| Thursday, 6th June 2024, 2:03 pm

റൊണാള്‍ഡോയായിരിക്കും ഈ യൂറോകപ്പില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന താരം; ഞെട്ടിച്ച് പോഡ്കാസ്റ്ററുടെ വാക്കുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോകപ്പ് ഫുട്‌ബോളിന് തുടക്കം കുറിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജൂണ്‍ 14 മുതലാണ് യൂറോപ്പിലെ ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കം കുറിക്കുന്നത്.

യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പിനായി തയ്യാറെടുക്കുന്ന പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് യു.കെ പോഡ്കാസ്റ്റര്‍ ലൂയിസ് ബൗഡന്‍. പിച്ച്‌സൈഡ് പോഡ്കാസ്റ്റിലെ തന്റെ സഹ പോസ്റ്റുകളോട് സംസാരിക്കുകയായിരുന്നു ലൂയിസ്.

2024 യൂറോപ്പില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്നത് റൊണാള്‍ഡോ ആയിരിക്കുമെന്നാണ് ലൂയിസ് ബൗഡന്‍ പറഞ്ഞത്.

‘റൊണാള്‍ഡോ ഇതിനുമുമ്പ് നടന്ന യൂറോകപ്പ് സീസണില്‍ തന്നെ വിരമിക്കണമായിരുന്നു. ഈ യൂറോകപ്പില്‍ റൊണാള്‍ഡോ മോശം പ്രകടനമാവും നടത്തുക. അതുകൊണ്ടുതന്നെ 2024 യൂറോ കപ്പിലെ ഏറ്റവും മോശം കളിക്കാരന്‍ ആകാന്‍ സാധ്യതയുള്ള ഒരു താരമാണ് റൊണാള്‍ഡോ,’ ലൂയിസ് ബൗഡന്‍ പറഞ്ഞു.

അതേസമയം തന്റെ ഫുട്ബോള്‍ കരിയറിലെ ആറാമത്തെ യൂറോപ്പ്യന്‍ കപ്പിനാണ് റൊണാള്‍ഡോ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. ഈ യൂറോകപ്പില്‍ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടം കൂടിയാണ്.

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറ് വ്യത്യസ്ത പതിപ്പുകളില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാവും റൊണാള്‍ഡോ സ്വന്തമാക്കുക. 2004, 2008, 2012, 2016, 2021 എന്നീ വര്‍ഷങ്ങള്‍ നടന്ന യൂറോ കപ്പുകളിലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ബൂട്ട് കെട്ടിയത്.

യൂറോ കപ്പിനുള്ള യോഗ്യത മത്സരത്തില്‍ മിന്നും പ്രകടനമായിരുന്നു റൊണാള്‍ഡോ നടത്തിയിരുന്നത്. പത്തില്‍ പത്ത് മത്സരങ്ങളും വിജയിച്ചു കൊണ്ട് രാജകീയമായി ആയിരുന്നു പോര്‍ച്ചുഗല്‍ യൂറോകപ്പിന് യോഗ്യത നേടിയത്.

യോഗ്യത മത്സരങ്ങളില്‍ പത്തു ഗോളുകള്‍ ആയിരുന്നു റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. ഈ സീസണില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിന് വേണ്ടി ഈ സീസണില്‍ മിന്നും പ്രകടനമാണ് റൊണാള്‍ഡോ നടത്തുന്നത്.

ഈ സീസണില്‍ 35 ഗോളുകളും 13 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയത്. ഇതോടെ സൗദി ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറാനും അല്‍ നസര്‍ നായകന് സാധിച്ചിരുന്നു.

നാല് വ്യത്യസ്ത ലീഗുകളില്‍ ടോപ് സ്‌കോറര്‍ ആവുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറാനും റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നു. റയല്‍ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകള്‍ക്കൊപ്പം ആയിരുന്നു ഇതിനുമുമ്പ് റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.

യൂറോ കപ്പില്‍ ഗ്രൂപ്പ് എഫിലാണ് പോര്‍ച്ചുഗല്‍ ഇടം പിടിച്ചിട്ടുള്ളത്. പോര്‍ച്ചുഗലിനൊപ്പം ഗ്രൂപ്പില്‍ തുര്‍ക്കി, ചെക്ക് റിപ്പബ്ലിക്, ജോര്‍ജിയ എന്നീ ടീമുകളാണ് ഉള്ളത്. ജൂണ്‍ 19നാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം നടക്കുക. റെഡ്ബുള്‍ അറീനയില്‍ നടക്കുന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പറങ്കിപ്പടയുടെ ആദ്യ അങ്കം.

Content Highlight: Lewis Bowden talks about Cristaino Ronaldo

We use cookies to give you the best possible experience. Learn more