ബുണ്ടസ് ലിഗയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ബയേണ്‍ മ്യൂണിക്കിന്റെ എക്കാലത്തേയും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളാണ് റോബര്‍ട്ട് ലെവന്‍ഡോസ്‌കി. എന്നാല്‍ തന്റെ ബയേണിലെ കാലഘട്ടം കഴിഞ്ഞുവെന്ന് താരം വ്യക്തമാക്കിയിരുന്നു.
സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ താരത്തെ സ്വന്തമാക്കാനായി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ ബയേണുമായി 2023 വരെ കരാറുള്ള ലെവയെ ടീമിലെത്തിക്കാന്‍ എളുപ്പല്ല എന്നായിരുന്നു ബാഴ്‌സ കോച്ച് സാവി പറഞ്ഞത്.
ഇപ്പോഴിതാ ബയേണും ഞാനും ശത്രുക്കള്‍ അല്ലെന്നും ടീം എന്റെ ആവശ്യത്തിനനുസരിച്ച് കരാര്‍ ഒഴിവാക്കിതരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞിരിക്കുകയാണ് ലെവന്‍ഡോസ്‌കി. നേരത്തെ ഒരു അഭിമുഖത്തില്‍ ബാഴ്‌സയുടെ കാര്യം പരിഗണനയിലുണ്ടെന്നും താരം പറഞ്ഞിരുന്നു.
‘എന്റെ കരാര്‍ അവസാനിക്കുന്നത് വരെ എന്നെ നിലനിര്‍ത്തുന്നതിനേക്കാള്‍ എനിക്ക് കിട്ടുന്ന പണം ബയേണിന് വേറെ എവിടെയെങ്കിലും നിക്ഷേപിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. ഒന്നും ഫോഴ്‌സ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. രണ്ട് പേര്‍ക്കും ഗുണമുണ്ടാകുന്ന പരിഹാരം കണ്ടെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ലെവ പറഞ്ഞു.
അതേസമയം ബയേണ്‍ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണെന്നും, ഒരുപാട് പേര്‍ ആ ക്ലബ്ബില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
‘ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നാണ് ബയേണ്‍. നിരവധി കളിക്കാരുടെ സ്വപ്ന ക്ലബ്ബാണ്. അതുകൊണ്ട് ഈ ഡ്രാമ അവസാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ ശത്രുക്കളല്ല. ഞങ്ങള്‍ ഒരുമിച്ച് ഒരു കരാറിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ ലെവ കൂട്ടിച്ചേര്‍ത്തു.
2014ല്‍ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും ബയേണിലേക്കെത്തിയ ലെവ ബയേണിനായി 373 കളിയില്‍ നിന്നും 344 ഗോള്‍ നേടിയിട്ടുണ്ട്. ബയേണിന്റെ കൂടെ എട്ട് തവണ ബുണ്ട്‌സ് ലിഗ കിരീടവും താരം നേടിയിട്ടുണ്ട്.
എന്നാല്‍ താരം ബയേണ്‍ വിടുന്ന വാര്‍ത്ത നല്ല രീതിയില്ല ആരാധകര്‍ എടുത്തത്. ലെവന്‍ഡോസ്‌കിയെ സെല്‍ഫിഷ് എന്ന് വിളിച്ചാണ് ആരാധകര്‍ രോഷം തീര്‍ക്കുന്നത്. എന്നാല്‍ ഇതിനും മറുപടി താരത്തിന്റെ കയ്യിലുണ്ട്. തന്നെ ആരാധകര്‍ എന്നെങ്കിലും മനസിലാക്കുമന്നാണ് താരം പറഞ്ഞത്.
Lewandowski doing his absolute best to make himself the most hated player on the planet. Bayern fans were the only ones protecting him, now 90% of them despise him.
Man wanted a new “challenge,” well that challenge is now repairing a damaged legacy. pic.twitter.com/XOYc3wpPCs
‘അല്ല ഇത് സെല്‍ഫിഷല്ല, ബയേണില്‍ എനിക്കുണ്ടായിരുന്ന ആരാധകരെയും ബഹുമതിയും എനിക്കറിയാം അതിന് ഞാന്‍ എന്നും ബഹുമാനം കൊടുക്കും. കഴിഞ്ഞ എട്ട് വര്‍ഷമായി ക്ലബ്ബിനെയും ആരാധകരെയും നിരാശപ്പെടുത്താതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എനിക്കറിയാം,’ ലെവ പറഞ്ഞു.
‘ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഞാന്‍ എപ്പോഴും എന്റെ ബെസ്റ്റ് തന്നെ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. ബയേണ്‍ ആരാധകരെ ഞാന്‍ ഒരുപാട് അഭിനന്ദിക്കുന്നു. എന്റെ അവസ്ഥയെക്കുറിച്ച് ഞാന്‍ സത്യസന്ധനല്ലെങ്കില്‍, ഞാന്‍ ആരാധകരോട് നീതി പുലര്‍ത്തിയില്ലെന്ന് എനിക്ക് തോന്നും. ആരാധകര്‍ക്ക് അവരുടേതായ ഒരുപാട് വികാരങ്ങള്‍ ഉണ്ടെന്ന് എനിക്കറിയാം, പക്ഷേ ആരാധകര്‍ എന്നെ ഒരു ഘട്ടത്തില്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ താരം തുടര്‍ന്നു.
മാര്‍ക്കൊ എന്ന ചാനലില്‍ കൊടുത്ത അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്.
താരത്തിന്റെ ബാഴ്‌സയിലേക്കുള്ള നീക്കത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ലെവന്‍ഡോസ്‌കിയെ പോലൊരു താരം ഏത് ടീമിലും സ്യൂട്ടാകുമെന്നാണ് ബാഴ്‌സയുടെയും ബയേണിന്റെയും മുന്‍ കോച്ചായിരുന്ന പെപ് ഗ്വാര്‍ഡിയോളയുടെ അഭിപ്രായം.
എന്തായാലും മെസി, റൊണാള്‍ഡൊ എന്നീ താരങ്ങളുടെ ട്രാന്‍സ്ഫറുകള്‍ക്ക് ശേഷം ഫുട്ബോള്‍ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കാന്‍ പോകുന്ന ട്രാന്‍സ്ഫറായിരിക്കും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടേത്.