| Saturday, 26th October 2024, 9:57 pm

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; കെ. മുരളീധരന്റെ പേര് നിര്‍ദേശിച്ചുള്ള ഡി.സി.സിയുടെ കത്ത് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ കെ. മുരളീധരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി നല്‍കിയ കത്ത് പുറത്ത്. കെ. മുരളീധരന്റെ പേര് നിര്‍ദേശിച്ച് എ.ഐ.സി.സിക്ക് അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഒക്ടോബര്‍ 15നാണ് ഡി.സി.സി കേന്ദ്ര നേതൃത്വത്തത്തിന് കത്തയച്ചത്. ഒക്ടോബര്‍ പത്തിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര, വയനാട് മണ്ഡലത്തില്‍ എ.ഐ.സി.സി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

മണ്ഡലത്തില്‍ യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കാന്‍ കെ. മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്നാണ് കത്തില്‍ പറയുന്നത്. എന്തുവിലകൊടുത്തും ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടതുണ്ടെന്നും അത് സംസ്ഥാനത്തെ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് തടയിടുമെന്നും കത്തില്‍ പറയുന്നു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ക്കാണ് ജില്ലാ നേതൃത്വം കത്തയച്ചത്. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനാണ് കെ. മുരളീധരന്റെ പേര് നിര്‍ദേശിച്ച് കത്തയച്ചിരിക്കുന്നത്.

ഡി.സി.സിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ സമ്മതമാണെന്നും കനത്തില്‍ പറയുന്നുണ്ട്. മണ്ഡലത്തിലെ എല്ലാ വിഭാഗം വോട്ടര്‍മാരുടെയും യുഡിഎഫ് പ്രവര്‍ത്തകരുടേയും അഭിപ്രായത്തെ മുന്‍നിര്‍ത്തിയാണ് മുരളീധരനെ നിര്‍ദേശിക്കുന്നതെന്നും കത്തില്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി. എ.ഐ.സി.സി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതോടെ രാഹുലിനെതിരെ കോണ്‍ഗ്രസ് ഐ.ടി സെല്‍ മേധാവിയായിരുന്ന ഡോ. പി. സരിന്‍ രംഗത്തെത്തിയിരുന്നു.

തുടര്‍ന്ന് കോണ്‍ഗ്രസ് സരിനെ പുറത്താക്കുകയും പിന്നീട് പാലക്കാട് മണ്ഡലത്തില്‍ സി.പി.ഐ.എം തങ്ങളുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സരിനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സരിന്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ജില്ലയിലെ മറ്റു ചില നേതാക്കളും യു.ഡി.എഫിനെതിരെ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.സി.സി നേതൃത്വത്തിന്റെ കത്ത് പുറത്തുവരുന്നത്.

Content Highlight: Letter issued by DCC asking K.Muralidharan to contest in Palakkad constituency in assembly by-elections

Latest Stories

We use cookies to give you the best possible experience. Learn more