തന്റെ അഭാവത്തില്‍ അമ്മയ്ക്കു വോട്ടു ചെയ്യണമെന്ന് കോകില അഭ്യര്‍ത്ഥിക്കുന്ന തരത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.
കൊല്ലം: വാഹനാപകടത്തില്‍ മരിച്ച യുവ ബി.ജെ.പി കൗണ്‍സിലറുടെ പേരില്‍ അമ്മയ്ക്ക് വോട്ടഭ്യര്‍ത്ഥിച്ച് ബി.ജെ.പിയുടെ കത്ത്. കൊല്ലം കോര്‍പ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലറായിരുന്ന കോകില എസ്.കുമാറിന്റെ പേരിലാണ് ബി.ജെ.പി കത്ത് പുറത്തിറക്കിയത്.
കോകില മരിച്ചതിനെ തുടര്‍ന്ന് ഇന്ന് തെരഞ്ഞെടുപ്പു നടക്കുന്ന തേവള്ളി ഡിവിഷനിലാണ് ബി.ജെ.പി ഇത്തരമൊരു കത്ത് വിതരണം ചെയ്യുന്നത്. കോകിലയുടെ അമ്മ ബി.ഷൈലജയാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. തന്റെ അഭാവത്തില്‍ അമ്മയ്ക്കു വോട്ടു ചെയ്യണമെന്ന് കോകില അഭ്യര്‍ത്ഥിക്കുന്ന തരത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.
“പ്രിയമുള്ളവരെ അഞ്ച് വര്‍ഷത്തേക്ക് നിങ്ങള്‍ എനിക്കു നല്‍കിയ അംഗീകാരം പിന്തുടരാന്‍ അച്ഛനും ഞാനും വേര്‍പെട്ട വിതുമ്പലോടെ തേവള്ളിയില്‍ ജനവിധി തേടുന്ന എന്റെ പ്രിയ മാതാവ് ബി. ഷൈലജയെ അനുഗ്രഹിച്ച് വിജയിപ്പിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. ” എന്നാണ് കത്തിലൂടെ ബി.ജെ.പി ആവശ്യപ്പെടുന്നത്.
സഹതാപം വോട്ടാക്കിമാറ്റാനുള്ള ബി.ജെ.പിയുടെ വിലകുറഞ്ഞ തന്ത്രമെന്നാണ് സോഷ്യല്‍ മീഡിയ ഈ കത്തിനെ വിശേഷിപ്പിക്കുന്നത്. “ശവംതീനികള്‍” എന്നും “അധ:പതനത്തിന്റെ അങ്ങേയറ്റം” എന്നുമൊക്കെ പറഞ്ഞാണ് സോഷ്യല്‍ മീഡിയ കത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
“മരണം ചിലര്‍ വില്‍ക്കാറുണ്ട്. പക്ഷേ ഇതിന് വാക്കുകളില്ല” ഫേസ്ബുക്കില്‍ ജിതിന്‍ കുറിക്കുന്നു.
“ജനപ്രതിനിധി അപകടത്തില്‍ മരിക്കുന്നു. മരിച്ചു പോയ ജനപ്രതിനിധിയുടെ അമ്മ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു … ഇതൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട് … പരേതാത്മാവിനെക്കൊണ്ട് നോട്ടീസടിപ്പിച്ച് വോട്ട് ചോദിക്കുന്നത് ചട്ടമാണോ … ചട്ടലംഘനമാണോ?” കത്ത് ഷെയര്‍ ചെയ്തുകൊണ്ട് മാധ്യമപ്രവര്‍ത്തകനായ ലല്ലു ചോദിക്കുന്നു.
കോകില വോട്ടഭ്യര്‍ത്ഥിക്കുന്നതായുള്ള കത്ത്:
എന്റെ പ്രിയപ്പെട്ട കുടുംബാംഗമേ,
ഞാന്‍ കോകില എസ്.കുമാര്‍. ഈശ്വര കൃപയാല്‍ നിങ്ങള്‍ക്കേവര്‍ക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. എന്നെ സ്‌നേഹിച്ച നിങ്ങളുടെ സന്തോഷമാണ് എന്നും എനിക്കിഷ്ടം. നിങ്ങളെ സേവിക്കാന്‍ നിങ്ങള്‍ നല്‍കിയ അവസരം പൂര്‍ത്തീകരിക്കുവാന്‍ കാലം എന്നെ അനുവദിച്ചില്ല. നിങ്ങള്‍ എനിക്കായി നല്‍കിയ വിലമതിക്കാനാവാത്ത സ്‌നേഹം ഈ കൊച്ചു പ്രായത്തില്‍ എനിക്കു കിട്ടിയ അഭിമാനകരമായ അംഗീകാരമാണ്.
എന്റെ വേര്‍പാടില്‍ കഴിഞ്ഞ പൊന്നോണ നാളില്‍ വിതുമ്പലോടെ എന്റെ നാട് എന്നെ യാത്രയാക്കിയപ്പോഴും നിങ്ങളെ പിരിയാന്‍ എനിക്കാകില്ല എന്ന സത്യം ഞാന്‍ അറിയിച്ചു. അത്രമാത്രം പ്രിയപ്പെട്ടവരാണ് നിങ്ങള്‍ ഓരോരുത്തരും.
ഞാന്‍ ഒരു കാര്യം മാത്രം നിങ്ങളോട് ചോദിക്കുകയാണ്. നേരിട്ടുവന്ന് ചോദിക്കാന്‍ വിധി കനിഞ്ഞില്ല. എങ്കിലും പ്രിയമുള്ളവരെ അഞ്ച് വര്‍ഷത്തേക്ക് നിങ്ങള്‍ എനിക്കു നല്‍കിയ അംഗീകാരം പിന്തുടരാന്‍ അച്ഛനും ഞാനും വേര്‍പെട്ട വിതുമ്പലോടെ തേവള്ളിയില്‍ ജനവിധി തേടുന്ന എന്റെ പ്രിയ മാതാവ് ബി. ഷൈലജയെ അനുഗ്രഹിച്ച് വിജയിപ്പിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്.
ഇനിയൊരിക്കലും മറ്റൊരാഗ്രഹവുമായി നിങ്ങള്‍ക്കു മുമ്പിലേക്ക് ഞാന്‍ ഉണ്ടാവില്ല. എന്റെ ഈ മോഹം സ്‌നേഹത്തോടെ അങ്കിളും ആന്റിയും ചേച്ചിമാരും ചേട്ടന്മാരും സാധിച്ചുവരുമെന്ന പ്രതീക്ഷയോടെ ഞാന്‍ നിര്‍ത്തുന്നു.