മെസിയെ പോകാൻ അനുവദിച്ചത് ബാഴ്സലോണ ചെയ്ത ചരിത്രപരമായ തെറ്റാണ്; മുൻ ബാഴ്സ പ്രസിഡന്റ്‌
football news
മെസിയെ പോകാൻ അനുവദിച്ചത് ബാഴ്സലോണ ചെയ്ത ചരിത്രപരമായ തെറ്റാണ്; മുൻ ബാഴ്സ പ്രസിഡന്റ്‌
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th January 2023, 4:26 pm

ബാഴ്സലോണയും മെസിയുമായും ബന്ധപ്പെട്ട് നിരവധി ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണക്കാരനായിട്ടുള്ള വ്യക്തിയാണ് ബാഴ്സലോണയുടെ മുൻ പ്രസിഡന്റായ ജോസഫ് മരിയ ബാർതോമ്യൂ.

മെസിയുടെ ബാഴ്സലണോയിൽ നിന്നുള്ള പിൻവാങ്ങലിന് കാരണക്കാരനായി ബാർതോമ്യൂവിന്റെ പേരും ഉയർന്ന് കേട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കാലഘട്ടത്തിന് ശേഷമാണ് മെസി ബാഴ്സലോണയിൽ നിന്നും പടിയിറങ്ങിയത്.

ജോസഫ് മരിയ ബാർതോമ്യൂവിന്റെ പടിയിറക്കത്തിന് ശേഷം ബാഴ്സയുടെ പ്രസിഡന്റായി അധികാരമേറ്റ ലപോർട്ട മെസിയെ ബാഴ്സലോണയിൽ പിടിച്ചു നിർത്തലാണ് തന്റെ കർത്തവ്യം എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ബാഴ്സ നേതൃത്വവുമായി മെസിയുടെ ഭിന്നത കൂടുതൽ രൂക്ഷമാവുകയും താരം ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലേക്ക് ചേക്കേറുകയുമായിരുന്നു.

എന്നാലിപ്പോൾ മെസിയെ ബാഴ്സയിൽ നിന്നും പോകാൻ അനുവദിച്ച നടപടിയെ ചരിത്രപരമായ തെറ്റ് എന്നാണ് ബാർതോമ്യൂ വിശേഷിപ്പിച്ചിരിക്കുന്നത്.

“ഞാൻ പല സന്ദർഭങ്ങളിലും പറഞ്ഞ ഒരു കാര്യം ആവർത്തിക്കാൻ ആഗ്രഹിക്കുന്നു. മെസിയെപ്പോലെ ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളിലൊരാളെ ബാഴ്സ പോകാൻ അനുവദിക്കരുതായിരുന്നു. മെസിയെ പോകാനനുവധിച്ചതാണ് ബാഴ്സ ചെയ്ത ചരിത്ര പരമായ തെറ്റ്,’ ബാർതോമ്യൂ പറഞ്ഞു.

കൂടാതെ മെസിയുടെ കോൺട്രാക്ട് ചോർത്തി എന്ന തന്റെ പേരിലുള്ള ആരോപണത്തോടും ബാർതോമ്യൂ പ്രതികരിച്ചു.
” മെസിയുടെ കോൺട്രാക്ട് ചോർന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ എനിക്ക് യാതൊരു പങ്കുമില്ലെന്നാണ് എനിക്ക് പറയാനുള്ളത്. ഞാൻ അതിനേപറ്റി മുൻപ് അറിഞ്ഞിട്ടും ഇല്ല,’ അദ്ദേഹം തുടർന്നു.

സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ബാർതോമ്യൂ ഈക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

മെസിയുടെ ക്ലബ്ബ്‌ വിടലിന് ശേഷമുണ്ടായ തകർച്ചക്ക് ശേഷം പുരോഗതിയുടെ പാതയിലാണ് കാറ്റലോണിയൻ ക്ലബ്ബ്. ചാമ്പ്യൻസ് ലീഗിൽ നിന്നും
വന്നെങ്കിലും ലാ ലിഗയിൽ ഈ സീസണിൽ മികച്ച പ്രകടനമാണ് ബാഴ്സ കാഴ്ച വെക്കുന്നത്. നിലവിൽ ലാ ലിഗയിൽ ചിര വൈരികളായ റയൽ മാഡ്രിഡിനെ മറികടന്ന് ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സയിപ്പോൾ.

എന്നാൽ ഫ്രഞ്ച് ലീഗിൽ തന്റെ ക്ലബ്ബായ പി. എസ്. ജി വേണ്ടി ഒരു ഇടവേളക്ക് ശേഷം മത്സരിക്കാനിറങ്ങിയ മെസി ഒരു ഗോൾ നേടി തന്റെ വരവ് രാജകീയമാക്കിയിട്ടുണ്ട്.

ജനുവരി 19ന് പി.എസ്.ജിക്കായി സൗദി ഓൾ സ്റ്റാർസിനായി കളിക്കുന്ന റൊണാൾഡോയെ മെസി നേരിടും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Content Highlights: Letting Messi go was a historic mistake by Barcelona; Former Barca President