തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്നുള്ള മുഖ്യമന്ത്രിയെ സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എല്‍.എ.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആദ്യം 72 സീറ്റ് കിട്ടട്ടെയെന്നും എന്നിട്ടാകാം മുഖ്യമന്ത്രി ചര്‍ച്ചകളെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചര്‍ച്ചകള്‍ വ്യക്തികളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ലക്ഷ്മണ രേഖ ആദ്യം കടക്കണം, അതിന് വേണ്ടി എല്ലാവരെയും ഒന്നിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നിലവില്‍ കെ.പി.സി.സിയുടെ നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുധാകരനെ മാറ്റുന്നതിനെ മുല്ലപ്പള്ളി രാമചന്ദ്രന്‍ അബുകൂലിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എഴുതിയ കത്തിലാണ് മുല്ലപ്പള്ളി അഭിപ്രായം വ്യക്തമാക്കിയത്.
പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കണം എന്നാണ് മുല്ലപ്പള്ളി പറയുന്നത്. നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുരളീധരനും ഉള്‍പ്പെടെയുള്ളവര്‍ കെ. സുധാകരനെ മാറ്റേണ്ടതില്ലെന്ന തീരുമാനമാണ് എടുത്തിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഭൂരിഭാഗം നേതാക്കളും നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാല്‍ കുഴപ്പമില്ലെന്ന് കെ. സുധാകരന്‍ പറഞ്ഞിരുന്നു. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നാണ് സുധാകരന്‍ പ്രതികരിച്ചത്.
അതേസമയം കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച യോഗം ഇന്ന് (വെള്ളി) ദല്‍ഹിയില്‍ നടക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേതാക്കളെ കാണും.
എ.ഐ.സി.സി സെക്രട്ടറിമാരും വിവിധ ഏജന്‍സികളും വിലയിരുത്തല്‍ അവതരിപ്പിക്കുമെന്നാണ് വിവരം. യോഗത്തില്‍ ശശി തരൂരും പങ്കെടുക്കും.
Content Highlight: Let’s get 72 seats first, then talk about chief minsiter: Thiruvanchoor Radhakrishnan