കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ചു നില്‍ക്കണം എന്നഭര്‍ത്ഥിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കയച്ച കത്തിനെ തുടര്‍ന്ന് ബംഗാള്‍ സി.പി.ഐ.എമ്മിനകത്ത് തര്‍ക്കം. ഡെക്കാന്‍ ഹെറാള്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൗരത്വ നിയമത്തിലും എന്‍.ആര്‍.സിയിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സത്യസന്ധത സി.പി.ഐ.എം ചോദ്യം ചെയ്യവേ ആണ് പിണറായി വിജയന്‍ മമതയ്ക്ക് കത്ത് അയക്കുന്നത്. പിണറായി വിജയന്റെ ഈ നടപടിയെ പൂര്‍ണ്ണ മനസ്സോടെയല്ല ബംഗാള്‍ നേതൃത്വം കാണുന്നത്. എന്നാല്‍ പരസ്യമായി അവര്‍ എതിര്‍ക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മമത ബാനര്‍ജിക്ക് മാത്രമല്ല മറ്റ് ബി.ജെ.പി ഇതര 10 മുഖ്യമന്ത്രിക്കാര്‍ക്കും പിണറായി വിജയന്‍ കത്തയച്ചിട്ടുണ്ട്. പിണറായി വിജയന്റെ കത്ത് ഒരു സംസ്ഥാന സര്‍ക്കാരും മറ്റൊരു സര്‍ക്കാരും തമ്മിലുള്ള വിനിമയമാണെന്ന് അല്ലാതെ രണ്ട് പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ളതല്ല. മമത ബാനര്‍ജിയോടൊപ്പം കൈകോര്‍ക്കുമോ എന്ന ചോദ്യം ഉദിക്കുന്നില്ല, അവര്‍ പശ്ചിമ ബംഗാളിലെ ജനാധിപത്യത്തെ കശാപ്പ് ചെയ്തിരിക്കുകയാണ്. പൗരത്വ നിയമത്തെ എതിര്‍ക്കണമെന്നാവശ്യപ്പെട്ട് കത്ത് അയക്കുന്നത് വേറെ കാര്യമാണെന്ന് ഒരു സി.പി.ഐ.എം സംസ്ഥാന നേതാവ് ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.
പത്ത് ട്രേഡ് യൂണിയനുകള്‍ ചേര്‍ന്ന് ബി.ജെ.പി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങക്കെതിരെ ജനുവരി എട്ടിന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിനെതിരെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാട് സൗഹൃദപരമല്ലെങ്കില്‍ മമത വെളിവാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മമത ബാനര്‍ജിക്ക് പിണറായി വിജയന്‍ കത്തയച്ചത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള കാര്യമല്ലെന്ന് സി.പി.ഐ.എം പി.ബി അംഗം മുഹമ്മദ് സലീം പറഞ്ഞു. പൗരത്വ നിയമത്തെ എതിര്‍ക്കുന്നു എന്ന് പറഞ്ഞ് സര്‍ക്കാര്‍ ഉണ്ടാക്കിയ ആശയക്കുഴപ്പത്തെ ബംഗാള്‍ ജനതക്ക് മുമ്പില്‍ കാണിക്കാന്‍ കത്തിന് കഴിയും. കേരളം പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി. സമാനമായ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുവാന്‍ ഞങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയാണെന്നും മുഹമ്മദ് സലീം പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് സത്യസന്ധമായാണ് പൗരത്വ നിയമത്തെയും എന്‍.ആര്‍.സിയെയും എന്‍.പി.ആറിനെയും എതിര്‍ക്കുന്നതെങ്കില്‍ പൊതുമണിമുടക്കിനെയും പിന്തുണക്കണം. ജനാധിപത്യത്തെയും സാമ്പത്തിക വ്യവസ്ഥിതിയെയും സംരക്ഷിക്കുന്ന കാര്യത്തില്‍ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരേ പോലെയാണെന്നും മുഹമ്മദ് സലീം പറഞ്ഞു.