സ്വീഡിഷ് ഫുട്ബോളറും എസി.മിലാൻ താരവുമായ സ്ലാട്ടൻ ഇബ്രഹാമോവിച്ചിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് അർജന്റൈൻ താരം സെർജിയോ അഗ്യൂറോ.
അർജന്റീനയുടെ ലോകകപ്പ് വിജയത്തെ സംബന്ധിച്ച ഇബ്രഹാമോവിച്ചിന്റെ പരാമർശങ്ങൾ അടുത്തിടെ വലിയ വിവാദമായിരുന്നു.
അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ മെസി മാത്രമേ ഓർമിക്കപ്പെടുകയുള്ളുവെന്നും മറ്റുള്ള താരങ്ങൾക്ക് അതിന് അർഹതയില്ലെന്നുമായിരുന്നു ഇബ്രഹാമോവിച്ചിന്റെ വാദം.
കൂടാതെ ലോകകപ്പ് വിജയത്തിന് ശേഷമുള്ള അർജന്റൈൻ താരങ്ങളുടെ വിജയാഘോഷം വളരെ മര്യാദയില്ലാത്ത രീതിയിലായിരുന്നെന്നും അതിനാൽ തന്നെ അവർ തീരെ ബഹുമാനം അർഹിക്കുന്നില്ലെന്നുമായിരുന്നു ഇബ്രഹാമോവിച്ചിന്റെ വാദം.
എന്നാൽ വിഷയത്തിൽ സ്വീഡിഷ് താരത്തിന് മറുടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അർജന്റീനയുടെ മുൻ താരമായ സെർജിയോ അഗ്യൂറോ.
“എന്നെ സംബന്ധിച്ച് സ്ലാട്ടൻ അർജന്റീന ഇനി ലോകകപ്പ് നേടില്ലെന്ന് പറഞ്ഞത് വളരെ മോശം പരാമർശമായി തോന്നി. എന്നാൽ അർജന്റീനയെക്കുറിച്ച് ഓർത്ത് വിഷമിക്കുന്നതിന് മുമ്പ് അദ്ദേഹം സ്വന്തം രാജ്യത്തിന്റെ കാര്യം ഓർത്ത് വിഷമിക്കണം.
എന്റെ അറിവിൽ കഴിഞ്ഞ ലോകകപ്പിൽ യോഗ്യത നേടാൻ പോലും അവർക്ക് സാധിച്ചിരുന്നില്ല,’ സ്പോർട്സ് ബൈബിളിനോട് തത്സമയം സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പോളണ്ടിനോട് യോഗ്യതാ റൗണ്ടിൽ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടായിരുന്നു സ്വീഡൻ ലോകകപ്പ് യോഗ്യത ഘട്ടം കാണാതെ പുറത്തായത്.
ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം ചൂടിയ ശേഷം അർജന്റൈൻ താരങ്ങൾ പുറത്തെടുത്ത മോശം പെരുമാറ്റങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
ഡ്രസിങ് റൂമിലും, ബ്യൂണസ് ഐറിസിൽ വെച്ച് നടന്ന വിക്ടറി പരേഡിലും ഫ്രഞ്ച് മുന്നേറ്റ നിരയുടെ കുന്തമുനയായ എംബാപ്പെയെ അപമാനിക്കുന്ന രീതിയിൽ അർജന്റീനയിലെ പ്ലെയേഴ്സ് പല പ്രവർത്തികളും ചെയ്തിരുന്നു. ഇതിനെതിരെ ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ അർജന്റൈൻ ഫുട്ബോൾ ഫെഡറേഷനെതിരെയും ടീമംഗങ്ങൾക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം നിലവിൽ സീരി.എ ചാമ്പ്യൻമാരായ എസി.മിലാൻ താരമാണ് സ്ലാട്ടൻ ഇബ്രഹാമോവിച്ച്. ഫെബ്രുവരി 6നാണ് ചിരവൈരികളായ ഇന്റർ മിലാനുമായി ലോക പ്രസിദ്ധമായ മിലാൻ ഡാർബി എസി.മിലാൻ കളിക്കുക.
Content Highlights:Let your own country qualify for the World Cup first; Then you can criticize Argentina; Aguero said Ibrahimovic