|

ബയേണിനെ പൂട്ടാനുള്ള തന്ത്രം ലെവന്‍ഡോസ്‌കിയുടെ വക; ഒലിവര്‍ ഖാന്റെ സ്ട്രാറ്റജി വെള്ളത്തിലാക്കാന്‍ മുന്‍ താരം, ഇത് സാവിയുടെ രാജതന്ത്രം

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ളത്. ബാഴ്‌സയെ 8-2ന് തോല്‍പിച്ചതിനും യു.എസി.എല്‍ ഗ്രൂപ്പ് സെലക്ഷനിടെ ഒലിവര്‍ ഖാന്റെ പുച്ഛിച്ചുള്ള ചിരിക്കും മറുപടി നല്‍കാനാണ് ബാഴ്‌സ ഇറങ്ങിപ്പുറപ്പെടുന്നത്.

ബാഴ്‌സയെ നിലം പരിശാക്കിയ ആ മത്സരത്തില്‍ ബയേണിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഇന്ന് ബാഴ്‌സക്കൊപ്പമാണ്. താരത്തിന്റെ അഭാവം ചില്ലറയൊന്നുമല്ല ബുണ്ടസ് ലീഗ ജയന്റ്‌സിനെ തളര്‍ത്തിയത്.

ഈ സമ്മറിലായിരുന്നു എതിരാളികളെ ഞെട്ടിച്ച് ബാഴ്‌സ പോളിഷ് ഗോളടിയന്ത്രത്തെ ടീമിലെത്തിച്ചത്. ഈ 34കാരനെ ടീമിലെത്തിച്ച് ബാഴ്‌സ എന്തിനാണ് ഒരുങ്ങുന്നതെന്ന് ലെവന്‍ഡോസ്‌കി കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ എതിരാളികള്‍ക്ക് ബോധ്യപ്പെട്ടിരുന്നു.

യു.എസി.എല്ലിലെ തീ പാറും പോരാട്ടത്തില്‍ സ്‌പോട്‌ലൈറ്റ് സ്റ്റീലര്‍ ലെവന്‍ഡോസ്‌കിയാകുമെന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടാകാന്‍ പോകുന്നില്ല. മത്സരത്തിന് മുമ്പ് തന്നെ തന്റെ പഴയ ടീമിന് എട്ടിന്റെ പണിയാണ് കൊടുക്കാന്‍ ഒരുങ്ങുന്നത്. കാരണം ബയേണിനെ പൂട്ടിക്കെട്ടാന്‍ ബാഴ്‌സ പയറ്റുന്നത് ലെവന്‍ഡോസ്‌കി ഉപദേശിക്കുന്ന തന്ത്രമായിരിക്കും.

കഴിഞ്ഞ എട്ട് സീസണ്‍ ബവാരിയന്‍സിനൊപ്പം ചെലവിട്ട ലെവന്‍ഡോസ്‌കിക്ക് ബയേണിന്റെ തന്ത്രങ്ങളെ കുറിച്ച് ഏകദേശ ധാരണയുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ഒരു എക്‌സ്ട്രാ മിഡ് ഫീല്‍ഡറെ കളത്തിലിറക്കാന്‍ ലെവന്‍ഡോസ്‌കി കോച്ച് മാനേജര്‍ സാവിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു അറ്റാക്കറെ വലിച്ച്, പകരം ഒരു മിഡ്ഫീല്‍ഡറെ ഇറക്കി ബോള്‍ പൊസെഷനില്‍ ആധിപത്യം സ്ഥാപിക്കാനാവും ബാഴ്‌സയുടെയും ലെവയുടെയും ശ്രമമെന്ന് എന്‍ നാഷണല്‍ (El Nacional) റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ തന്ത്രം പയറ്റുകയാണെങ്കില്‍ ബയേണിന് പന്തിന് പിന്നാലെ കൂടുതല്‍ ഓടേണ്ടി വരും.

ലെവയുടെ തന്ത്രമാണ് ബാഴ്സ പയറ്റുന്നതെങ്കില്‍ സാവി തന്റെ പ്രിയ ഫോര്‍മേഷനായ 4-3-3ല്‍ നിന്നും മാറി മേറ്റേതെങ്കിലും തരത്തില്‍ ടീമിനെ വിന്യസിക്കേണ്ടി വരും.

ലെവന്‍ഡോസ്‌കിയുടെ ഉപദേശം സാവി ചെവിക്കൊള്ളുകയാണെങ്കില്‍ സൂപ്പര്‍ താരം റഫീന്യക്ക് സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥാനം നഷ്ടപ്പെട്ടേക്കും. ഫ്രാങ്ക് ഡി ജോങ്ങായിരിക്കും പകരം ഇറങ്ങുന്നത്.

ബാഴ്‌സയുമായുള്ള മത്സരത്തെ അല്‍പം പേടിയോടെ തന്നെയാണ് ബയേണ്‍ കാണുന്നത്. ലെവന്‍ഡോസ്‌കി കൂടൊഴിഞ്ഞത് ടീമിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സംഘാടകര്‍ താരത്തെ ബയേണിലേക്ക് തിരിച്ചുവിളിക്കാനൊരുങ്ങുകയുമാണെന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ലെവന്‍ഡോസ്‌കി ശക്തനായ പോരാളിയാണെന്നും ടീമിനെതിരെ താരം ബൂട്ടു കെട്ടുന്നതോര്‍ത്ത് ആധിയുണ്ടെന്നും ബയേണിന്റെ സ്പോര്‍ടിങ് ഡയറക്ടര്‍ ഹസന്‍ സാലിഹാമിഡ്സിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ 14ന് നടക്കുന്ന മത്സരത്തില്‍ ബാഴ്‌സുടെ പ്രതികാരത്തിനാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.

Content highlight:  Lewandowski makes special request to Xavi over team selection for Bayern vs Barca clash