| Tuesday, 14th March 2023, 7:22 pm

അവര്‍ എന്നെ കൊല്ലട്ടെ, ജയിലിലടക്കട്ടെ; പക്ഷേ ഞാനില്ലെങ്കിലും പോരാടാന്‍ സാധിക്കുമെന്ന് നിങ്ങള്‍ തെളിയിക്കണം: ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: തോഷ്ഖാന കേസില്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നതിനിടെ വീഡിയോ സന്ദേശവുമായി അണികളെ അഭിസംബോധന ചെയ്ത് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

തന്നെ കൊലപ്പെടുത്തിയാലും ജയിലിലടച്ചാലും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

‘നിങ്ങള്‍ നിങ്ങളുടെ അവകാശത്തിനായി തെരുവിലിറങ്ങി പോരാടണം. ദൈവം ഇമ്രാന്‍ ഖാന് സര്‍വവും നല്‍കി. ഞാന്‍ എന്റെ ജീവിതത്തില്‍ ഒരുപാട് പോരാടിയിട്ടുണ്ട്. പോരാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്.

പക്ഷേ എന്നെ അവര്‍ കൊലപ്പെടുത്തുകയോ ജയിലിലടക്കുകയോ ചെയ്യുമായിരിക്കും. പക്ഷേ നിങ്ങള്‍ ഇമ്രാന്‍ ഖാന്‍ ഇല്ലെങ്കിലും പോരാടാന്‍ സാധിക്കുമെന്ന് തെളിയിക്കണം.

നിങ്ങളൊരിക്കലും ഈ ഏകാധിപതിയുടെ അടിമത്തം അംഗീകരിക്കരുത്.

പൊലീസ് എന്നെ അറസ്റ്റ് ചെയ്യാന്‍ വന്നിട്ടുണ്ട്. ഇമ്രാന്‍ ഖാനെ ജയിലിലടച്ചാല്‍ ഇവിടുത്തെ ജനങ്ങള്‍ ഉറങ്ങുമെന്നാണ് അവര്‍ കരുതിയത്.

അവര്‍ ധരിച്ച് വെച്ചത് തെറ്റാണെന്ന് നിങ്ങള്‍ ബോധ്യപ്പെടുത്തണം,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലാണ് പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇമ്രാന്‍ ഖാനെ തോഷ്ഖാന അഴിമതി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുന്നത്. പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് അദ്ദേഹം സമ്മാനങ്ങള്‍ വാങ്ങിയിരുന്നുവെന്നതാണ് കേസ്.

കഴിഞ്ഞ ദിവസം ജില്ലാ സെഷന്‍സ് കൊടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതെ വന്നതിനെ തുടര്‍ന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

അതേസമയം ഇമ്രാന്‍ ഖാന്റെ വസതിക്ക് മുന്നില്‍ ചൊവ്വാഴ്ച നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രീഖ്-ഇ-ഇന്‍സാഫ് അണികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

പ്രതിഷേധം ശമിപ്പിക്കാന്‍ വേണ്ടി പൊലീസ് ജലപീരങ്കികള്‍ ഉപയോഗിച്ചു. സംഘര്‍ഷത്തില്‍ ലാഹോര്‍ ഡി.ഐ.ജിക്ക് പരിക്കേറ്റിട്ടുണ്ട്.

ലാഹോറില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുമ്പും ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി പൊലീസ് എത്തിയിരുന്നു.

CONTENT HIGHLIGHT: Let them kill me and put me in prison; But you have to prove that you can fight without me: Imran Khan

We use cookies to give you the best possible experience. Learn more