ബാഴ്‌സയിലേക്ക് കരുത്തനെത്തുന്നു; ലെവന്‍ഡോസ്‌ക്കി ബാഴ്‌സയിലേക്കെന്ന് റിപ്പോട്ടുകള്‍!
Football
ബാഴ്‌സയിലേക്ക് കരുത്തനെത്തുന്നു; ലെവന്‍ഡോസ്‌ക്കി ബാഴ്‌സയിലേക്കെന്ന് റിപ്പോട്ടുകള്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 31st May 2022, 4:03 pm

ബയേണ്‍ മ്യൂണിക്കിന്റെ എക്കാലത്തേയും വലിയ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് നെതര്‍ലാന്‍ഡ്സ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കി. എന്നാല്‍ താരമിപ്പോള്‍ ബയേണ്‍ മ്യൂണിക്ക് വിടുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

2023 വരെയാണ് ലെവയുടെ ബയേണുമായുള്ള കരാര്‍. എന്നാല്‍ ബയേണിലെ തന്റെ കാലം അവസാനിച്ചു എന്നാണ് താരം വിശ്വസിക്കുന്നത്. പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ട്വിറ്ററില്‍ ഈ കാര്യം റിപ്പോര്‍ട്ട് ചെയതത്.

അതേസമയം താരം പ്രമുഖ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലേക്കാണ് കൂടുമാറ്റം നടത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാഴസയിലേക്ക് ലെവയെ കൊണ്ടുവരാന്‍ ടീം മാനേജര്‍ സാവി ബയേണുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അത് എളുപ്പമാകില്ല എന്നാണ് സാവിയുടെ വിലയിരുത്തല്‍.

‘ബാഴ്‌സയിലേക്കുള്ള എന്റെ കൂടുമാറ്റം ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ്, എനിക്ക് ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നില്‍ക്കുന്നത് ഇഷ്ടമല്ല. എനിക്ക് ഉറപ്പുള്ള കാര്യം എന്താണെന്ന് വെച്ചാല്‍ ബയേണിലെ എന്റെ സമയം കഴിഞ്ഞെന്നാണ്’, ലെവ പറഞ്ഞു.

ബയേണില്‍ തുടരാനുള്ള ഒരു ചാന്‍സും താന്‍ കാണുന്നില്ല, വരുന്ന ആഴ്ചകളില്‍ തന്നെ ഇതിനൊരു തീരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കും. പോളണ്ടിന് വേണ്ടി കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

സ്‌പോര്‍ട്ട് എന്ന വെബ്‌സൈറ്റുമായുള്ള അഭിമുഖത്തിലാണ് താരം തന്റെ മനസ് തുറക്കുന്നത്. 2023 വരെയാണ് ബയേണുമായുള്ള ലെവയുടെ കരാര്‍. എന്നാല്‍ അതുവരെ തുടരാന്‍ താല്‍പര്യമില്ലെന്ന് താരം അറിയിച്ചു. ബയേണിനായി 374 കളിയില്‍ നിന്നും 344 ഗോളുകള്‍ ലെവ നേടിയിട്ടുണ്ട്.

2023 വരെ കരാര്‍ ഉണ്ടെങ്കിലും ഈ സമ്മറില്‍ തന്നെ ടീമില്‍ നിന്നും പോകണമെന്നാണ് ലെവന്‍ഡോസ്‌ക്കിയുടെ ആഗ്രഹം.

അതേസമയം ബാഴ്‌സ കോച്ച് സാവിയോട് ലെവ മൂവിനെ കുറിച്ച് ചോദിച്ചപ്പോള്‍. അതിനൊരു സാധ്യത കാണുന്നുണ്ട്, എന്നാല്‍ 2023 വരെ ബയേണുമായി കരാറുള്ളതിനാല്‍ അത്ര എളുപ്പമാകില്ലെന്നും സാവി പറഞ്ഞു.

എന്തായാലും ലയണല്‍ മെസിക്ക് ശേഷം ഒരു എക്‌സ് ഫാക്ടെറ തേടുന്ന ബാഴ്‌സയ്ക്ക് ലെവന്‍ഡോസ്‌കി എത്തിയാല്‍ അത് ക്ലബ്ബിനും ആരാധകര്‍ക്കും ഒരുപോലെ ആശ്വാസമുള്ള വാര്‍ത്തയായിരിക്കും.

താന്‍ ടീമില്‍ ഉണ്ടായിരുന്നിട്ടും മുന്‍ ബോറൂസിയ ഡോര്‍ട്മുണ്ട് സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ്ങ് ഹാലണ്ടിനെ ബയേണ്‍ ടീമിലെത്തിക്കാന്‍ ശ്രമിച്ചതിനാണ് താരം ടീം വിടുന്നതെന്നാണ് ആരാധകര്‍ക്കിടയിലെ അഭ്യൂഹങ്ങള്‍.

എന്തായാലും മെസി, റൊണാള്‍ഡൊ എന്നീ താരങ്ങളുടെ ട്രാന്‍സ്ഫറുകള്‍ക്ക് ശേഷം ഫുട്‌ബോള്‍ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കാന്‍ പോകുന്ന ട്രാന്‍സ്ഫറായിരിക്കും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടേത്.

Content Highlights: Lewandoski says his career at bayern is ended