| Wednesday, 2nd March 2016, 10:17 am

പാന്‍ മസാലയുടെ പരസ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഉപദേശിക്കണം: താരങ്ങളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാരിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: പാന്‍മസാലയുടെ പരസ്യങ്ങളില്‍ ബോളിവുഡ് താരങ്ങള്‍ അഭിനയിക്കരുതെന്നും ഇക്കാര്യത്തില്‍ ഭാര്യമാര്‍ അവര്‍ക്ക് നല്ല ഉപദേശം നല്‍കണമെന്നും ദല്‍ഹി സര്‍ക്കാര്‍. ഇത് വ്യക്തമാക്കി താരങ്ങളുടെ ഭാര്യമാര്‍ക്ക് ദല്‍ഹി സര്‍ക്കാര്‍ കത്തയച്ചു. നാലു ബോളിവുഡ് താരങ്ങളുടെ ഭാര്യമാര്‍ക്കാണ് കാന്‍സറിനു കാരണമാകുന്ന പാന്‍മസാലയെ പ്രോത്സാഹിപ്പിക്കാതിരിക്കണം എന്നഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്തെഴുതിയത്.

അജയ് ദേവ്ഗണ്‍, ഷാരൂഖ് ഖാന്‍, അര്‍ബാസ് ഖാന്‍, ഗോവിന്ദ എന്നീ താരങ്ങളുടെ ഭാര്യമാര്‍ക്കാണ് ദല്‍ഹി ആരോഗ്യ വകുപ്പിന്റെ കത്ത്. പാന്‍മസാല ഉല്പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് മുന്‍പ് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും താരങ്ങളുടെ ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് തിങ്കളാഴ്ച താരങ്ങളുടെ ഭാര്യമാര്‍ക്ക് ദല്‍ഹി ആരോഗ്യ വിഭാഗം കത്തയച്ചത്.

“”പാന്‍മസാലയ്കു വേണ്ടിയുള്ള പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും ഷാരൂഖിനെ പിന്തിരിപ്പിക്കണം എന്ന വിനീതമായ അഭ്യര്‍ത്ഥനയാണ് ഇത്”, ഷാരൂഖിന്റെ ഭാര്യ ഗൗരിയ്കുള്ള കത്തില്‍ ദല്‍ഹി ഗവണ്‍മെന്റ് പറയുന്നു. ഷാരൂഖിന് ഇത് സംബന്ധിച്ച് മുന്‍പ് കത്തെഴുതിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്ന് ഗൗരിക്കുള്ള കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സമാനമായ കത്തുകളാണ് ഗോവിന്ദ, അജയ് ദേവ്ഗണ്‍, അര്‍ബാസ് ഖാന്‍ എന്നീ താരങ്ങളുടെ ഭാര്യമാര്‍ക്കും അയച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more