ലോറസ് അവാര്‍ഡ് ദാന ചടങ്ങിനിടെ ലയണല്‍ മെസിയും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇരുവരും സംഭാഷണം നടത്തുന്ന മനോഹര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു.
പുരസ്‌കാര ചടങ്ങിനിടെ മെസിയോട് സംസാരിച്ചതിനെ കുറിച്ച് പറയുകയാണ് ലെവന്‍ഡോസ്‌കി. അദ്ദേഹത്തോട് ബാഴ്‌സലോണയെ കുറിച്ച് സംസാരിച്ചിരുന്നെന്നും അപ്പോള്‍ മെസിയുടെ കണ്ണുകളില്‍ തിളക്കം കണ്ടുവെന്നും ലെവ പറഞ്ഞു. ബാഴ്‌സ ബ്ലൂഗ്രെയ്ന്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ലെവന്‍ഡോസ്‌കി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ഞാന്‍ മെസിയോട് ബാഴ്‌സയെ കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. എനിക്കറിയാം മെസിക്ക് ബാഴ്‌സലോണയോട് പ്രത്യേക താത്പര്യം ഉണ്ടെന്ന്. നിങ്ങള്‍ ബാഴ്‌സലോണയെ കുറിച്ച് ചിന്തിക്കുമ്പോള്‍ മെസിയെയാണ് ഓര്‍മ വരിക, മെസിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ നേരെ തിരിച്ചും. എനിക്കറിയാം മെസി ബാഴ്‌സയിലേക്ക് വരുമ്പോള്‍ ടീമിലേക്ക് കൊണ്ടുവരുന്ന മൂല്യം എത്രമാത്രമാണെന്ന്. കളത്തില്‍ മാത്രമല്ല, മുഴുവന്‍ ക്ലബ്ബിനും അതുവലിയ ഗുണം ചെയ്യും,’ ലെവന്‍ഡോസ്‌കി പറഞ്ഞു.
ഫുട്‌ബോള്‍ എന്തെന്ന് നന്നായി മനസിലാക്കുന്ന എല്ലാ താരങ്ങള്‍ക്കൊപ്പം കളിക്കാനും തനിക്കിഷ്ടമാണെന്നും ലിയോ ആണ് അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്നും ലെവന്‍ഡോസ്‌കി പറഞ്ഞു. അടുത്തിടെ മെസി തന്റെ കളി ശൈലിയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ലെവന്‍ഡോസ്‌കി പറഞ്ഞു.
ബാഴ്‌സലോണയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളില്‍ ഒരാളാണ് ലെവന്‍ഡോസ്‌കി. ഈ സീസണില്‍ ബാഴ്‌സലോണ ലാ ലിഗ ടൈറ്റില്‍ സ്വന്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും താരത്തിന് സാധിച്ചു. ലാ ലിഗയില്‍ 23 ഗോളും ആറ് അസിസ്റ്റുകളും ലെവന്‍ഡോസ്‌കിയുടെ സമ്പാദ്യം.
അതേസമയം, പി.എസ്.ജിയില്‍ മെസിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കാനിരിക്കെ മെസി പി.എസ്.ജിയില്‍ തുടരുമോയെന്നോ മറ്റേതെങ്കിലും ക്ലബ്ബുമായി സൈനിങ് നടത്തുമോയെന്നോ താരം വ്യക്തമാക്കിയിട്ടില്ല.
മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ ഈ സീസണിന്റെ അവസാനം മാത്രമെ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കൂ എന്ന് താരത്തിന്റെ പിതാവ് ജോര്‍ജ് മെസി അറിയിച്ചിരുന്നു. ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.