മത ഗ്രന്ഥങ്ങളിലും രേഖകളിലും ഇല്ലാത്ത ഏതാചാരത്തിന്റെ പേരിലാണ് ഞങ്ങളെ പീഡിപ്പിക്കുന്നത്: മുഖ്യമന്ത്രിക്ക് ഒരു ആനയുടെ തുറന്ന കത്ത്
Wildlife
മത ഗ്രന്ഥങ്ങളിലും രേഖകളിലും ഇല്ലാത്ത ഏതാചാരത്തിന്റെ പേരിലാണ് ഞങ്ങളെ പീഡിപ്പിക്കുന്നത്: മുഖ്യമന്ത്രിക്ക് ഒരു ആനയുടെ തുറന്ന കത്ത്
രശ്മി
Saturday, 25th February 2017, 4:26 pm

പ്രിയപ്പെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ വായിച്ചറിയുന്നതിന് നല്ല തലയെടുപ്പുള്ള ഒരാന എഴുതുന്നത്,

ഭൂമിശാസ്ത്രപരമായി കേരളം എന്ന ഭൂവിഭാഗത്തില്‍ ജീവിക്കുന്നതുകൊണ്ടു ഞാന്‍ അങ്ങയെ എന്റെ കൂടെ മുഖ്യമന്ത്രിയായി കാണുന്നു. വോട്ടവകാശം ഇല്ലാത്ത ഞാന്‍ ഉള്‍പ്പെടുന്ന അങ്ങയുടെ സഹജീവികള്‍ ഞങ്ങളും താങ്കളുടെ പ്രജയാണ് എന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.

ഒരു ദശാബ്ദത്തിലേറെയായി ഞാന്‍ ഇവിടെ നിങ്ങള്‍ക്കിടയില്‍ ഉണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളിലും പള്ളികളിലും ഞാന്‍ രണ്ടു മനുഷ്യരെയും ലോഹ വിഗ്രഹങ്ങളെയും അടക്കം ആയിരം കിലോയിലധികം ഭാരം പേറി മണിക്കൂറുകളോളം പൊരിവെയിലില്‍ നില്‍ക്കാറുണ്ട്. അങ്ങയടക്കമുള്ള പലരുടേയും സ്വീകരണ ചടങ്ങുകളില്‍ കൈകാലുകള്‍ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടു ഇതേ നില്‍പ്പ് നിന്നിട്ടുണ്ട്.

ഞാനുള്‍പ്പെടുന്ന നാട്ടാനകള്‍ എന്ന് മനുഷ്യര്‍ വിളിക്കുന്ന വിഭാഗം ഇന്ത്യയില്‍ 3000ത്തോളം ഉണ്ട് അതില്‍ 700ഉം അങ്ങയുടെ കേരളത്തില്‍ തന്നെയാണ്. “എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും”” എന്ന പരസ്യവാചകം ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേക്കു ഒന്നുറങ്ങാന്‍ പോലും കഴിയാതുള്ള ലോറിയിലെ യാത്രയില്‍ പലവുരു ഞാനും കേട്ടു.

വോട്ടു ചെയ്യുന്ന വോട്ടവകാശമുള്ള മനുഷ്യരുടെ കാര്യങ്ങള്‍ ശരിയാകും എന്നാണു നിങ്ങള്‍ പറഞ്ഞത് എന്നെനിക്കറിയാം എന്നാല്‍ ഞങ്ങളുടെ കൂടെ കാര്യങ്ങള്‍ ശരിയാക്കാന്‍ സന്മനസ് കാണിക്കുന്ന ഒരു പരിസ്ഥിതി സൗഹാര്‍ദ്ദ പുരോഗമന പ്രത്യയ ശാസ്ത്രം പിന്തുടരുന്ന വ്യക്തിയാണ് താങ്കള്‍ എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഞാനിതെഴുതുന്നത്.

അച്ഛനും അമ്മയും സഹോദരങ്ങളും ഒക്കെയുള്ള ഒരു വലിയ കുടുംബത്തില്‍ ആണ് ഞാന്‍ ജനിച്ചത്. ബാല്യത്തിന്റെ കുട്ടികുറുമ്പില്‍ കളിച്ചു നടന്ന എന്നെ കുറേ മനുഷ്യര്‍ ചതിയില്‍ പെടുത്തിയാണ് കോന്നിയിലെ ആന പരിശീലന കേന്ദ്രത്തില്‍ എത്തിച്ചത്. കുടുംബവും കൂട്ടുകാരും നഷ്ടപ്പെട്ടു മാനസികമായി തകര്‍ന്ന എന്നെ മരത്തിലും ഉരുക്കിലും നിര്‍മ്മിച്ച കൂട്ടില്‍ അടച്ചു.

എനിക്ക് കഴിച്ചു ശീലമില്ലാത്ത ഭക്ഷണം നല്‍കി കൈകാലുകള്‍ ഇരുമ്പ് ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടു എതിര്‍ക്കാന്‍ ശ്രമിച്ചപ്പോളൊക്കെ ക്രൂര മര്‍ദ്ദനത്തിനും പീഡനത്തിനും ഇരയാകേണ്ടി വന്നു. തോട്ടി കൊണ്ടുള്ള കുത്തിലും അടിയിലും ചങ്ങല ഉരഞ്ഞും കൈകാലുകള്‍ പൊട്ടി പലപ്പോഴും വ്രണമായി. അതില്‍ മരുന്നു പുരട്ടി ഉണക്കി വീണ്ടും ചങ്ങലക്കിട്ടു.

ഒരിക്കല്‍ വേദന സഹിക്കാതെ ഓടി രക്ഷപെടാം എന്ന് കരുതിയപ്പോള്‍ മയക്കുവെടി വച്ചു വീഴ്ത്തി. അതിനു ശേഷം ഞാനനുഭവിച്ച മര്‍ദ്ദനത്തെ കുറിച്ചോര്‍ക്കുമ്പോള്‍ എന്ത് പീഡനത്തെയും എതിര്‍ക്കാതെ സഹിക്കാനുള്ള മാനസികപ്പൊരുത്തം ഞാന്‍ നേടിയെടുത്തു.

എന്നെ പോലെ ചങ്ങലക്കിട്ടു പീഡിപ്പിക്കപ്പെടുന്നവര്‍ 700ഓളം പേര്‍ കേരളത്തില്‍ മാത്രം ഉണ്ടെന്ന് ഞാന്‍ വേദനയോടെ തിരിച്ചറിഞ്ഞു. മനുഷ്യന്റെ മാനസികമായ ഉല്ലാസത്തിനു വേണ്ടി മാത്രം ഞാനടക്കമുള്ള മൃഗങ്ങളെ വേട്ടയാടുകയും അടിമയാക്കുകയും ബലികൊടുക്കുകയും ചെയ്യുന്ന പ്രാകൃത വാസനകളില്‍ നിന്നു നവോത്ഥാനത്തിലൂടെ മനുഷ്യന്‍ മോചിതനായിട്ടില്ല എന്നതിന്റെ ജീവിക്കുന്ന സാക്ഷ്യപത്രമാണ് ഞങ്ങള്‍.

പ്രാചീന കാലത്ത് യുദ്ധത്തിനും മറ്റു കായിക ജോലികള്‍ക്കും ആയിട്ടാണ് എനിക്കൊപ്പമുള്ള പലരുടെയും മുത്തച്ഛന്മാരെ മനുഷ്യന്‍ നാട്ടിലേക്ക് പിടിച്ചുകൊണ്ടു വന്നത് എന്ന് ഞാന്‍ മനസിലാക്കി, സാങ്കേതിക വിദ്യ വികസിക്കുകയും ക്രമേണ യുദ്ധത്തിനും മറ്റു കായിക ജോലികള്‍ക്കും ഞങ്ങളെ ആവശ്യമില്ലാതെ വന്നു എന്നാല്‍ അത് ഞങ്ങളുടെ മോചനത്തിന്റെ ദീപനാളമായിരുന്നില്ല.

ആചാരാനുഷ്ഠാനങ്ങള്‍ എന്ന പേരില്‍ ആടയാഭരണങ്ങള്‍ എന്ന ഓമനപ്പേരില്‍ മസ്തിഷ്‌കത്തിലും മുതുകിലും എന്തൊക്കെയോ വച്ചു കെട്ടി ഞങ്ങളെ പ്രദര്‍ശന വസ്തു ആക്കുന്ന ഒരു സംസ്‌കാരം അപ്പോഴേക്കും വളര്‍ന്ന് വന്നിരുന്നു. ആ ആചാരാനുഷ്ഠാനങ്ങളില്‍ പലതും കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചു പോയി ദളിതനും സ്ത്രീകളും ക്ഷേത്രങ്ങള്‍ക്കുള്ളിലേക്കു കടന്നു വന്നു. ബലി എന്ന പേരില്‍ മൃഗങ്ങളെ കൊന്നു തള്ളുന്നത് ക്രമേണ ക്ഷേത്രങ്ങളില്‍ നിന്നു അപ്രത്യക്ഷമായി പക്ഷെ ഞങ്ങളുടെ അവസ്ഥ മാത്രം ദയനീയമായി തുടരുന്നു.

സസ്യഭുക്കാണെങ്കിലും ഭക്ഷണത്തിന് വേണ്ടി കൊല്ലുന്നത് പ്രകൃതി നിയമമാണെന്നു എനിക്കറിയാം ഞങ്ങളൊയൊട്ടാരും തിന്നതും ഇല്ല ഇനി കൊന്നു തിന്നാലും ഈ പീഢനത്തോളം വരില്ല.

എഴുന്നള്ളത്തിലെ മണിക്കൂറുകള്‍ നീളുന്ന നില്‍പ്പിനിടയില്‍ ഗീതയും ഖുറാനും ബൈബിളുമൊക്കെ പാരായണം ചെയ്യുന്നത് ഞാന്‍ പലകുറി കേട്ടിട്ടുണ്ട.് മനുഷ്യ വിരുദ്ധമായ പലതും അതിലുണ്ടെങ്കിലും ഞങ്ങളുടെ ഈ പീഡനം ആവശ്യപ്പെടുന്ന ഒരു വാചകം പോലും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.

മത ഗ്രന്ഥങ്ങളിലും രേഖകളിലും ഒന്നുമില്ലാത്ത ഏതാചാരത്തിന്റെ പേരിലാണ് ഞങ്ങളെ പീഡിപ്പിക്കുന്നത് എന്നെനിക്കറിയില്ല. പ്രാകൃതമായ മാനസിക ഉല്ലാസത്തോടൊപ്പം സാമ്പത്തിക ചൂഷണ സാധ്യത കൂടി അതിലുണ്ടെന്നു അപ്പോഴാണ് ഞാന്‍ മനസിലാക്കിയത്.

കുറച്ചു മണിക്കൂറുകള്‍ ഞങ്ങളെ എഴുന്നള്ളിക്കുന്നതിനു ഞങ്ങളുടെ ഉടമകള്‍ എന്നവകാശപ്പെടുന്നവര്‍ വാങ്ങുന്നത് ഒരു ലക്ഷത്തോളം രൂപയാണത്രെ. അത്തരത്തിലുള്ള മൂവായിരത്തോളം ഉത്സവങ്ങള്‍ കേരളത്തില്‍ നടക്കുന്നു. അപ്പോള്‍ വര്‍ഷം കോടികളുടെ ബിസ്സിനസ്സ് കൂടിയാണിത്. അങ്ങയുടെ പ്രജകളില്‍ ഒരു ചെറിയ വിഭാഗം ഇത്തരത്തില്‍ പണക്കാരാകുന്നുണ്ട് എന്നത് ഞങ്ങളുടെ സങ്കടം കേള്‍ക്കാതിരിക്കാന്‍ ഒരു കാരണമാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഞങ്ങളെ അടിമയാക്കി പീഡിപ്പിക്കാന്‍ ആന പരിപാലനം എന്ന പേരില്‍ ഗവണ്മെന്റ് ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കിയിട്ടുണ്ട് എന്നത് സ്വാഭാവിക ആവാസ വ്യവസ്ഥക്ക് പുറത്ത് അടിമയായി ജീവിക്കുന്ന ഞങ്ങള്‍ക്ക് പരിഹാസ്യമായി മാത്രമേ തോന്നുന്നുള്ളൂ.

ജൈവ ചോതനയായ രതി ഞങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു പ്രകൃതിദത്തമായ ഭക്ഷണം നിഷേധിക്കപ്പെടുന്നു. രതിയുടെ ഉന്മാദത്തില്‍ ആകുന്ന സമയത്ത് “”സുഖചികിത്സ”” എന്ന പേരില്‍ മലമൂത്ര വിസര്‍ജനം ചെയ്യുന്നിടത് തന്നെ ചങ്ങലയില്‍ ബന്ധിക്കപ്പെട്ടു മാസങ്ങള്‍ ഞങ്ങള്‍ക്ക് കഴിയേണ്ടി വരുന്നുണ്ട്.

ഒരിക്കല്‍ ഒരു വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു വിരണ്ടോടിയ എന്റെ കാലുകള്‍ക്കിടയില്‍ പെട്ടു രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചതോര്‍ത്തു ഞാന്‍ മാസങ്ങളോളം കണ്ണീര്‍ വാര്‍ത്തു പിന്നീടാണ് മനസിലായത് ആ പൊട്ടിത്തെറിയും ആചാരമാണെന്നു. കഴിഞ്ഞ വര്‍ഷം പ്രസ്തുത ആചാരം നൂറില്‍ കൂടുതല്‍ ജീവനെടുത്ത ഉത്സവത്തിനും ഞാന്‍ പോയിരുന്നു.

ഭക്ഷണത്തിനോ മറ്റോ മനുഷ്യനെ ആക്രമിക്കുന്ന സ്വഭാവം സസ്യ ഭുക്കുകളായ ഞങ്ങള്‍ക്കില്ല അത്തരത്തില്‍ ആക്രമണ വാസനയുള്ള മൃഗങ്ങള്‍ പോലും ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നില്ല.

മനുഷ്യന്റെ പ്രാഥമിക മാംസഭക്ഷണ ആവശ്യം നിറവേറ്റുന്ന പശു എന്ന നാട്ടുമൃഗത്തെ പോലും കൊല്ലരുതെന്നും ദൈവമാണെന്നും പറയാന്‍ വിവരദോഷികളായ രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ട്. അവരുടെ ദൈവത്തെ തലയില്‍ ചുമന്നു നടക്കുന്ന ഞങ്ങളെ അവരുടെ മറ്റൊരു ദൈവത്തിന്റെ മുഖമുള്ള ഞങ്ങളെ ഇങ്ങനെ പീഡിപ്പിക്കണം എന്ന് വാദിക്കുന്നതും ഇവര്‍ തന്നെ.

എന്തിനു അങ്ങയുടെ കൊച്ചു കേരളത്തില്‍ മനുഷ്യനെ കടിച്ചു കീറുന്ന തെരുവുനായയെ കൊല്ലരുത് എന്ന് പറയാന്‍ അവരുടെ കേന്ദ്രമന്ത്രി വരെയുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി എന്ന് പറഞ്ഞു ഒരു സംഘമുണ്ട് ആനപ്രേമികള്‍, ഞങ്ങളുടെ ഈ പീഡനാവസ്ഥയുടെ സൗന്ദര്യം ആസ്വദിക്കുന്ന ആ ക്രൂര സൗന്ദര്യബോധം മൃഗങ്ങളില്‍ പോലും ഉണ്ടാകില്ല. മലയാളത്തിലെ ഒരു നടനടക്കമുള്ള ഈ വിഭാഗത്തിലെ ഏതെങ്കിലും ഒരുത്തനെ എന്റെ തുമ്പിക്കയ്യുടെ ജ്യൂറിസ്റ്റിക് പരിധിക്കുള്ളില്‍ കിട്ടിയാല്‍ അമ്മയാണെ ഞാന്‍ ചാമ്പും.


ഞങ്ങളുടെ ഈ അവസ്ഥയില്‍ നിന്നുള്ള മോചനത്തിന് എന്തുചെയ്യണം എന്ന് അങ്ങ് ചോദിച്ചാല്‍ ഞങ്ങളെ പ്രദര്‍ശിപ്പിച്ചു നടത്തുന്ന എല്ലാ കോപ്രായങ്ങളും നിരോധിക്കണം എന്നതില്‍ കുറഞ്ഞൊന്നും എനിക്ക് ആവശ്യപ്പെടാനില്ല. അതിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ പ്രത്യാഖാതങ്ങളെ കുറിച്ച് അങ്ങേക്കൊരുപാട് പറയാനുണ്ടാകും. പക്ഷെ എന്റെ ഭാഗത്ത് നിന്നു ചിന്തിച്ചാല്‍ അതിനൊന്നും ന്യായീകരണമില്ല എന്ന് അങ്ങേക്ക് തന്നെ ബോധ്യമാകും.


Must Read: ‘ക്രൂരത പാടില്ലാത്തത് കന്നുകാലികളോട് മാത്രമോ?’; തടി വലിക്കാന്‍ കഷ്ടപ്പെടുന്ന ആനയുടെ വീഡിയോ ആരുടേയും കരളലിയിക്കുന്നത്


മനുഷ്യന്‍ തുടങ്ങിയതിനെ നിര്‍ത്തലാക്കാന്‍ മനുഷ്യന് മാത്രമേ കഴിയൂ. പരിഷ്‌കൃത മനുഷ്യന്‍ തന്റെ സഹജീവികളായി മനുഷ്യേതരരെ കണക്കാക്കുകയും മനുഷ്യര്‍ക്കുള്ള എല്ലാ ജീവനവകാശവും അവര്‍ക്കുണ്ടെന്നു വകവെച്ചു കൊടുക്കുകയും ചെയ്യുന്നതാണല്ലോ പരിസ്ഥിതി ചിന്തയുടെ കാതല്‍.

ഞങ്ങളെ തിരികെ കാട്ടില്‍ കൊണ്ട് വിടണം എന്ന് ഞാന്‍ പറയില്ല കാരണം തലമുറകളായി കാടിന്റെ സ്വാഭാവിക ആവാസവ്യവസ്ഥക്കു പുറത്തു ജീവിക്കുന്ന ഞങ്ങള്‍ക്ക് പെട്ടെന്നൊരു മടക്കം സാധ്യമല്ല. ഞങ്ങള്‍ക്ക് ചങ്ങലകെട്ടോ മനുഷ്യ ശല്യമോ ഇല്ലാതെ കഴിയാന്‍ പറ്റുന്ന വൈല്‍ഡ് ലൈഫ് സാഞ്ച്വറികള്‍ വിദേശ രാജ്യങ്ങളില്‍ ഉണ്ട് എന്തിനു അങ്ങയുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പോലുമുണ്ട്.

അത്തരമൊരു സൗകര്യം ലഭ്യമാകുകയാണെങ്കില്‍ ഞങ്ങളുടെ അടുത്ത തലമുറക്കെങ്കിലും സഹജവാസനകളായ വേദനയും ആഹ്ലാദവും പ്രണയവും കാമനകളും എല്ലാം കുറച്ചെങ്കിലും ആസ്വദിക്കാന്‍ കഴിയും എന്നത് ഒരു വലിയ സ്വപ്നമായി ഞങ്ങളോരോരുത്തരുടേയും ഉള്ളില്‍ അവശേഷിക്കുന്നു.

മേല്‍പ്പറഞ്ഞ പദ്ധതിയുടെ ആദ്യഘട്ടമെന്നോണം കേരളസര്‍ക്കാര്‍ തുടങ്ങിവച്ച ആന പുനരധിവാസ പദ്ധതി ആലോചനകളില്‍ മാത്രം ഒതുങ്ങുകയാണ്. ഞങ്ങളില്‍ പ്രായം ചെന്നവരും പരിക്കേറ്റവരും ആയവരെയാണ് ഇത്തരത്തില്‍ പുനരധിവസിപ്പിക്കാന്‍ പദ്ധതിയിടുന്നത് എന്നറിയാന്‍ കഴിഞ്ഞു. ഇതിനായി 100 ഏക്കറില്‍ ആവശ്യത്തിനു ജലസാന്നിധ്യവും പച്ചപ്പുമുള്ള സ്ഥലം കണ്ടെത്താന്‍ അങ്ങ് നിര്‌ദേശിച്ചിരിക്കുകയാണെന്നും അറിയാന്‍ കഴിഞ്ഞു.

ഒരു തുടക്കം എന്ന നിലയില്‍ അത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള പുനരധിവാസ കേന്ദ്രം നടത്തുന്ന വൈല്‍ഡ് ലൈഫ് SOS എന്ന സംഘടനക്കാണ് ചുമതല എന്നും അറിയാന്‍ കഴിഞ്ഞു.


Also Read: ഇനി ആനക്കലിയുടെ കാലം


എന്നാല്‍ ഇതിനെതിരെ എലിഫന്റ് ഓണേഴ്സ് അസോസിയേഷന്‍ എന്ന ഞങ്ങളെ അടിമയാക്കി ധനികരായവരുടെ സംഘടന വ്യാപക എതിര്‍പ്പും പദ്ധതി അട്ടിമറിക്കാനുള്ള സ്വാധീനവും ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞദിവസത്തെ ഹര്‍ത്താലിന് പിന്നിലടക്കം അവരുടെ കൈകള്‍ കാണാം.

ഞങ്ങള്‍ക്കായി അവര്‍ കണ്ടെത്തിയ 31 ഏക്കര്‍ സ്ഥലത്ത് തൃശൂരില്‍ ആന ആശുപത്രി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്നാണ് അവരുടെ ആവശ്യം. ഒരേസമയം വേട്ടക്കാരനും ഇരയുടെ സംരക്ഷകനും ആകുന്ന ഇത്തരക്കാരുടെ ആന ആശുപത്രികള്‍ ഞങ്ങള്‍ക്കാവശ്യമില്ല. മറിച്ചു ആന ഉടമകള്‍ എന്ന വിഭാഗത്തെ തന്നെ ഇല്ലാതാക്കി ഞങ്ങളുടെ അടിമത്വം അവസാനിപ്പിക്കുകയാണ് വേണ്ടത്.

ഇതിനെയൊക്കെ അതിജീവിച്ചു ഇച്ഛാശക്തിയോടെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍ ഇപ്പോളിവിടെയുണ്ട് എന്ന വിശ്വാസത്തില്‍ ഞങ്ങളും വിശ്വസിക്കുന്നു “”എല്ലാം ശരിയാകും””