| Sunday, 26th March 2023, 1:16 pm

ബാഴ്‌സലോണയിലേക്കല്ല, റയലിലേക്ക് പോകാനായിരുന്നു താരം ഇഷ്ടപ്പെട്ടിരുന്നത്; സൂപ്പര്‍താരത്തിന്റെ ട്രാന്‍സ്ഫര്‍ വിവരങ്ങള്‍ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ബയേണ്‍ മ്യൂണിക്കിന്റെ ഗോളടി യന്ത്രം എന്നറിയപ്പെട്ടിരുന്ന പോളണ്ട് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി കഴിഞ്ഞ സീസണിലാണ് ബാഴ്സലോണയിലെത്തിയത്. 34കാരനായ താരത്തെ 45 മില്യണ്‍ യൂറോക്ക് ക്ലബ്ബിലെത്തിച്ചതിന് പലരും ബാഴ്സയെ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ബാഴ്സയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വിമര്‍ശിച്ചവരുടെ പ്രീതി പിടിച്ചുപറ്റുകയാണ് താരം ഇപ്പോള്‍. സീസണില്‍ ഇതുവരെ ബാഴ്‌സലോണക്കായി 25 ഗോളുകള്‍ അക്കൗണ്ടിലാക്കിയ ലെവക്ക് ബാഴ്സലോണയെ സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിക്കാനായി.

ലെവന്‍ഡോസ്‌കിയെ മുന്നില്‍ കണ്ടാണ് ബാഴ്സയുടെ നിലവിലെ കുതിപ്പ്. ടീമിലെ യുവതാരങ്ങളെ കൃത്യമായി നയിക്കുന്നതിലും പ്രഗത്ഭനായ പോളിഷ് സ്ട്രൈക്കര്‍ കഴിവ് തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ ബാഴ്സലോണയുമായി സൈന്‍ ചെയ്യുന്നതിന് മുമ്പ് ലെവ റയല്‍ മാഡ്രിഡിലേക്ക് ചേക്കാറിനിരിക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

2021ല്‍ ബയേണ്‍ മ്യൂണിക്ക് വിടാനൊരുങ്ങിയ ലെവന്‍ഡോസ്‌കി മറ്റൊരു ക്ലബ്ബിനെ കണ്ടെത്താന്‍ ഏജന്റിനോട് ആവശ്യപ്പെട്ടിരുന്നെന്നും റയല്‍ മാഡ്രിഡായിരുന്നു ആ സമയത്തെ താരത്തിന്റെ ഫസ്റ്റ് ചോയ്‌സ് എന്നുമായിരുന്നു റിപ്പോര്‍ട്ട്. റെലെവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ട് പ്രകാരം രണ്ട് കാരണങ്ങള്‍ മുന്‍ നിര്‍ത്തി റയല്‍ മാഡ്രിഡ് താരത്തെ സൈന്‍ ചെയ്യിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. വമ്പന്‍ തുകയാണ് ബയേണ്‍ താരത്തിനായി ആവശ്യപ്പെട്ടിരുന്നത്.

34 വയസുള്ള താരത്തിന് ഇത്രയും തുക മുടക്കാന്‍ റയല്‍ മാഡ്രിഡിന് താല്‍പര്യമുണ്ടായിരുന്നില്ല. ഇതിനുപുറമെ മികച്ച ഫോമില്‍ കളിച്ചിരുന്ന കരിം ബെന്‍സെമയില്‍ പെരസ് വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

ഇന്ന് നടക്കാനിരിക്കുന്ന സ്പാനിഷ് സൂപ്പര്‍കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ ഇറങ്ങാനിരിക്കയാണ് റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ബാഴ്‌സലോണയില്‍ എത്തിയതിനു ശേഷം ആദ്യത്തെ കിരീടം നേടാന്‍ ലെവന്‍ഡോസ്‌കിക്കുള്ള അവസരമാണ് ഈ മത്സരം.

ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇനിയില്ലെന്നതിനാല്‍ തന്നെ സാധ്യമായ മറ്റു കിരീടങ്ങളെല്ലാം നേടിയെടുക്കാനാവും ബാഴ്‌സയും ലെവയും ശ്രമിക്കുക.

അതേസമയം, ലാ ലിഗയില്‍ 26 മത്സരങ്ങളില്‍ നിന്നും 22 വിജയങ്ങളുമായി 68 പോയിന്റോടെ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ.

ഏപ്രില്‍ രണ്ടിന് എല്‍ച്ചെക്കെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.

Content Highlights: Lewandowski loved to sign with Real Madrid before signing with Barcelona

We use cookies to give you the best possible experience. Learn more