എംബാപ്പെയുമായുള്ള വേതന തര്‍ക്കത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌ന് വമ്പന്‍ തിരിച്ചടി. വേതനവും ബോണസുമടക്കം താരത്തിന് 55 മില്യണ്‍ യൂറോ പാരീസ് ക്ലബ്ബ് നല്‍കണമെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ എല്‍.എഫ്.പി ഉത്തരവിട്ടു.
ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തെ വേതനവും ബോണസും തന്റെ പഴയ ടീം നല്‍കിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംബാപ്പെ നിയമനടപടികളുമായി മുമ്പോട്ട് പോയത്. ഇതിലാണ് ഫ്രഞ്ച് താരത്തിന് അനുകൂല വിധി ലഭിച്ചിരിക്കുന്നത്.
എല്‍.എഫ്.പി വിധി പുറപ്പെടുവിക്കും മുമ്പ് തന്നെ പി.എസ്.ജി എംബാപ്പെയുമായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ റയല്‍ മാഡ്രിഡ് താരം ആ ഓഫര്‍ നിരസിക്കുകയായിരുന്നു.
ആര്‍.എം.സി സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം പി.എസ്.ജി എംബാപ്പെക്ക് എന്തെല്ലാം നല്‍കാനുണ്ടോ അതെല്ലാം തന്നെ ഉടന്‍ നല്‍കണമെന്നാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ഗവേണിങ് ബോഡി വിധിച്ചത്.
എന്നാല്‍ ഈ പണം നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടാണ് പി.എസ്.ജി സ്വീകരിച്ചിരിക്കുന്നത്. വിധിക്ക് പിന്നാലെ ‘വീ ആര്‍ നോട്ട് പേയിങ്’ (We are not paying) എന്ന മറുപടിയാണ് പാരീസ് വമ്പന്‍മാര്‍ എംബാപ്പെക്ക് നല്‍കിയതെന്ന് ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഈ വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ കമ്മീഷന് നിയമപരമായ പരിമിതിയുള്ളതിനാല്‍ ഇത് മറ്റൊരു നിയമസംവിധാനത്തിന്റെ ഭാഗമായി വീണ്ടും പരിഗണിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തങ്ങള്‍ തയ്യാറാണ്,’ പി.എസ്.ജി എ.പിയോട് പറഞ്ഞതായി ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാരീസ് സെന്റ് ജെര്‍മെയ്‌ന്റെ മൂര്‍ദ്ധാവില്‍ ലഭിച്ച അടിയായിരുന്നു സ്പാനിഷ് ക്ലബ്ലിലേക്കുള്ള എംബാപ്പെയുടെ ട്രാന്‍സ്ഫര്‍. നേരത്തെ പല തവണ പൊന്നും വിലയുമായി റയല്‍ ക്ലബ്ബിനെ സമീപിച്ചിരുന്നെങ്കിലും പി.എസ്.ജി വഴങ്ങിയിരുന്നില്ല.
ഒടുവില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതോടെ ഫ്രീ ട്രാന്‍സ്ഫറായാണ് താരം ക്ലബ്ബ് വിട്ടത്. ഇത് ടീമിന് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താലാണ് ടീം താരത്തിന്റെ വേതനം പിടിച്ചുവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
പി.എസ്.ജിക്കെതിരെ നിയമനടപടിയുമായി മുമ്പോട്ട് പോകുമെന്ന് താരത്തിന്റെ മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
‘സാലറിയുടെ കാര്യത്തില്‍ ഇത് വരെ ഒരു തീരുമാനവുമായിട്ടില്ല. എത്രയും വേഗം പി.എസ്.ജി അത് പരിഗണിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം പി.എസ്.ജിയുമായി എല്ലായ്‌പ്പോഴും മികച്ച ഓര്‍മകളുണ്ടായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്ക് മുമ്പില്‍ ഒരു വഴിയുമില്ലെങ്കില്‍ പരാതിയുമായി മുമ്പോട്ട് പോകും,’എന്നായിരുന്നു താരത്തിന്റെ അമ്മ പറഞ്ഞിരുന്നത്.
Content Highlight: LFP has ruled in favor of Kylian Mbappe in wage dispute with PSG