തിരുവനന്തപുരം: ഗൗരിയമ്മ വിരമിക്കണമെന്ന് ജെ.എസ്.എസിലെ ഒരു വിഭാഗം നേതാക്കള്‍. ഗൗരിയമ്മ സ്വയം വിരമിക്കണമെന്നാണ് കത്തിലെ ആവശ്യം.
ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി ബി. ഗോപന്റെ നേതൃത്വത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഗൗരിയമ്മയ്ക്ക് കത്തുനല്‍കി. 90 ശതമാനം പാര്‍ട്ടി അംഗങ്ങളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും നേതാക്കള്‍ കത്തില്‍ വ്യക്തമാക്കുന്നു.
ഗൗരിയമ്മ പാര്‍ട്ടി പദവികള്‍ ഒഴിയണമെന്ന് നേതാക്കള്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കത്ത് ഗൗരിയമ്മ തള്ളിക്കളഞ്ഞു. ഗൗരിയമ്മയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് നേതാക്കളുടെ കത്ത്.
ഗൗരിയമ്മ സ്വജനപക്ഷപാതം കാട്ടിയെന്നും ഗൗരിയമ്മ ഉപജാപക സംഘത്തിന്റെ പിടിയിലാണെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബി.ഗോപന്‍ കത്തില്‍ ആരോപിച്ചു.
“ഗൗരിയമ്മയ്ക്ക് 97 വയസ്സായിരിക്കുന്നു. പ്രായാധിക്യമുണ്ട്. പുതിയ തലമുറയ്ക്ക് വേണ്ടി മാറികൊടുക്കണം എന്നുമാണ് കത്തിലെ ആവശ്യം”.
ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനം വിളിക്കുമെന്നും ഗോപന്‍ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ജെ.എസ്.എസ് പിളരുകയും കെ.കെ ഷാജു, എ.എന്‍ രാജന്‍ബാബു എന്നിവര്‍ പുറത്തുപോകുകയും ചെയ്തിരുന്നു.
യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന ജെ.എസ്.എസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സീറ്റൊന്നും നല്‍കിയിരുന്നില്ല.