ബയേണ്‍ മ്യൂണിക്കിന്റെ ഗോളടി യന്ത്രം എന്നറിയപ്പെട്ടിരുന്ന സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി കഴിഞ്ഞ സീസണിലാണ് ബാഴ്‌സലോണയിലെത്തിയത്. ബാഴ്‌സയില്‍ മികച്ച പ്രകടനം കഴ്ചവെച്ച് ആരാധകരുടെ പ്രീതി പിടിച്ചുപറ്റാന്‍ ഇതിനകം താരത്തിന് സാധിച്ചു. സീസണില്‍ ഇതുവരെ 13 ലീഗ് ഗോളുകള്‍ അക്കൗണ്ടിലാക്കിയ ലെവക്ക് ബാഴ്‌സലോണയെ സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിലും പങ്കുവഹിക്കാനായി.
ടീമിലെ യുവതാരങ്ങളെ കൃത്യമായി നയിക്കുന്നതിലും പ്രഗത്ഭനായ പോളിഷ് സ്‌ട്രൈക്കര്‍ തന്റെ കഴിവ് തെളിയിച്ചിട്ടിട്ടുണ്ട്. ബ്ലൂഗ്രാനയിലെ തന്റെ ഇഷ്ട താരത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോള്‍ ലെവന്‍ഡോസ്‌കി.
ബാഴ്സയില്‍ കാര്യങ്ങള്‍ പെട്ടെന്ന് മനസിലാക്കുന്ന താരമാണ് പെഡ്രിയെന്നാണ് ലെവന്‍ഡോസ്‌കി പറഞ്ഞത്. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം കളിക്കാന്‍ എളുപ്പമാണെന്നും ലെവന്‍ഡോസ്‌കി പറഞ്ഞു. എല്‍ എക്വിപ്പയോടാണ് ലെവന്‍ഡോസ്‌കി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘പെഡ്രിയെ പോലെ ഫുട്ബോള്‍ മനസിലാക്കുന്ന താരങ്ങളെ എനിക്കിഷ്ടമാണ്. അവന് കാര്യങ്ങള്‍ പെട്ടെന്ന് മനസിലാക്കാന്‍ പറ്റുന്നതുകൊണ്ട് അവനോടൊപ്പം കളിക്കാന്‍ എളുപ്പമാണ്. ബാഴ്സയിലെ യുവതാരങ്ങള്‍ ഇംഗ്ലീഷ് സംസാരിക്കില്ല. അതുകൊണ്ട് എന്റെ സ്പാനിഷ് ഇംപ്രൂവ് ചെയ്യണം. പക്ഷെ അതൊന്നും വിഷയമുള്ള കാര്യമല്ല. ഞങ്ങള്‍ മറ്റൊരു ഭാഷയിലാണ് സംസാരിക്കുന്നത്. ഫുട്ബോളിന്റെ ഭാഷ,’ ലെവന്‍ഡോസ്‌കി പറഞ്ഞു.
ബാഴ്‌സലോണയില്‍ മെസിക്കൊപ്പം കളം പങ്കുവെച്ചിട്ടുള്ള താരമാണ് പെഡ്രി. താരത്തിന്റെ കഴിവ് മറ്റാരെക്കാളും മുന്നേ കണ്ടെത്തി അദ്ദേഹത്തെ ഈ നിലയില്‍ എത്തിക്കുന്നതില്‍ മെസി നിര്‍ണായക പങ്കുവെച്ചിട്ടുണ്ടെന്ന് മുന്‍ ബാഴ്‌സലോണ പരിശീലകന്‍ കൂമാന്‍ പറഞ്ഞിരുന്നു.
2021 മാര്‍ച്ചിലാണ് പെഡ്രി ലാ റോജ സീനിയര്‍ സെറ്റപ്പില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് താരം 18 ക്യാപ്പുകള്‍ നേടി ടീമിലെ പ്രധാന താരമായി മാറുകയായിരുന്നു. 2020 യൂറോ കപ്പിലും 2022 ലോകകപ്പിലും പെഡ്രി സ്പാനിഷ് ടീമിന്റെ ഭാഗമായിരുന്നു. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരമെന്ന ഖ്യാതി നേടാനും പെഡ്രിക്ക് സാധിച്ചിരുന്നു.
Content Highlights: Lewandowski praises Pedri