| Wednesday, 11th November 2020, 10:49 pm

സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിന്ന് വിട്ടുകളഞ്ഞതാണ് കൊല്‍ക്കത്തയ്ക്ക് പറ്റിയ അബദ്ധം: ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിന്ന് വിട്ടുകളഞ്ഞതാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഐ.പി.എല്ലില്‍ പറ്റിയ തെറ്റെന്ന് മുന്‍താരം ഗൗതം ഗംഭീര്‍. യാദവ് പ്രതിഭാധനനായ കളിക്കാരനാണെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

2012, 2014 സീസണുകളില്‍ കൊല്‍ക്കത്ത ഐ.പി.എല്‍ ചാമ്പ്യന്മാരായപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം ഗംഭീറായിരുന്നു.

സൂര്യകുമാര്‍ യാദവിന് മികച്ച നേതൃഗുണമുണ്ടെന്നും താരത്തെ മുംബൈ വൈസ് ക്യാപ്റ്റനാക്കണമെന്നും ഗംഭീര്‍ പറഞ്ഞു. യാദവ് മുംബൈയില്‍ തന്നെ തുടരുകയാണെങ്കില്‍ ഭാവിയില്‍ ക്യാപ്റ്റനാകാമെന്നും ഗംഭീര്‍ പറഞ്ഞു.

മുംബെയ്‌ക്കൊപ്പമുള്ള ആദ്യസീസണില്‍ (2018) 512 റണ്‍സും രണ്ടാം സീസണില്‍ (2019) 424 റണ്‍സും യാദവ് നേടിയിരുന്നു. ഈ സീസണില്‍ 480 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.

ചൊവ്വാഴ്ച നടന്ന ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്.

ഇത് അഞ്ചാം തവണയാണ് മുംബൈ ഐ.പി.എല്‍ ചാമ്പ്യന്‍മാരാകുന്നത്. 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ ജേതാക്കളായ മുംബൈ, 2010-ല്‍ റണ്ണറപ്പാവുകയും ചെയ്തിരുന്നു.

157 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈ രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് അനായാസ ജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 156 റണ്‍സാണ് നേടിയത്. തുടക്കത്തില്‍ തകര്‍ന്ന ഡല്‍ഹിയെ ശ്രേയസ് അയ്യര്‍-റിഷഭ് പന്ത് കൂട്ടുകെട്ടാണ് രക്ഷിച്ചത്. 50 പന്തുകളില്‍ നിന്നും 65 റണ്‍സെടുത്ത ശ്രേയസ് പുറത്താവാതെ നിന്നു. റിഷഭ് പന്ത് 56 റണ്‍സെടുത്ത് പുറത്തായി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഡല്‍ഹിയ്ക്ക് ആദ്യ പന്തില്‍ തന്നെ സ്റ്റോയിനിസിനെ നഷ്ടമായി. ട്രെന്റ് ബോള്‍ട്ടിനായിരുന്നു വിക്കറ്റ്. ഒരു ഐ.പി.എല്‍ ഫൈനലില്‍ ഇതാദ്യമായാണ് ഒരു ബാറ്റ്‌സ്മാന്‍ മത്സരത്തിലെ ആദ്യ ബോളില്‍ തന്നെ പുറത്താകുന്നത്.

മുംബൈയ്ക്ക് വേണ്ടി ബോള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കോള്‍ട്ടര്‍ നൈല്‍ രണ്ട് വിക്കറ്റ് നേടി. ജയന്ത് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Letting Go of Suryakumar Yadav Was KKR’s Biggest Loss – Gautam Gambhir

We use cookies to give you the best possible experience. Learn more