ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ സുതാര്യമാക്കാനായി പ്രത്യേക യോഗം നടത്തി സിവില്‍ സൊസൈറ്റി പ്രതിനിധികള്‍. വോട്ടെണ്ണല്‍ സമയത്ത് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളും കൃത്രിമത്വങ്ങളും തടയാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ദളിത് സംഘര്‍ഷ് സമിതിയുടെ സ്ഥാപക നേതാവ് എന്‍. വെങ്കിടേഷ് ഉള്‍പ്പെടുന്ന സംഘം, മുന്‍ മന്ത്രിയും സാമൂഹിക പ്രവര്‍ത്തകനുമായ ബി.ടി. ലളിതാനായക്, കര്‍ണാടക ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ മനോഹര്‍ ചന്ദ്ര പ്രസാദ്, അരുണ്‍ ലൂയിസ്, ഡോ. ഇജാസ് അഹമ്മദ് ബുഖാരി, കര്‍ണാടക മുസ്‌ലിം മുത്തൈദ മഹാജ് താര റാവു, അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തകയും വേക്ക് അപ്പ് കര്‍ണാടക അംഗവുമായ കെ. എല്‍ അശോക് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു.
വോട്ടെണ്ണല്‍ നടക്കുന്ന വേളയിലോ അധികാര കൈമാറ്റം നടക്കുന്ന സമയത്തോ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ സൊസൈറ്റി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രതിനിധികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മെയ് 21 ന് ബെംഗളൂരുവിലും മെയ് 28 ന് ദല്‍ഹിയിലുമായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
‘ബി.ജെ.പി അത്ര എളുപ്പം പടിയിറങ്ങില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് വോട്ടെണ്ണലില്‍ കൃത്രിമം കാണിക്കുക, ജനവിധി ലംഘിക്കുക, തുടങ്ങിയ നിന്ദ്യമായ മാര്‍ഗങ്ങളിലൂടെ അവരുടെ കൈകളില്‍ അധികാരം നിലനിര്‍ത്താന്‍ പാര്‍ട്ടി പരമാവധി ശ്രമിക്കും,’ സൊസൈറ്റി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
‘ബി.ജെ.പിയുടെ കുതിര കച്ചവടം എന്ത് വില കൊടുത്തും തടയാന്‍ പൗരന്മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള വ്യാജ നടപടിയും ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. ഇത് തടയാന്‍ ഞങ്ങള്‍ എല്ലാ നടപടികളും സ്വീകരിക്കും.
വോട്ടെണ്ണല്‍ വേളയില്‍ ക്രമക്കേടുകളില്‍ ഏര്‍പ്പെടുകയോ ജനവിധി മാനിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്ത് ജനാധിപത്യത്തെ നഗ്‌നമായി പരിഹസിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുകയാണെങ്കില്‍, മഹത്തായ സ്വാതന്ത്ര്യസമരം പഠിപ്പിച്ച സത്യാഗ്രഹത്തിന്റെ പാത ഞങ്ങള്‍ പിന്തുടരും,’ സൊസൈറ്റി അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കത്ത് എഴുതിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയുടെ ഭാഗത്തു നിന്നും ഉണ്ടായ ഗുരുതരമായ ലംഘനങ്ങള്‍ക്ക് നേരെ കണ്ണടച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചരണ ഘട്ടത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
Content Highlight: Let Us Monitor and Ensure Impartial Vote Counting, Say Civil Society Representatives