ഇസ്രത്ത് ജഹാന്‍: ഐ.ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്
India
ഇസ്രത്ത് ജഹാന്‍: ഐ.ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th July 2013, 11:20 am

ഐ.ബിക്കെതിരെ കേസെടുക്കുന്നതില്‍ ആഭ്യന്തര മന്ത്രാലയം തടസം നില്‍ക്കുകയാണ്. ഐ.ബിയെ ന്യായീകരിക്കുന്ന സമീപനമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്


[]ഗുജറാത്ത്: ##ഇസ്രത്ത് ജഹാന്‍ കേസില്‍ ഐ.ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ രാഷ്ട്രപതിക്ക് കത്തയച്ചു. []

ഇസ്രത്ത് കേസ് അന്വേഷിച്ച ഐ.ബി ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് കത്തില്‍ ആവശ്യ പ്പെട്ടിരിക്കുന്നത്.

ഐ.ബിക്കെതിരെ കേസെടുക്കുന്നതില്‍ ആഭ്യന്തര മന്ത്രാലയം തടസം നില്‍ക്കുകയാണ്. ഐ.ബിയെ ന്യായീകരിക്കുന്ന സമീപനമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഈ നടപടി തെറ്റാണ്. ഇസ്രത്ത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസ് അട്ടിമറിച്ചതും ഐ.ബിയാണ്‌. ഇക്കാര്യം വ്യക്തമായിട്ടും എന്തുകൊണ്ടാണ് ഐ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം മടിക്കുന്നതെന്നും കത്തില്‍ ചോദിക്കുന്നു.

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടിലില്‍ ഐ.ബി ഉദ്യോഗസ്ഥനായ രജീന്ദര്‍ കുമാറിന് പങ്കുണ്ടെന്ന് നേരത്തെ തന്നെ സി.ബി.ഐ കണ്ടെത്തിയിരുന്നു. ഏറ്റുമുട്ടലില്‍ മുഖ്യ പങ്കാളിയായിരുന്നത് രജീന്ദര്‍ ആയിരുന്നെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍.

എന്നാല്‍ രജീന്ദര്‍ കുമാറിനെ ചോദ്യം ചെയ്യാന്‍ ഇതുവരെ സി.ബി.ഐക്ക് സാധിച്ചിരുന്നില്ല. ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിലപാടിലായിരുന്നു ആഭ്യന്തര മന്ത്രാലയം.

2002 ലെ ഗുജറാത്ത് കലാപത്തില്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്‌തെങ്കിലും അതിന് ഉത്തരവാദികളായ ആളുകളെ ഇപ്പോഴും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനോ ശിക്ഷ വിധിക്കാനോ ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയ്ക്ക് ആയിട്ടില്ല.

ഇതേസ്ഥിതി തന്നെയാണ് ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസിലും സംഭവിച്ചത്. ഇത്തരത്തില്‍ നീതി നടപ്പാന്‍ കഴിയാത്ത ഒരു സംവിധാനമായി നമ്മുടെ നിയമവ്യവസ്്ഥ മാറിയിയിരിക്കുന്നെന്നും ഇദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

ചില ഐ.ബി ഉദ്യോഗസ്ഥര്‍ക്ക് ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും പങ്കുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. ഗുജറാത്ത് പോലീസിന്റെ ഇടപെടലും കേസില്‍ വ്യക്തമാണ്.


ഐ.ബിക്ക് കേസുമായി ബന്ധമില്ലെന്ന സത്യവാങ്മൂലമാണ് ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്


modi-angryസംഘപരിവാര്‍, മോഡി സര്‍ക്കാര്‍, ഐ.ബിയിലെ ഇവരുടെ സ്വന്തം ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ചേര്‍ന്ന് ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടലില്‍ നേരിട്ട് പങ്കാളികളായ ഐ.ബി ഉദ്യോഗസ്ഥരെ രക്ഷിക്കുകയാണ്.  []

ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയുന്നത് ഇവരെല്ലാം ചേര്‍ന്നാണ് തടസ്സപ്പെടുത്തുന്നത് പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ്ങിന് പോലും കേസില്‍ ഇടപെടാന്‍ സാധിക്കാത്ത അവസ്ഥയാണ്.

സി.ബി.ഐയിലെ ചില ഉന്നത ഉദ്യോഗസ്ഥരും ആന്ദ്രാപ്രദേശ് ഗവര്‍ണര്‍ ശ്രീ നരസിംഹന്‍( മുന്‍ ഐ.ബി ഡയരക്ടര്‍) എന്നിവര്‍ കുറ്റാരോപിതരായ ഐ.ബി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഐ.ബിക്ക് കേസുമായി ബന്ധമില്ലെന്ന സത്യവാങ്മൂലമാണ് ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. നിലവിലുള്ള നീതിന്യായ വ്യവസ്ഥയില്‍ ഐ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക അനായാസമല്ലെന്നും കത്തില്‍ പറയുന്നു.

രാഷ്ട്രീയമായുള്ള പിന്തുണ ഐ.ബി ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നുണ്ട്. ഇവരെ രക്ഷിക്കാനായി കേന്ദ്രത്തില്‍ വരെ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലാകുമ്പോള്‍ കേസന്വേഷണം നേര്‍വഴിയില്‍ കൊണ്ടുപോകുന്നതിന് സി.ബി.ഐക്ക് സാധിച്ചുകൊള്ളണമെന്നില്ല.

ഇസ്രത്ത് ജഹാന്‍ കേസ് അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും യാതൊരു രീതിയിലുള്ള സഹായവും ലഭിക്കില്ലെന്ന് തന്നെ ഉറച്ചുവിശ്വസിക്കുകയാണ്.

ഐ.ബി ഉദ്യോഗസ്ഥരുടെ അറസ്റ്റ് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം നില്‍ക്കുന്നതാണ് നല്ലെതെന്ന രീതിയിലുള്ള ഭീഷണി സര്‍ക്കാരിന് ലഭിക്കാം. എന്നാല്‍ അതില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് പ്രതീക്ഷിക്കുന്നു.

ഗുജറാത്ത് പോലീസ് ഓഫീസര്‍മാരുടെ ഒരു മാഫിയ തന്നെ ഇസ്രത്ത് ജഹാന്‍ കേസിലുടനീളം പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഡി സര്‍ക്കാരിന്റെ രഹസ്യ അജണ്ട തയ്യാറാക്കുന്നവരാണ് ഗുജറാത്ത് പോലീസിലെ ഈ ഉദ്യോഗസ്ഥര്‍.

പ്രധാനമന്ത്രിയായി നരേന്ദ്ര മോഡിയെ ഉയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മുസ്‌ലീം യുവാക്കളെ ലക്ഷ്യംവെക്കുന്ന സര്‍ക്കാര്‍ സംവിധാനം അവിടെയുണ്ടെന്നും ശ്രീകുമാര്‍ കത്തില്‍ വ്യക്തമാക്കുന്നു.


ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടുവരുന്ന ഭീകരര്‍ എന്ന് മുദ്രകുത്തിയാണ് പല വ്യാജ ഏറ്റുമുട്ടലുകളും സംസ്ഥാനത്ത് നടന്നത്. എന്നാല്‍ വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് ചുക്കാന്‍ പിടിച്ചവരെ അന്ന് ജയിലിലാക്കിയതിന് ശേഷം ഗുജറാത്തില്‍ പിന്നീട് വ്യാജ ഏറ്റുമുട്ടലേ നടന്നില്ല


rb-sreekumarഗുജറാത്ത് പോലീസിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരെയാണ് വ്യാജ ഏറ്റുമുട്ടലുകള്‍ നടത്താനായി നിയോഗിക്കുന്നത്( 2007 മുതല്‍ ഇവരില്‍ പലരും ജയിലിലാണ്. നാല് ഐ.പി.എസ് ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്) []

വ്യാജ ഏറ്റുമുട്ടല്‍ തലവനായ രജീന്ദര്‍ കുമാറിനേയും സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലില്‍ ജാമ്യത്തില്‍ കഴിയുന്ന അമിത് ഷായേയും പോലുള്ളവരെ തൊടാന്‍ പോലും സി.ബി.ഐക്ക് സാധിക്കുന്നില്ല.

ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടുവരുന്ന ഭീകരര്‍ എന്ന് മുദ്രകുത്തിയാണ് പല വ്യാജ ഏറ്റുമുട്ടലുകളും സംസ്ഥാനത്ത് നടന്നത്. എന്നാല്‍ വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് ചുക്കാന്‍ പിടിച്ചവരെ അന്ന് ജയിലിലാക്കിയതിന് ശേഷം ഗുജറാത്തില്‍ പിന്നീട് വ്യാജ ഏറ്റുമുട്ടലേ നടന്നില്ല.

ജിഹാദികളാണ് മോഡിയെ കൊല്ലാന്‍ അയച്ചതെന്ന് പറയുമ്പോഴും പോലീസ് ഉദ്യോഗസ്ഥരെ ജയിലില്‍ അടച്ചപ്പോഴേക്കും വ്യാജ ഏറ്റുമുട്ടല്‍ അവസാനിച്ചു എന്നതില്‍ നിന്നും തന്നെ കാര്യം വ്യക്തമല്ലേയെന്നും കത്തില്‍ ചോദിക്കുന്നു.

അതേസമയം ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനായി ഗുജറാത്തിലെ മോഡി മന്ത്രിസഭിലെ മൂന്നു മന്ത്രിമാരും മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരും ക്രിമിനല്‍ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നതിന്റെ ഓഡിയോ ടേപ്പ് സി.ബി.ഐക്ക് ലഭിച്ചു.

യോഗത്തില്‍ പങ്കെടുത്ത ഐ.പി.എസ് ഓഫിസര്‍ ജി.എല്‍. സിംഗാള്‍ രഹസ്യമായി പകര്‍ത്തിയ ടേപ്പുകള്‍ അദ്ദേഹം തന്നെയാണ് സി.ബി.ഐക്ക് കൈമാറിയത്.

കേസന്വേഷണം അട്ടിമറിക്കാന്‍ മോഡിയുടെ വലംകൈയായ അമിത് ഷാ നടത്തിയ ഇടപെടലുകളും പുറത്തായി. ഇതുസംബന്ധിച്ച് ജി.എല്‍. സിംഗാളിന്റെ ഫോണില്‍ വിളിച്ച് അമിത് ഷാ നല്‍കിയ നിര്‍ദേശങ്ങളുടെ ടേപ്പും സി.ബി.ഐക്ക് ലഭിച്ചു.

സിംഗാള്‍ റെക്കോഡ്‌ചെയ്ത് സൂക്ഷിച്ച ഫോണ്‍ സംഭാഷണം അദ്ദേഹം പെന്‍ഡ്രൈവിലാക്കി സി.ബി.ഐക്ക് കൈമാറിയത് ഗുജറാത്ത് ഹൈകോടതിയില്‍ സമര്‍പ്പിച്ചു.

അറസ്റ്റിലായ ശേഷം സി.ബി.ഐയുമായി സഹകരിച്ച സിംഗാള്‍ സി.ആര്‍.പി.സി 164 പ്രകാരം മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യ കുറ്റസമ്മത മൊഴിയും നല്‍കിയിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ ഒരുക്കിയത് മോഡിയുടെയും അമിത് ഷായുടെയും അറിവോടെയാണെന്ന് വെളിപ്പെടുത്തിയതും സിംഗാളാണ്.