റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിനും യുദ്ധത്തിനും വിവിധ കോണുകളില്‍ നിന്നും പിന്തുണ ലഭിക്കുമ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് Z എന്ന ഇംഗ്ലീഷ് അക്ഷരമാണ്.
റഷ്യന്‍ സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണച്ചുകൊണ്ട് നടക്കുന്ന പ്രകടനങ്ങളുടെയും പ്രസ്താവനകളുടെയുമെല്ലാം ഭാഗമായി Z അക്ഷരവും പ്രത്യക്ഷപ്പെടുന്നുണ്ട്. റോഡുകളിലും കാറിന് പിറകിലും ടീഷര്‍ട്ടുകളിലും വരെ ഇതാ കാണാം.
റഷ്യയുടെ ആംഡ് ഫോഴ്‌സിന് പിന്തുണയെന്നോണം ഒരു ‘പ്രോ വാര്‍ സിമ്പല്‍’ ആയാണ് Z ഉപയോഗിക്കുന്നത്. റഷ്യ- ഉക്രൈന്‍ യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കെ Zന്റെ അര്‍ത്ഥ തലങ്ങളും ചര്‍ച്ചയാവുകയാണ്.
റഷ്യന്‍ ടാങ്കറുകളിലും മിലിറ്ററി വാഹനങ്ങളിലുമാണ് Z ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അതുമുതലാണ് റഷ്യന്‍ നീക്കങ്ങളെ പിന്തുണക്കുന്നവര്‍ അതിന്റെ സൂചകമായി Z ഉപയോഗിക്കാന്‍ തുടങ്ങിയത്.
Z ന് പുറമെ, V, O എന്നീ അക്ഷരങ്ങളും റഷ്യയുടെ മിലിറ്ററി സജ്ജീകരണങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ അക്ഷരങ്ങള്‍ ഉപയോഗിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് വിവിധ തിയറികളും പുറത്തുവരുന്നുണ്ട്.
ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ (Volodymyr Oleksandrovych Zelenskyy) പേരിലെ ആദ്യ അക്ഷരങ്ങളെ സൂചിപ്പിക്കുന്നതാണിത് എന്ന രീതിയില്‍ വിലയിരുത്തലുകള്‍ വന്നിരുന്നു.
റഷ്യന്‍ സൈന്യം ഓപ്പറേഷന്‍ നടത്തുന്ന നഗരങ്ങളെ സൂചിപ്പിക്കുവാനാണ് ഈ അക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് എന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.
എന്നാല്‍ Z എന്ന അക്ഷരം വരുന്ന പേരുകളുള്ള മാധ്യമങ്ങളോ കോര്‍പ്പറേറ്റുകളോ ഈ അക്ഷരത്തിന് പബ്ലിസിറ്റി നല്‍കുകയാണ് എന്നും ഒരുകൂട്ടര്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലെ പോപ്പുലാരിറ്റിക്ക് വേണ്ടി റഷ്യന്‍ സ്റ്റേറ്റ് തന്നെ ഉണ്ടാക്കിയെടുത്ത ഒരു മീം ആണ് ഇതെന്നും ആരോപണമുയരുന്നുണ്ട്.
ഉക്രൈനിലെ സെലന്‍സ്‌കിയുടെ ഭരണകൂടം ഒരു നാസി ഭരണകൂടമാണ് എന്ന് സൂചിപ്പിക്കാനാണോ നാസി (Nazi) എന്നതിലെ Z ഉപയോഗിച്ചതെന്നും സമൂഹമാധ്യമങ്ങളില്‍ സംശയമുയരുന്നുണ്ട്.
ഉക്രൈനില്‍ നവ നാസികളും തീവ്രവലതുപക്ഷ വാദികളും ശക്തി പ്രാപിക്കുകയാണെന്നും നവനാസി സ്വഭാവം പുലര്‍ത്തുന്ന ഉക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതാണ് ഉക്രൈനെ ആക്രമിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നതുമാണ്.
എന്നാല്‍ Zനെ റഷ്യക്കെതിരെയുള്ള വിമര്‍ശനത്തിനുള്ള വടിയായും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഹിറ്റ്‌ലറുടെ നാസിപടയെ സൂചിപ്പിക്കുന്നതാണ് Z എന്നും റഷ്യന്‍ സേനയും അതേ സ്വഭാവം പുലര്‍ത്തുന്നതാണ് എന്നുമാണ് ഉയരുന്ന വിമര്‍ശനം.
എന്നാല്‍ വിജയത്തിന് വേണ്ടി (for victory) എന്നര്‍ത്ഥം വരുന്ന ‘za pobedu’ എന്നാണ് Z എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഇത് പിന്നീട് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലും ചര്‍ച്ചയായിരുന്നു.
മൃഗങ്ങള്‍ എന്നര്‍ത്ഥം വരുന്ന റഷ്യന്‍ വാക്കായ ‘zveri’ ആണ് Z എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉക്രൈന്റെ അംബാസിഡര്‍ സെര്‍ജി കിസ്‌ലിട്‌സ്യ റഷ്യക്കെതിരെ സെക്യൂരിറ്റി കൗണ്‍സിലില്‍ വിമര്‍ശനമുന്നയിച്ചു. ആരാണ് മൃഗങ്ങള്‍ എന്നതില്‍ റഷ്യക്കാര്‍ക്ക് കൃത്യമായി അഭിപ്രായമുണ്ട് എന്നായിരുന്നു ഇതിന് റഷ്യന്‍ അംബാസിഡര്‍ നല്‍കിയ മറുപടി.
എന്തുതന്നെയായാലും, ലോകത്തിന്റെ വിവിധ കോണുകളില്‍ റഷ്യന്‍ പിന്തുണയുടെ പ്രതീകമായി ഇപ്പോള്‍ Z ഉയര്‍ന്നുവരുന്നുണ്ട്.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് പരസ്യപിന്തുണ നല്‍കി റഷ്യന്‍ ജിംനാസ്റ്റിക് താരമായ ഇവാന്‍ കുലിയാക്ക് രംഗത്തെത്തിയിരുന്നു.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന ജിംനാസ്റ്റിക് വേള്‍ഡ് കപ്പില്‍ (Z) എന്നെഴുതിയ ഔട്ട്ഫിറ്റ് ധരിച്ചായിരുന്നു മത്സര ശേഷം മെഡല്‍ദാന ചടങ്ങിനായി താരം പോഡിയത്തിലേക്കെത്തിയത്.
ഉക്രൈന്‍ താരമായ കോവ്ടുണ്‍ ഇലായയെ അടുത്ത് നിര്‍ത്തിക്കൊണ്ടായിരുന്നു കുലിയാക്ക് റഷ്യന്‍ പിന്തുണ പരസ്യമാക്കിയത്. മത്സരത്തില്‍ ഇലായ സ്വര്‍ണ മെഡലും കുലിയാക്ക് വെങ്കല മെഡലുമായിരുന്നു നേടിയത്.
അതേസമയം, കുലിയാക്കിന്റെ പ്രവൃത്തിയില്‍ ജിംനാസ്റ്റിക് അസോസിയേഷന്‍ കടുത്ത അതൃപ്തിയറിയിക്കുകയും താരത്തോട് വിശദീകരണമാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
റഷ്യയുടെ മുന്‍ ചാരയായ മരിയ ബുടിന അവരുടെ ജാക്കറ്റില്‍ Z കൊത്തിവെക്കുന്നതായ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. റഷ്യക്ക് വേണ്ടി ചാരപ്രവര്‍ത്തി നടത്തിയതിന് 2019ല്‍ ഇവരെ യു.എസില്‍ നിന്നും നാടുകടത്തിയതായിരുന്നു.
റഷ്യന്‍ നഗരമായ കസനിലെ (Kazan) ഒരു ക്യാന്‍സര്‍ ആശുപത്രിയില്‍, സ്റ്റാഫുകളും കുട്ടികളടക്കമുള്ള രോഗികളും മഞ്ഞില്‍ വലുതായി Z എന്ന് എഴുതുന്നതിന്റെ ചിത്രവും റഷ്യന്‍ അനുകൂലമായി ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു.
റഷ്യയുടെ ഇന്റര്‍നെറ്റ് സെന്‍സര്‍ ബോര്‍ഡായ Roskomnadzor, Z എന്ന അക്ഷരത്തിന് പ്രാധാന്യം കൊടുക്കുന്നതിന് വേണ്ടി അവരുടെ ടെലഗ്രാം ചാനലിന്റെ ഹാന്‍ഡിലില്‍ മാറ്റം വരുത്തിയിരുന്നു.
റഷ്യന്‍ സ്റ്റേറ്റ് മാധ്യമമായ ആര്‍.ടി. ടെലിവിഷന്‍ നെറ്റ്‌വര്‍ക്കും Zന് പ്രചാരം നല്‍കുന്നുണ്ട്.
റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും ഇതിന്റെ അലയൊലികള്‍ കാണാം.
ഞങ്ങള്‍ ഞങ്ങളുടേതിനെ ഉപേക്ഷിക്കില്ല ‘We don’t leave ours’ എന്ന ഹാഷ്ടാഗിനൊപ്പം Z എന്ന് വലിപ്പത്തില്‍ എഴുതിയിരിക്കുകയാണ് സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലെ തെരുവുകളില്‍.
റഷ്യന്‍ നീക്കത്തിന് പിന്തുണ നല്‍കിക്കൊണ്ട് റഷ്യക്ക് പുറത്തും മാര്‍ച്ചുകളും പ്രകടനങ്ങളും നടക്കുന്നുണ്ട്.
സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡിലാണ് റഷ്യയുടെ നീക്കത്തെ പിന്തുണച്ചുകൊണ്ട് Z എന്ന അക്ഷരങ്ങളുള്ള ബാനറുകളുമായി അവിടത്തെ ജനങ്ങള്‍ പ്രകടനം നടത്തിയത്.
Content Highlight: Letter ‘Z’ been embraced by supporters of Russia’s Ukraine war and invasion- discussion continues in UN security council