ആഗ്രഹമുള്ളവര്‍ കഴിക്കട്ടെ, കേരളത്തില്‍ ഇങ്ങനെയൊന്നുമല്ല; അസമിലെ ബീഫ് നിരോധനത്തില്‍ മേജര്‍ രവി
Kerala News
ആഗ്രഹമുള്ളവര്‍ കഴിക്കട്ടെ, കേരളത്തില്‍ ഇങ്ങനെയൊന്നുമല്ല; അസമിലെ ബീഫ് നിരോധനത്തില്‍ മേജര്‍ രവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th December 2024, 9:20 am

ന്യൂദല്‍ഹി: അസമിലെ ബീഫ് നിരോധനത്തില്‍ വിമര്‍ശനവുമായി കേരളഘടകം ബി.ജെ.പി വൈസ് പ്രസിഡന്റ് മേജര്‍ രവി. ബീഫ് കഴിക്കാന്‍ ആഗ്രഹമുള്ളവര്‍ കഴിക്കട്ടെയെന്നാണ് മേജര്‍ രവി പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പശുവും ബീഫും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെയുള്ള നീക്കങ്ങള്‍ ജനങ്ങളില്‍ തെറ്റായ സന്ദേശമാണുണ്ടാക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.

നമുക്ക് എന്ത് വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്. ബീഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കാളകളെയും എരുമകളെയുമാണ്. പെട്ടെന്ന് ഒരു ദിവസം ബീഫ് നിരോധിച്ചുവെന്ന് പറയുമ്പോള്‍ സാധാരണക്കാരായ ജനങ്ങളില്‍ തെറ്റായ ധാരണയുണ്ടാകുമെന്നും മേജര്‍ രവി പറഞ്ഞു.

കേരളത്തില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ബീഫും പോര്‍ക്കുമെല്ലാം വാങ്ങിക്കാം, കഴിക്കാമെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ എന്നല്ല രാജ്യത്ത് എവിടെയാണെങ്കിലും ബീഫ് കഴിക്കാനുള്ള ഇടമുണ്ടാകണം. പശുക്കള്‍ക്ക് ഹൈന്ദവവര്‍ക്കിടയില്‍ പ്രത്യേക സ്ഥാനമുണ്ട്. പശുക്കളെ ആരാധിക്കുന്നവരുമുണ്ടെന്നും മേജര്‍ രവി പറഞ്ഞു. പശുക്കളെ കശാപ്പ് ചെയുന്ന ഒരിടവും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

ആദ്യം ചെയ്യേണ്ടത് ബീഫും പശുവും തമ്മിലുള്ള വ്യത്യാസം മനസിലാക്കുക എന്നതാണ്. പിന്നീടാണ് നിരോധനം അടക്കമുള്ള നടപടികളെ കുറിച്ചും ചിന്തിക്കേണ്ടതെന്നും മേജര്‍ രവി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ അസമില്‍ സമ്പൂര്‍ണമായി ബീഫ് നിരോധനം ഏര്‍പ്പെടുത്തിയത്.
റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും ഇതോടെ നിരോധിക്കപ്പെട്ടു.

നേരത്തെ സമ്പൂര്‍ണ ബീഫ് നിരോധനം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ക്ഷേത്രങ്ങള്‍ക്ക് സമീപം അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ബീഫ് കഴിക്കുന്നത് നിര്‍ത്താന്‍ തീരുമാനിച്ചതായും ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചിരുന്നു.

2021ലെ അസം കന്നുകാലി സംരക്ഷണ നിയമപ്രകാരം ഹിന്ദു, ജൈന, സിഖ് എന്നീ മതങ്ങളുടെ പുണ്യ സ്ഥലങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സമീപത്തായി പശുക്കളെ കശാപ്പുചെയ്യുന്നതും ബീഫ് വില്‍ക്കുന്നതും നിരോധിക്കപ്പെട്ടിരുന്നു. നിയമം ലംഘിച്ചാല്‍ മൂന്ന് മുതല്‍ എട്ട് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

Content Highlight: Let those who want eat, this is not the case in Kerala; Major Ravi on beef ban in Assam