മനുഷ്യ മനസുപോലെ നിഗൂഢമായൊരു സാങ്കല്പിക ലോകത്തേക്ക് സ്വാഗതം എന്ന ആമുഖത്തോടെയാണ് ലെവൽ ക്രോസ് നമുക്ക് മുന്നിൽ തുറക്കപ്പെടുന്നത്. പ്രത്യേകിച്ചൊരു കാലമോ സമയമോ പറയാതെ തീർത്തും വ്യത്യസ്തമായൊരു ലോകം തന്നെയാണ് ലെവൽ ക്രോസിൽ അവതരിപ്പിക്കുന്നത്. ഒരു പ്രദേശത്തിന്റെ പേര് പോലും പറയാതെ തന്നെ സംവിധായകൻ അർഫാസ് അയൂബ് പ്രേക്ഷകരെ സിനിമയിലേക്ക് കൊണ്ടുപോകുന്നുണ്ട്.
മലയിടുക്കുകൾക്കിടയിൽ മണലാരണ്യമെന്നു തോന്നിക്കുന്ന ഒരു കൊച്ചു പ്രദേശത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്ന ആളാണ് രഘു. അയാൾക്ക് കൂട്ടായി ഒരു കഴുതയും ആടുകളും കൃഷിയുമൊക്കെയുണ്ട്. സംസാരിക്കാൻ ആരുമില്ലാത്ത രഘു തന്റെ കഴുതയോടാണ് എല്ലാം പങ്കുവെക്കാറുള്ളത്. ദൂരെ ദേശത്തിൽ നിന്ന് വല്ലപ്പോഴും കടന്നു പോകുന്ന തീവണ്ടി മാത്രമാണ് അയാൾക്ക് പുറം ലോകമായുള്ള ബന്ധം. ആരും വരാനില്ലെങ്കിലും വണ്ടികൾ ഒന്നും കടന്ന് പോവാൻ ഇല്ലെങ്കിലും എന്നും പുലർച്ചെ 4 .15 ന് അയാൾ മുഷിഞ്ഞ യൂണിഫോമുമിട്ട് ആ ലെവൽ ക്രോസിൽ കാവലിരിക്കും. പതിനാറു മണിക്കൂർ വൈകിയോടുന്ന തീവണ്ടിയാണെങ്കിലും അയാൾ ആ പണി കഴിഞ്ഞ ശേഷം മാത്രമാണ് തന്റെ മറ്റ് പണികളിലേക്ക് കടക്കുകയുള്ളൂ.
രഘുവിന്റെ ജീവിതത്തിനിടയിലേക്ക് ഒരു നാൾ അപ്രതീക്ഷിതമായി ചേതലി എന്ന കഥാപാത്രം വരുന്നതോടെയാണ് ലെവൽ ക്രോസിന്റെ കാണാപ്പുറങ്ങൾ പ്രേക്ഷകർ അറിയുന്നത്. രഘുവായി വേഷമിട്ട ആസിഫിന്റെയും ചേതലിയായി കടന്നു വരുന്ന അമല പോളിന്റെയും ഗംഭീര പ്രകടനം ലെവൽ ക്രോസിൽ കാണാം. വളരെ ചുരുങ്ങിയ കഥാപാത്രങ്ങൾ മാത്രമുള്ള സിനിമയിൽ കാണികളെ പിടിച്ചിരുത്തുന്നതിൽ സംഭാഷണങ്ങൾ നന്നായി വിജയിക്കുന്നുണ്ട്.
ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമാണ് ലെവൽ ക്രോസ്സ്. മണൽ കാറ്റും കുന്നിൻ ചെരുവിലെ തണുപ്പും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അപ്പു പ്രഭാകറിന്റെ ക്യാമറ കണ്ണുകളും വിശാൽ ചന്ദ്രശേഖറിന്റെ സംഗീതവും വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതിൽ മികച്ച വൈഡ് ആംഗിൾ ഷോട്ടുകൾ ചിത്രത്തിലുടനീളം കാണാം. കഥാപാത്രങ്ങളുടെ ഇമോഷൻസ് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ചിത്രത്തിന്റെ തിരക്കഥയും നന്നായി സഹായിക്കുന്നുണ്ട്.
സംവിധായകൻ അർഫാസ് അയൂബിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ആദം അയൂബ് ആണ് സിനിമയുടെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. രണ്ട് ഗാനങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടും സിറ്റുവേഷനുമായി ചേർന്ന് നിൽക്കുന്നവയായിരുന്നു. അമല പോൾ പാടിയ എന്റെ പിന്നിലെ രൂപം എന്ന ഗാനം ഏൻഡ് ക്രെഡിറ്റിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
റോണക്സ് സേവ്യറിന്റെ മേക്കപ്പ് എടുത്തു പറയേണ്ട ഘടകമാണ്, പ്രകടനത്തിലും രൂപത്തിലും മുമ്പൊന്നും കാണാത്ത ആസിഫ് അലിയെ സിനിമയിൽ കാണാം. പ്രേം നവാസിന്റെ കല സംവിധാനവും സിനിമയുടെ വലിയ പോസിറ്റീവാണ്.
തലവൻ എന്ന വിജയ ചിത്രത്തിന് ശേഷം വരുന്ന ആസിഫ് അലി ചിത്രമെന്ന നിലയിൽ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ലെവൽ ക്രോസിന് കാത്തിരുന്നത്. പ്രതീക്ഷക്കൊത്ത മികച്ച സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ആടുജീവിതത്തിന് ശേഷം വരുന്ന അമല പോളിന്റെ സിനിമയാണ് ലെവൽ ക്രോസ്സ്. താരത്തിന്റെ പ്രകടനത്തിലെ കയ്യടക്കം വലിയ രീതിയിൽ ചിത്രത്തെ സഹായിക്കുന്നുണ്ട്. രഘുവിന്റെയും ചേതനിയുടെയും കഥകളിൽ വരുന്ന കഥാപാത്രങ്ങളിൽ പ്രധാനി ഷറഫുദ്ധീൻ അവതരിപ്പിക്കുന്ന സിൻജോയാണ്. വ്യത്യസ്ത വിവരണങ്ങളിൽ രണ്ടു തരത്തിലാണ് ഷറഫുവിനെ സംവിധായകൻ അവതരിപ്പിക്കുന്നത്. രണ്ടു തലവും അദ്ദേഹത്തിൽ ഭദ്രമായിരുന്നു.
സിനിമയുടെ മൊത്തം സ്വഭാവം പോലെ മിസ്റ്ററി നിറഞ്ഞ കഥാപാത്രങ്ങളാണ് ഇവർ മൂന്നു പോരും. മൂന്ന് പേർക്കും ഒരുപോലെ വേണ്ടത് സമാധാനമാണ്. ഓരോ പ്രേക്ഷകരുടെയും മനസിന്റെ കാണാപ്പുറങ്ങൾ തേടി പോവുന്ന കവാടമായി ലെവൽ ക്രോസ്സ് മാറുന്നുണ്ട്. എന്തായിരുന്നു ശരി, ആരാണ് സത്യമെന്ന് ആലോചിക്കാൻ കാണികളെ ആ സങ്കല്പ ലോകത്തു ബാക്കിയാക്കിയാണ് ഈ റെയിൽവേ ഗേറ്റ് സംവിധായകൻ അടക്കുന്നത്.
സംവിധായകൻ ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ ചില സിനിമകളിലെ പോലെ ചെറിയ ട്വിസ്റ്റുകളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. ആദ്യ ചിത്രമെന്ന നിലയിൽ അർഫാസ് അയൂബ് എന്ന സംവിധായകൻ വലിയ കയ്യടി അർഹിക്കുന്നുണ്ട്. മൊത്തത്തിൽ മലയാളത്തിൽ അധികം പറഞ്ഞിട്ടിലാത്ത വ്യത്യസ്ത പശ്ചാത്തലത്തിൽ കഥ പറയുന്ന മറ്റൊരു ലെവലിലുള്ള ചിത്രമാണ് ലെവൽ ക്രോസ്.