മാന്വല്‍ സൂചിപ്പിക്കുന്നത്. ക്വിയര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ബാധകമാണെന്നും ഇതില്‍ വ്യക്തമാക്കുന്നു.

 

Content Highlight: LGBTQ+ community should not be discriminated in prison, they should get equal rights: Ministry of Home Affairs