കത്ത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്; സോണിയ ഗാന്ധിയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്; പുറത്താക്കല്‍ ഭീഷണിക്കിടെ ജിതിന്‍ പ്രസാദ
national news
കത്ത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്; സോണിയ ഗാന്ധിയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്; പുറത്താക്കല്‍ ഭീഷണിക്കിടെ ജിതിന്‍ പ്രസാദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th August 2020, 5:54 pm

ലഖ്‌നൗ: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ഒരാളാണ് മുന്‍കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍ പ്രസാദ.

ഉത്തര്‍പ്രദേശില്‍ നിന്നും കത്തില്‍ ഒപ്പിട്ട ഒരേയൊരു നേതാവ് ജിതിനാണെന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രമേയം കൊണ്ടുവന്നിരുന്നു.  എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജിതിന്‍ പ്രസാദ.

പാര്‍ട്ടിയെ സജീവമാക്കാനും പുതുജീവന്‍ നല്‍കാനും ശക്തിപ്പെടുത്താനും ആത്മപരിശോധന നടത്താന്‍നും വണ്ടിമാത്രമാണ് കത്ത് കൊണ്ട് ഉദ്ദേശിച്ചതെന്നും അല്ലാതെ ഉന്നത നേതൃത്വത്തെ ദുര്‍ബലപ്പെടുത്താനല്ലെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ജിതിനെ പാര്‍ട്ടിക്ക് പുറത്തക്കാണമെന്ന ആവശ്യം ശക്തിപ്പടുന്നതിനിടയിലാണ് താന്‍ പാര്‍ട്ടി നേതൃത്വത്തിനെതിരായല്ല പ്രവര്‍ത്തിച്ചതെന്ന് ജിതിന്‍ പറഞ്ഞിരിക്കുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍വെച്ചു തന്നെ ഇക്കാര്യം താന്‍ വ്യക്താമായിതാണെന്നും ജിതിന്‍ പ്രസാദ പറഞ്ഞു.

” പാര്‍ട്ടി നേതൃത്വത്തെ ദുര്‍ബലപ്പെടുത്താനല്ല അത് ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തന്നെ ഞാനത് വ്യക്തമാക്കിയതാണ്. കത്തിനെ ദുര്‍വ്യാഖ്യാനിക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.

തനിക്ക് പാര്‍ട്ടി നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ജിതിന്‍ പറഞ്ഞു.

”സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്, അവര്‍ക്ക് എന്നിലും പൂര്‍ണ വിശ്വാസമുണ്ട്, ” ജിതിന്‍ കൂട്ടിച്ചേര്‍ത്തു. തനിക്കാരോടും വിരോധമില്ലെന്നും എല്ലാവരും കോണ്‍ഗ്രസ് കുടുംബത്തിന്റെ ഭാഗമാണെന്നും അദ്ദേഹ കൂട്ടിച്ചേര്‍ത്തു.

സോണിയക്കയച്ച കത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഒപ്പിട്ട ഒരേ ഒരാള്‍ ജിതിനാണെന്നും അദ്ദേഹത്തിന്റെ കുടുംബ ചരിത്രം തന്നെ ഗാന്ധി കുടുംബത്തിനെതിരാണെന്നും ജിതിന്‍ പ്രസാദയുടെ അച്ഛന്‍ ജിതേന്ദ്ര പ്രസാദ സോണിയാ ഗാന്ധിക്ക് എതിരെ മത്സരിച്ച് അത് തെളിയിച്ചതാണെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു.

എന്നിട്ടും സോണിയാ ഗാന്ധി ജിതിന്‍ പ്രസാദയ്ക്ക് ലോക് സഭാ ടിക്കറ്റ് കൊടുക്കുകയും മന്ത്രിയായക്കുകയും ചെയ്തെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു.

2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ പോവുകയാണെന്ന ആരോപണങ്ങള്‍ ഉയരുകയും ജിതിന്‍ തന്നെ അത് നിഷേധിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ഗുലാം നബി ആസാദ്, ശശിതരൂര്‍, കപില്‍ സിബല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും കത്തില്‍ ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെ ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം പാര്‍ട്ടിക്കകത്തു നിന്നുതന്നെ ഉയര്‍ന്നുവന്നിരുന്നു.

പാര്‍ട്ടിക്ക് പൂര്‍ണസമയ നേതൃത്വം വേണമെന്നതുള്‍പ്പെട്ടെ വിവിധ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരുന്നത്.
പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്നത് പ്രധാന ആവശ്യങ്ങളിലൊന്നായി കത്തില്‍ പറയുന്നു. തോല്‍വികള്‍ പൂര്‍ണമനസ്സോടെ പഠിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

പാര്‍ട്ടിക്കുള്ളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി യൂണിറ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും കത്തില്‍ പറഞ്ഞിരുന്നു. അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലം മുതല്‍ സി.ഡബ്ല്യൂ.സി വരയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Letter written to Sonia Gandhi ‘misconstrued’, it was to revitalise Congress, says Jitin Prasada