| Friday, 25th October 2019, 12:37 pm

'കാത്തിരിക്കൂ, പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിക്കും'; ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന സൂചന നല്‍കി ഹൂഡ; ജെ.ജെ.പിയുമായി ചര്‍ച്ച പുരോഗമിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിയാന: ഹരിയാന ആരുഭരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ മറുപക്ഷത്ത് ചരടുവലികള്‍ മുറുക്കി കോണ്‍ഗ്രസും സജീവമാണ്.

സ്വതന്ത്രരെ ഒപ്പം നിര്‍ത്തി സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ ജെ.ജെ.പിയെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

ഭൂപീന്ദര്‍ ഹൂഡയുമായും മറ്റ് എം.എല്‍.എമാരുമായും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം ജെ.ജെ.പി ക്യാമ്പില്‍ തന്നെ കോണ്‍ഗ്രസുമായി സഖ്യം വേണമെന്നും ബി.ജെ.പിയുമായി സഖ്യം വേണമെന്നുമുള്ള രണ്ടഭിപ്രായങ്ങള്‍ നേതാക്കള്‍ക്കിടയില്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരിയാനയില്‍ ബി.ജെ.പി 40 സീറ്റുകളിലും കോണ്‍ഗ്രസ് 31 സീറ്റുകളിലുമാണ് വജിയിച്ചത്.

താന്‍ പ്രതീക്ഷ കൈവിട്ടില്ലെന്നും സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അമിത് ഷായെയോ പോലെ ആത്മവിശ്വാസമുണ്ടോയെന്ന ചോദ്യത്തിന് തനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു ഹൂഡയുടെ പ്രതികരണം. അതേസമയം താന്‍ പ്രാക്ടിക്കലായി ചിന്തിക്കുന്ന ഒരാളാണെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ചില കാര്യങ്ങള്‍ സംഭവിക്കുന്നതിനായി കാത്തിരിക്കുകയാണ്. ചിലപ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിക്കും- ഹൂഡ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനമാണ് ചൗതാല ആഗ്രഹിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് അതിന് തയ്യാറാണോയെന്ന ചോദ്യത്തിന് അതെല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും ഹൂഡ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കണമെന്ന അവകാശവാദവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ടെങ്കിലും താന്‍ പ്രതീക്ഷ കൈവിട്ടില്ലെന്നും ജെ.ജെ.പിയില്‍ നിന്നുള്ള നേതാക്കളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും ചൗതാല പറഞ്ഞു. ഇന്നലെ വൈകുന്നേരം കോണ്‍ഗ്രസ് ചൗതാലയെ സമീപിക്കുകയും പാര്‍ട്ടിയുണ്ടാക്കാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു.

‘ദുഷ്യന്ത് ചൗതാലയോട് ഞങ്ങളോടൊപ്പം വരണം. ബി.ജെ.പിയെ പുറത്താക്കാന്‍ അവരുടെ പാര്‍ട്ടിയുടെ ഓരോ എം.എല്‍.എമാരോടും ആവശ്യപ്പെടണം’- എന്നായിരുന്നു ഹൂഡയുടെ മകനും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ദീപേന്ദര്‍ ഹൂഡ പറഞ്ഞത്. അതേസമയം ഇതുവരെ ജെ.ജെ.പി നിലപാട് പ്രഖ്യാപിച്ചിട്ടില്ലെന്നും ഹൂഡ പറഞ്ഞു.

We use cookies to give you the best possible experience. Learn more