| Tuesday, 7th January 2025, 10:20 am

താലിബാന്റെ സ്ത്രീവിരുദ്ധ സമീപനം; ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ കത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത മാസം നടക്കാനിരിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്ന് ആവശ്യവുമായി പാര്‍ലമെന്റ് അംഗങ്ങള്‍. 160ലധികം പേര്‍ ഒപ്പുവെച്ച കത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡി (ഇ.സി.ബി)ന് കൈമാറി.

സ്ത്രീകളുടെ അവകാശങ്ങളിലേക്ക് കടന്നുകയറുന്ന താലിബാന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധമെന്നോണം ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനെതിരെ കളിക്കരുതെന്നാണ് ഇവര്‍ ഇംഗ്ലണ്ട് – വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫെബ്രുവരി 26ന് ലാഹോറിലാണ് ഇംഗ്ലണ്ട് – അഫ്ഗാനിസ്ഥാന്‍ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2021ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതോടെ കായികരംഗത്തെ വനിതാ പ്രാതിനിധ്യം പൂര്‍ണമായും അവസാനിപ്പിച്ചിരുന്നു. ഐ.സി.സി നയങ്ങള്‍ക്കെതിരെയായിരുന്നു താലിബാന്റെ ഈ പ്രവൃത്തി.

വനിതാ താരങ്ങളെ കായികരംഗത്ത് നിന്നും വിലക്കുകയും അതേസമയം പുരുഷ താരങ്ങള്‍ ഐ.സി.സി ടൂര്‍ണമെന്റുകളിലടക്കം പങ്കെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ നല്‍കിയത്.

ലേബര്‍ പാര്‍ട്ടി എം.പിയായ ടോണിയ അന്റോണിയാസിയെഴുതിയ കത്തില്‍ ജെറമി കോര്‍ബിന്‍ അടക്കമുള്ള ഹൗസ് ഓഫ് കോമണ്‍സ്, ഹൗസ് ആഫ് ലോര്‍ഡ്‌സ് അംഗങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്.

‘താലിബാന് കീഴില്‍ അഫ്ഗാനിസ്ഥാന്‍ സ്ത്രീകളും പെണ്‍കുട്ടികളും അനുഭവിക്കുന്ന ക്രൂരതയ്‌ക്കെതിരെ നിലപാടെടുക്കാന്‍ ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനോടും ഒഫീഷ്യല്‍സിനോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ എന്ന് പറഞ്ഞുകൊണ്ടാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റിച്ചാര്‍ഡ് ഗൗള്‍ഡിനെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയ കത്ത് അവസാനിക്കുന്നത്.

‘സ്ത്രീകള്‍ക്കെതിരായ ഒരു തരത്തിലുമുള്ള അതിക്രമങ്ങള്‍ ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായ സന്ദേശം നല്‍കുന്നതിനായി അഫ്ഗാനിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ ഇ.സിബിയോട് ആവശ്യപ്പെടുന്നു.

ലിംഗ വിവേചനത്തിനെതിരെയായിരിക്കണം നമ്മള്‍ നിലകൊള്ളേണ്ടത്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും പെണ്‍കുട്ടികളും അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അവഗണിക്കപ്പെടില്ലെന്ന് വ്യക്തമാക്കാനും അവര്‍ക്ക് ഐക്യദാര്‍ഡ്യത്തിന്റെ സന്ദേശം നല്‍കാനും ഞങ്ങള്‍ ഇ.സി.ബിയോട് അഭ്യര്‍ത്ഥിക്കുന്നു,’ കത്തില്‍ പറയുന്നു.

താലിബാന്‍ ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ലിംഗവിവേചനത്തില്‍ അപലപിക്കുന്നുവെന്ന് കത്തിന് മറുപടിയായി ഇ.സി.ബി വ്യക്തമാക്കി.

ഈ കാരണത്താല്‍ അഫ്ഗാനിസ്ഥാനെതിരെ ഒരു തരത്തിലുള്ള ബൈലാറ്ററല്‍ മത്സരങ്ങള്‍ കളിക്കില്ല എന്ന് ഇ.സി.ബി നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയും സമാന നിലപാട് സ്വീകരിച്ച ടീമാണ്.

നേരത്തെ 2003 ലോകകപ്പില്‍ റോബര്‍ട്ട് മുഗാബെയുടെ ഏകാധിപത്യനിലപാടുകളോട് പ്രതിഷേധിച്ച് ഇംഗ്ലണ്ട് സിംബാബ്‌വേക്കെതിരായ മത്സരം ബഹിഷ്‌കരിച്ചിരുന്നു.

Content Highlight: Letter from MPs to boycott England match against Afghanistan in protest at Taliban’s misogynistic attitude

We use cookies to give you the best possible experience. Learn more