പത്തനംതിട്ട: ഓഫീസിനുള്ളില്‍ റീല്‍ ചിത്രീകരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പിന്തുണയുമായി ഐ.എ.എസ് ഉദ്യോഗസ്ഥനും കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുമായ എന്‍. പ്രശാന്ത്. ഓഫീസിനുള്ളില്‍ റീല്‍ ചിത്രീകരിച്ചതിന് തിരുവല്ല നഗരസഭയിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒമ്പത് മണിക്ക് മുന്നെയും, അഞ്ച് മണി കഴിഞ്ഞും ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലുമൊക്കെ കുറച്ച് സര്‍ക്കാറുദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത് നിയമം അനുശാസിക്കുന്നത് കൊണ്ടല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
‘ഒമ്പത് മണിക്ക് മുന്നെയും, അഞ്ച് മണി കഴിഞ്ഞും ഞായറാഴ്ചയും മറ്റ് അവധിദിവസങ്ങളിലുമൊക്കെ കുറച്ച് സര്‍ക്കാറുദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത് നിയമം അനുശാസിക്കുന്നത് കൊണ്ടല്ല. അസംബ്ലി കൂടിയിരിക്കുന്ന ഈ സമയത്ത് പല ഉദ്യോഗസ്ഥരും രാത്രി ഏറെവൈകിയാണ് ഓഫീസ് വിട്ട് പോകുന്നത്. ആ കുറച്ച് പേര്‍ക്ക് അങ്ങനെ തോന്നുന്നത് കൊണ്ടാണ് ഈ സിസ്റ്റം ഇങ്ങനെയെങ്കിലും ഓടുന്നത്,’ എന്‍. പ്രശാന്ത് പറഞ്ഞു.
അങ്ങനെ ചട്ടങ്ങള്‍ക്കപ്പുറം മനസ്സറിഞ്ഞ് ജോലി ആസ്വദിച്ച് ചെയ്യുന്നവര്‍ ഒരോളത്തില്‍ എന്‍ജോയ് ചെയ്ത് പണിയെടുക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു ഞായറാഴ്ച ദിനത്തില്‍, പൊതുസ്ഥലത്ത് ഒരു പൗരന് അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമപരിജ്ഞാനം. എത്രയോ ഉയര്‍ന്ന തസ്തികയിലിരിക്കുന്നവര്‍ ജോലിസമയത്തും, ജോലിയുടെ പേരിലും, ജോലിസ്ഥലത്തും അല്ലാതെയും ചെയ്ത് കൂട്ടുന്നതിനെക്കാള്‍ നിരുപദ്രവകരമായ കാര്യവും ഏറെ നിലവാരം പുലര്‍ത്തുന്നതാണ് ഇവരുടെ കലാസൃഷ്ടിയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഉദ്യോഗസ്ഥരെ പിന്തുണച്ച് കൊണ്ട് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷും രംഗത്തെത്തി. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച റിപ്പോർട്ട് പ്രകാരം ഞായറാഴ്ച ദിവസമാണ് റീൽ തയ്യാറാക്കിയതെന്ന് വ്യക്തമായതായും മന്ത്രി കൂട്ടിച്ചേർത്തു.
ജീവനക്കാരുടെ എല്ലാ സർഗാത്മക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണപിന്തുണയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ഇവയെല്ലാം ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും മാത്രമായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
റീല് പുറത്തുവന്നതിന് പിന്നാലെയാണ് നഗരസഭയിലെ എട്ട് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. റവന്യൂ വിഭാഗത്തിലെ വനിതകൾ ഉൾപ്പടെയുള്ള ജീവനക്കാർക്കാണ് നഗരസഭ സെക്രട്ടറി നോട്ടീസ് അയച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
Content Highlight: Let them enjoy and work; N. Prashant in support of the reel of government officials