Kerala News
'ഹിന്ദു മുന്നേറ്റം തടയിടാന്‍ മുസ്‌ലീങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു' രാഹുല്‍ ഈശ്വറിനെ തള്ളാന്‍ തന്ത്രി കുടുംബം കൂട്ടുപിടിച്ചത് തീവ്രവര്‍ഗീയ വാദങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 29, 05:04 am
Monday, 29th October 2018, 10:34 am

 

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെ തള്ളിപ്പറയാന്‍ താഴമണ്‍ തന്ത്രി കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ തന്ത്രി കുടുംബത്തിന്റെ മുസ്‌ലിം വിരുദ്ധത തുറന്നുകാട്ടുന്നത്. ഹാദിയ കേസിലെ രാഹുല്‍ ഈശ്വറിന്റെ നിലപാടുകള്‍ എടുത്തുപറഞ്ഞ് രാഹുലിനെ മുസ്‌ലിം തീവ്രവാദികളുടെ കൂട്ടാളിയെന്ന് ചിത്രീകരിക്കുകയാണ് തന്ത്രി കുടുംബം ചെയ്തത്.

“മാധ്യമ ശ്രദ്ധ കിട്ടാന്‍ എന്തു ഹീന കര്‍മ്മത്തിനും മടിയില്ലാത്ത ഈ വ്യാജ തന്ത്രി കുടുംബാംഗം ലൗ ജിഹാദില്‍പ്പെട്ടുപോയ അഖിലയെ രക്ഷിക്കാന്‍ ഹിന്ദു സംഘടനകള്‍ ഒന്നടങ്കം ശ്രമിച്ചപ്പോള്‍ മുസ്‌ലിം തീവ്രവാദികള്‍ക്ക് വേണ്ടി അഖിലയുടെ മാതാപിതാക്കളെ തള്ളിപ്പറഞ്ഞുകൊണ്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു” എന്നാണ് രാഹുല്‍ ഈശ്വറിനെക്കുറിച്ച് തന്ത്രി കുടുംബം പറഞ്ഞത്.

Also Read:“അമിത് ഷായുടെ സന്ദര്‍ശനവും പ്രസംഗവും തിരിച്ചടിയായി”; മലക്കം മറിഞ്ഞ് ബി.ജെ.പി; ഉദ്ദേശിച്ചതതല്ലെന്ന് വിശദീകരണം

ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിന് തടയിടാന്‍ മുസ്‌ലീങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് രാഹുല്‍ എന്ന ആരോപണവും തന്ത്രി കുടുംബത്തിന്റെ മുസ്‌ലിം വിരുദ്ധത തുറന്നുകാട്ടുന്നതാണ്.

ലവ് ജിഹാദുകാരേയും, മതതീവ്രവാദികളേയും പ്രീണിപ്പിച്ച് ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിന് തടയിടാന്‍ ആരുടെയോ കോടാലിക്കൈയായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ നാട്ടില്‍ വളര്‍ന്നുവരുന്ന ഹിന്ദു ഐക്യത്തെ തകര്‍ത്ത് ഭക്തജന വികാരത്തെ വസ്ത്രാക്ഷേപം ചെയ്യാന്‍ ശ്രമിക്കുന്ന ദുശ്ശാസന രൂപിയാണെന്ന യാഥാര്‍ത്ഥ്യം അയ്യപ്പഭക്തരും, ഹിന്ദു ഐക്യം സ്വപ്‌നം കാണുന്നവരും ഭരണകൂടവും മാധ്യമങ്ങളും തിരിച്ചറിയണം.” എന്നാണ് തന്ത്രി കുടുംബം കഴിഞ്ഞദിവസം പറഞ്ഞത്.

ഹിന്ദു ജനസമൂഹത്തെ മതംമാറ്റ ലോബികള്‍ക്കും ദുഷ്ടലക്ഷ്യമുള്ളവര്‍ക്കും ഒറ്റിക്കൊടുത്ത് വെള്ളിക്കാശുകള്‍ പ്രതിഫലം പറ്റുന്നയാളാക്കി രാഹുലിനെ ചിത്രീകരിക്കുന്നതും അതിവര്‍ഗീയ നിലപാടുകള്‍ വെളിവാക്കുന്നതാണ്.

Also Read:ശബരിമല സ്ത്രീപ്രവേശനം; ആര്‍.എസ്.എസ് നിലപാടില്‍ മൗനപ്രതിഷേധവുമായി ആര്‍. സഞ്ജയന്‍

ശബരിമല വിഷയത്തില്‍ തന്ത്രി കുടുംബത്തിന്റെ അവകാശവാദങ്ങള്‍ക്കെതിരെ ശക്തമായ ചോദ്യങ്ങള്‍ ഉയരുന്ന ഘട്ടത്തില്‍ ആര്‍.എസ്.എസിനെയും ഹിന്ദുത്വ സംഘടനകളെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പരാമര്‍ശങ്ങള്‍ എന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.