ഇന്ത്യൻ പനോരമയിൽ തിളങ്ങാൻ ആസിഫ് അലി ചിത്രം ലെവൽ ക്രോസ്
Entertainment
ഇന്ത്യൻ പനോരമയിൽ തിളങ്ങാൻ ആസിഫ് അലി ചിത്രം ലെവൽ ക്രോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th October 2024, 8:04 pm

ആസിഫ് അലി നായകനായി അമല പോളും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ‘ലെവൽ ക്രോസ് ‘ ഇന്ത്യൻ പനോരമയിലെ മത്സര ചിത്രങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഐ. എഫ്. എഫ്. ഐ 2024 ൽ 650 ഓളം ചിത്രങ്ങളിൽ നിന്നാണ് ലെവൽ ക്രോസ് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നു മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടത്.

ചിത്രത്തിന്റെ സംവിധാന മികവുകൊണ്ടും അവതരണ രീതിയിലെ പ്രത്യേകത കൊണ്ടും അതിലുപരി ആസിഫ് അലി, അമലാപോൾ, ഷറഫുദ്ദീൻ എന്നീ താരങ്ങളുടെ വേറിട്ട അഭിനയം കൊണ്ടും ചിത്രം ശ്രദ്ധ നേടിയിരുന്നു. റെക്കോഡ് തുകക്കാണ് ചിത്രം ആമസോൺ ഏറ്റെടുത്തത്. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം കണ്ട കാഴ്ചക്കാരുടെ എണ്ണത്തിൽ മുന്നിലെത്താനും സാധിച്ചു.

അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പി.പിള്ള നിർമിച്ച് ജീത്തു ജോസഫ് അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ജീത്തു ജോസഫിന്റെ പ്രധാന ശിഷ്യനായ അർഫാസ് അയൂബാണ്. ചിത്രത്തിൻ്റെ ക്ലാസിക് ട്രീറ്റ്‌മെൻ്റും സ്റ്റൈലിഷ് സമീപനവും ഇതിന് ഒരു അന്തർദേശീയ രൂപവും ഭാവവും നൽകിയിരുന്നു. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ബിഗ് ബഡ്ജറ്റ് മൂവിയായ  ‘റാം’   എന്ന മോഹൻലാൽ  ചിത്രത്തിന്റെ നിർമാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ്.പി.പിള്ളയുടെ റിലീസിന് എത്തിയ ആദ്യ മലയാള ചിത്രവുമാണിത്.

സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കിയ ആദ്യ മലയാള ചിത്രവുമാണിത്. ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. ആസിഫ്, അമലപോൾ, ഷറഫുദ്ധീൻ കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്.

ഒരു ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിൽ താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീരനിര തന്നെയുണ്ട്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ. ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി, നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം ആദം അയൂബ്ബ്.

സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്. പി. ആർ.ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വെഫറർ ആണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്.

 

Content Highlight: Level Cross Movie Got Selected In Indian Panorama