മുന്‍ കാലങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായിരുന്നു സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ. എന്നാല്‍ കഴിഞ്ഞ കുറച്ചുകൊല്ലമായി ടീമിന് കഷ്ടകാലമായിരുന്നു.
ടീമില്‍ നിന്നും പല സൂപ്പര്‍ താരങ്ങളും കൂടുമാറ്റം നടത്തിയിരുന്നു. ലയണല്‍ മെസിയുടെ കൂടുമാറ്റം ടീമിനെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. എന്നാല്‍ പുതിയ കോച്ച് മുന്‍ ബാഴ്‌സ താരമായിരുന്ന സാവിയുടെ കീഴില്‍ തിരിച്ചുവരവിന്റെ പാതയിലാണ് ടീമിപ്പോള്‍.
സാവിയുടെ കീഴില്‍ തിരിച്ചുവരാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ബാഴ്സലോണയുടെ മുഖമാകാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ് ബയേണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍ താരം റോബര്‍ട്ട ലെവന്‍ഡോസ്‌കി.
ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നു പോയ ബാഴ്സ യൂറോപ്പില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ തയ്യാറെടുക്കുവാണ്. ക്ലബ്ബിന്റെ ഉയര്‍ത്തേഴുന്നേല്‍പ്പില്‍ മുന്‍നിരയില്‍ താനുമുണ്ടാകണമെന്ന ആഗ്രഹം ലെവക്കുണ്ട്. അതുകൊണ്ടാണ് കാറ്റലന്‍ ക്ലബിലേക്കുള്ള ട്രാന്‍സ്ഫര്‍ ലെവന്‍ഡോസ്‌കി പരിഗണിക്കുന്നതെന്ന് പോളിഷ് ജേണലിസ്റ്റ് തോമസ് വ്‌ലോടാര്‍സിക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ബയേണ്‍ മ്യൂണിക്കിനൊപ്പം നേടാവുന്നതെല്ലാം നേടിയ ലെവന്‍ഡോസ്‌കിയുടെ കരാറില്‍ ഇനി ഒരു വര്‍ഷം മാത്രമേ ബാക്കിയുള്ളൂ. കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലാത്ത താരം ബയേണ്‍ മ്യൂണിക്ക് വിടാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും താന്‍ പരിഗണിക്കുന്നത് ബാഴ്സലോണയുടെ ഓഫര്‍ മാത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലെവന്‍ഡോസ്‌കിയെ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ബയേണ്‍ മ്യൂണിക്ക് ഇതുവരെയും തീരുമാനമൊന്നും എടുത്തിട്ടില്ല.
അതേസമയം ബാഴ്സലോണയിലേക്ക് ചേക്കേറുന്നതിലൂടെ സാവിക്കു കീഴില്‍ ക്ലബ് നടത്താനുദ്ദേശിക്കുന്ന വിപ്ലവ മാറ്റങ്ങളില്‍ പങ്കാളിയാവുകയും അതില്‍ പ്രധാനിയായി മാറുകയുമാണ് ലെവന്‍ഡോസ്‌കിയുടെ ലക്ഷ്യമെന്നാണ് തോമസ് വ്‌ലോടാര്‍സിക്ക് വെളിപ്പെടുത്തുന്നത്. യൂറോപ്പിലെ മറ്റെല്ലാ ക്ലബുകളും മികച്ച നിലയില്‍ തുടരുമ്പോള്‍ ബാഴ്സലോണക്ക് നഷ്ടമായ മേധാവിത്വം തിരിച്ചു നല്‍കാന്‍ വേണ്ടി തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ ലെവന്‍ഡോസ്‌കി ശ്രമിക്കുമെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
2018-19 സീസണില്‍ ലീഗ് കിരീടം നേടിയതിനു ശേഷം ഇതുവരെ ലാ ലീഗ നേടാന്‍ കഴിയാതിരുന്ന ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗിലും മോശം പ്രകടനമാണ് നടത്തുന്നത്. ലയണല്‍ മെസി കഴിഞ്ഞ സീസണിലായിരുന്നു ക്ലബ്ബ് വിട്ടത്.
കഴിഞ്ഞ യു.സി.എല്ലില്‍ ഗ്രൂപ് സ്റ്റേജില്‍ പുറത്തായതോടെ യൂറോപ്പ ലീഗില്‍ കളിക്കേണ്ടി വന്ന ബാഴ്സലോണ സാവി പരിശീലകനായി എത്തിയതോടെ കൂടുതല്‍ മികവു കാണിക്കുന്നുണ്ട്. അടുത്ത സീസണില്‍ ടീം കൂടുതല്‍ കരുത്തു കാട്ടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlights: Lewandoski wants to be face of Barcelona