| Monday, 22nd April 2019, 1:28 pm

ഗോവന്‍ ട്രിപ്പാണോ പ്ലാനില്‍; മഹാരാഷ്ടയിലെ കരിമണല്‍ കടല്‍തീരം കാത്തിരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോവന്‍ കടല്‍ത്തീരങ്ങളിലൂടെ നടന്നവരായിരിക്കും നമ്മളില്‍ പലരും. ആ സൗന്ദര്യവും വശ്യതയും വേറൊരു കടല്‍ത്തീരത്തിനും സമ്മാനിക്കാനാവില്ല. എന്നാല്‍ മഹാരാഷ്ട്രയിലും ഉണ്ട് ഒരു ഗോവ. വിശ്വസിക്കാനാവുന്നില്ല അല്ലേ. എങ്കില്‍ ഇനി ഗോവന്‍ ട്രിപ്പ് പ്ലാനിടുമ്പോള്‍ വണ്ടി നേരെ മഹാ രാഷ്ട്രയിലെ അലി ബാഗിലേക്ക് വിടാം.

ഈ അലി ബാഗ് അത്ര ചില്ലറ സ്ഥലമൊന്നുമല്ല കേട്ടോ. മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ തീരത്ത് കൊങ്കണ്‍ പ്രദേശത്ത് കിടക്കുന്ന ചെറിയ പട്ടണമാണ് അലിബാഗ്. റായ്ഗഡ് ജില്ലയിലാണ് ഈ പട്ടണം. മുംബൈ നഗരത്തിനോട് വളരെ അടുത്തുകിടക്കുന്ന ഈ നഗരം സഞ്ചാരികള്‍ക്ക് വളരെ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് സമ്മാനിയ്ക്കുക.

മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന അലിബാഗില്‍ മനോഹരമായ ബീച്ചുകളാണുള്ളത്. ബീച്ചുകളിലെല്ലാം തെങ്ങുകളും കവുങ്ങുകളും കാണാം. ബീച്ചുകളുടെ ഈ പ്രത്യേകതകൊണ്ടാണ് അലിബാഗിനെ മഹാരാഷ്ട്രയുടെ ഗോവയെന്ന് വിശേഷിപ്പിക്കുന്നത്. അധികം മലിനമാക്കപ്പെടാത്തതും വലിയ തിരക്കും ഇല്ലാത്ത ബീച്ചുകളാണ് ഇവിടുത്തേത്. സ്വസ്ഥതയും ഏകാന്തതയും ആഗ്രഹിച്ചെത്തുന്നവരുടെ പ്രധാനകേന്ദ്രമാണിത്. മാത്രമല്ല അലിബാഗ് ബീച്ചിലെത്തുമ്പോള്‍ ആരുമൊന്ന് ഞെട്ടും, കാരണം മറ്റ് ബീച്ചുകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടുത്തെ ബീച്ചില്‍ നിറയെ കറുത്തമണലാണ്. എന്നാല്‍ ഈ ബീച്ചിന് സമിപത്തായിട്ടുള്ള കിഹിം, നാഗോണ്‍ ബീച്ചുകളിലാകട്ടെ വെള്ളി-വെള്ള നിറത്തിലുള്ള മണലാണ് കാണുക. അതായത് നമ്മളുടെ പതിവ് ബീച്ചനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇവയെന്ന് ചുരുക്കം.

അലിബാഗിലെ ബീച്ചുകളില്‍ ഏറ്റവും പ്രമുഖം അക്ഷി ബീച്ചാണ്. പല ബോളിവുഡ് താരങ്ങളും ഈ ബീച്ചിനോടുള്ള പ്രണയം കൊണ്ട് ആ തീരത്ത് ബംഗ്ലാവുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ബീച്ച് മാത്രമല്ല അലി ബാഗിലെത്തിയാല്‍ കാണാനുള്ളത്. ഒരുകാലത്ത് മഹാരാഷ്ട്ര ഭരിച്ചിരുന്ന മറാത്ത രാജവംശത്തിന്റെ കഥപറയുന്ന ചരിത്രസ്മാരകങ്ങളുടെ കൂടി കേന്ദ്രമാണിവിടം. ഇതില്‍ പ്രധാനം മറാത്ത ഭരണകാലത്തെ പ്രധാന പ്രതിരോധകേന്ദ്രങ്ങളില്‍ ഒന്നായിരുന്ന കൊളാബ ഫോര്‍ട്ടാണ്. അലിബാഗ് ബീച്ചില്‍ നിന്നും നോക്കിയില്‍ കൊളാബ കോട്ട കാണാനാകും.

അലി ബാഗിലേയ്ക്ക് പോകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യാത്ര അതി മനോഹരമാക്കാം. ഏതാണ്ട് വര്‍ഷം മുഴുവനും പ്രത്യേകിച്ച് ബുദ്ധിമുട്ടുകളുണ്ടാക്കാത്ത കാലാവസ്ഥയാണ് ഇവിടുത്തേതെങ്കിലും മഴക്കാലമാണെങ്കില്‍ യാത്ര അടിപൊളിയാകും. സ്ഥലങ്ങളെല്ലാം ചുറ്റിയടിച്ച് കാണാന്‍ മഴ അല്‍പം തടസ്സമാകുമെങ്കിലും മഴകൊതിച്ചാണ് വരവെങ്കില്‍ അലിബാഗ് മഴ നിങ്ങളെ നിരാശരാക്കില്ലെന്നുറപ്പാണ്. വര്‍ഷം മുഴുവനും സന്ദര്‍ശനയോഗ്യമാണ് കാലാവസ്ഥയെങ്കിലും ശീതകാലമാണ് ഏറ്റവും പറ്റിയ സമയം.

മുംബൈ നഗരത്തില്‍ നിന്നും വെറും 30 കിലോമീറ്റര്‍ മാത്രമേയുള്ളു അലി ബാഗിലെത്താന്‍. മുംബൈയ്ക്കും അലിബാഗിനുമിടയില്‍ ഫെറി സര്‍വ്വീസുമുണ്ട്. ഇത് ദൂരം വീണ്ടും കുറയ്ക്കും. ഫെറിയാത്ര അറബിക്കടലിലൂടെയുള്ള മറക്കാനാവാത്ത ഒരു അനുഭവമായി മാറുകയും ചെയ്യും.

We use cookies to give you the best possible experience. Learn more