ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് സീരീസിലെ ഏറ്റവും പുതിയ പതിപ്പാണ് 7.0 ന്യുഗട്ട്. ഇതിന്റെ സമ്പൂര്‍ണ പതിപ്പ് ഈ സെപ്തംബറില്‍ ഇറങ്ങുമെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്‌ഫോണുകളൊന്നും ഇറങ്ങിയിട്ടില്ല.
പതിവ് രീതിയനുസരിച്ച് ഗൂഗിളിന്റെ സ്വന്തം സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ നെക്‌സസിലാണ് ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പുകള്‍ ആദ്യമെത്താറ്. എന്നാല്‍ ന്യുഗട്ടിന്റെ കാര്യത്തില്‍ ആ പതിവ് തെറ്റുകയാണ്. എല്‍.ജിയുടെ വി20 എന്ന ഫ്‌ളാഗ്ഷിപ്പ് മോഡലിലായിരിക്കും ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പ് ആദ്യമെത്തുക. സെപ്തംബര്‍ 6ന് വി20 വിപണിയിലെത്തിക്കാനാണ് എല്‍.ജിയുടെ പദ്ധതി.
കഴിഞ്ഞ വര്‍ഷം എല്‍.ജി ഇറക്കിയ വി10 എന്ന ഫോണിന്റെ പരിഷ്‌കരിച്ച പതിപ്പാണ് വി 20. മെച്ചപ്പെട്ട ഗ്രാഫിക്‌സും മികച്ച ബാറ്ററി ബാക്കപ്പുമായും എത്തുന്ന വി20 മികച്ച ഗെയിമിങ് അനുഭവം നല്‍കും. എന്നാല്‍ ഫോണിന്റെ മറ്റു സ്‌പെസിഫിക്കേഷനുകള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. വി20ക്ക് ഏകദേശം 35,000 രൂപയ്ക്ക് മുകളില്‍ വില പ്രതീക്ഷിക്കുന്നു.