| Tuesday, 11th February 2014, 1:27 pm

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ : സുധീരന് കൊക്കക്കോള വിരുദ്ധ സമര-ഐക്യദാര്‍ഢ്യ സമിതിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]പാലക്കാട്: പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ പാസാക്കണമെന്ന് കാണിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് കൊക്കക്കോള വിരുദ്ധ സമര-ഐക്യദാര്‍ഢ്യ സമിതിയുടെ കത്ത്.

ബഹുരാഷ്ട്ര കുത്തകയായ കൊക്കക്കോള കമ്പനി പ്ലാച്ചിമടയില്‍ സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ക്ക് കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനായി പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍  2011 ഫെബ്രുവരി 24ന് കേരള നിയമസഭ ഐകകണ്ഠമായി പാസ്സാക്കിയതാണ്.

രാഷ്ട്രപതിയുടെ അംഗീകാരത്തോടെ യാഥാര്‍ത്ഥ്യമാക്കുന്നതിനായി 2011 മാര്‍ച്ച് 29ന് കേന്ദ്രത്തിലേക്ക് അയച്ച ബില്ല് രണ്ട് വര്‍ഷം പിന്നിടുമ്പോഴും രാഷ്ട്രപതിയുടെ സമക്ഷം ഒപ്പുവയ്ക്കുന്നതിനായി എത്തിയിട്ടില്ലെന്ന് കത്തില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ ബില്ലിന് അംഗീകാരം നല്‍കുന്നതിനനുക്കൂലമായി ശുപാര്‍ശ ചെയ്തിട്ടും ബില്ല് ഇപ്പോഴും ആഭ്യന്തര മന്ത്രാലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

കോളക്കമ്പനിയുടെ സ്വാധീനമാണ് ബില്ല് യാഥാര്‍ത്ഥ്യമാകുന്നതിന് തടസ്സമായി നില്‍ക്കുന്നതെന്നാണ് തങ്ങള്‍ മനസ്സിലാക്കുന്നതെന്നും കൊക്കക്കോള വിരുദ്ധ സമര-ഐക്യദാര്‍ഢ്യ സമിതി വ്യക്തമാക്കി.

ബില്‍ പാസ്സാക്കുന്നതില്‍ സഹകരിച്ച താങ്കളുടെ രാഷ്ട്രീയ പ്രസ്ഥാനമടക്കം ഇക്കാര്യത്തില്‍ താത്പര്യമെടുക്കാത്ത സ്ഥിതിയാണുള്ളത്.

ബില്‍ യാഥാര്‍ത്ഥ്യമാകാത്തതില്‍ പ്രതിഷേധിച്ച് പ്ലാച്ചിമട സമര-ഐക്യദാര്‍ഢ്യ പ്രവര്‍ത്തകര്‍ 2011 ഡിസംബര്‍ 17ന് പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടെ ഭൂമിയില്‍ പ്രവേശിച്ച് അറസ്റ്റ് വരിക്കുകയും ജാമ്യം നിഷേധിച്ച് ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഞങ്ങള്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സമരം താങ്കള്‍ മധ്യസ്ഥനായി ഇടപെട്ടതിനെ തുടര്‍ന്ന്, ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചുകൊണ്ട് ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. പി.ജെ. ജോസഫ് ജയിലിലേക്ക് ഫാക്‌സ് സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് അവസാനിച്ചത്.

എന്നാല്‍ രണ്ട് വര്‍ഷത്തിലേറെക്കഴിഞ്ഞിട്ടും ഈ ഉറപ്പ് പാലിക്കാന്‍ സര്‍ക്കാറിന് കഴിയാത്ത സാഹചര്യത്തില്‍ 2014 ഫെബ്രുവരി 3-ാം തീയതി മുതല്‍ പ്ലാച്ചിമടയില്‍ വീണ്ടും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്.

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കൊക്കക്കോളയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായക അദ്ധ്യായമായിത്തീര്‍ന്ന പ്ലാച്ചിമട സമരത്തിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ എന്ന നിലയില്‍ താങ്കളുടെയും താങ്കളുടെ പ്രസ്ഥാനത്തിന്റെയും അടിയന്തര ഇടപെടല്‍ പ്രതീക്ഷിക്കുന്നതായും കത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more