| Sunday, 8th December 2024, 6:50 pm

'ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ട'; മുനമ്പം വിഷയത്തില്‍ കെ.എം. ഷാജിയ്ക്ക് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരോക്ഷ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുനമ്പം വിഷയത്തില്‍ പ്രതികരിച്ച കെ.എം. ഷാജിയെ പരോക്ഷമായി വിമര്‍ശിച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

എല്‍.ഡി.എഫും ബി.ജെ.പിയും സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ആരും കക്ഷി ചേരേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വെറുതെ വിവാദമുണ്ടാകരുതെന്നും മുനമ്പം വിഷയത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ ലീഗിന്റെ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുനമ്പത്തെ ഒരു ചെറിയ വിഷയമായി ലീഗ് കരുതുന്നില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാദിഖലി തങ്ങള്‍ റോമിലെത്തി പോപ്പിനെ കണ്ടതാണെന്നും ലീഗ് സ്വീകരിക്കുന്ന നിലപാട് ഇതില്‍ നിന്നും വ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുനമ്പം വിഷയം പരിഹരിക്കാന്‍ സൗഹാര്‍ദപരമായി ഏതറ്റം വരെ പോകുമെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നാണ് കെ.എം. ഷാജി പറഞ്ഞത്. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മുസ്‌ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും കെ.എം. ഷാജി പറഞ്ഞിരുന്നു.

മുനമ്പം വിഷയത്തിലെ പ്രതികള്‍ മുനമ്പത്തെ ഭൂമി വാങ്ങിയ പാവപ്പെട്ടവരല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ഫാറൂഖ് കോളേജിന് എന്ത് അധികാരമെന്നും കെ.എം. ഷാജി ചോദിച്ചിരുന്നു.

‘പ്രതികളെ പിടിക്കേണ്ടത് മുസ്‌ലിം ലീഗാണോ? അവരെ പിടക്കേണ്ടത് സി.പി.ഐ.എമ്മാണോ കോണ്‍ഗ്രസാണോ? അല്ലല്ലോ. അതിനല്ലേ ഇവിടെ ഭരണകൂടമുള്ളത്?,’ എന്നും കെ.എം ഷാജി ചോദിച്ചു. ഇതിനുപിന്നാലെയാണ് പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ കെ.എം. ഷാജിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.

മുനമ്പം വിഷയത്തില്‍ പരിഹാരം കാണുന്നതിനായി ലീഗും സാദിഖലി തങ്ങളും സമവായ നീക്കത്തിന് ശ്രമം നടത്തിയിരുന്നു. മുനമ്പത്തെത്തി ബിഷപ്പുമാരുമായി സാദിഖലി തങ്ങള്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

Content Highlight: ‘Let no one seek to be a party’; PK Kunjalikutty’s indirect criticism against KM Shaji on the Munambam

We use cookies to give you the best possible experience. Learn more