| Sunday, 19th February 2023, 2:27 pm

എന്നെ ആരും അന്വേഷിക്കണ്ട; ഇസ്രാഈലില്‍ വെച്ച് കാണാതായ മലയാളി കര്‍ഷകന്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കര്‍ഷക സംഘത്തോടൊപ്പം ഇസ്രഈലില്‍ പോയി കാണാതായ കര്‍ഷകന്‍ ബിജു കുര്യന്‍ ഫോണിലൂടെ ബന്ധപ്പെട്ടുവെന്ന് കുടുംബം. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നും ബിജു ഭാര്യയെ അറിയിച്ചതായി സഹോദരന്‍ ബെന്നി പറഞ്ഞു. അതിന് ശേഷം ബിജുവിനെ ഫോണില്‍ കിട്ടിയിട്ടില്ലെന്നും ബെന്നി മനോരമ ന്യൂസിനോട് പറഞ്ഞു.

‘ പുള്ളി സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും പറഞ്ഞ് മെസേജ് അയച്ചുവെന്നാണ് ബിജുവിന്റെ ഭാര്യ പറഞ്ഞത്. ഞാന്‍ നെറ്റില്‍ നോക്കുമ്പോള്‍ കഴിഞ്ഞ വ്യാഴാഴ്ച പത്തേക്കാലാണ് സമയം കാണുന്നത്. അതിന് മുമ്പ് എപ്പോഴോ ആണ് മെസേജ് അയച്ചത്. പക്ഷേ ഇപ്പോള്‍ ബന്ധപ്പെടാന്‍ പറ്റുന്നില്ല,’ ബെന്നി പറഞ്ഞു.

ബിജു എന്ത് കൊണ്ടാണ് അവിടെ തുടരുന്നതെന്നും തിരിച്ച് വരാത്തതെന്നുമുള്ള കാര്യം വ്യക്തമല്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ കുടുംബം വ്യക്തമാക്കുന്നില്ലെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രഈല്‍ ഹെര്‍സിലിയയിലെ ഹോട്ടലില്‍ നിന്ന് ഈ മാസം 17ന് രാത്രിയാണ് സംസ്ഥാന കൃഷി വകുപ്പ് ഇസ്രഈലില്‍ ആധുനിക കൃഷി രീതി പരിശീലനത്തിന് അയച്ച സംഘത്തിലെ ബിജുവിനെ കാണാതായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ 27 കര്‍ഷകരിലൊരാളാണ് ബിജു.

ഇസ്രഈല്‍ ഹെര്‍സിലിയയിലെ ഹോട്ടലില്‍ നിന്ന് ഈ മാസം 17ന് രാത്രിയാണ് ഇദ്ദേഹത്തെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാത്രി ഭക്ഷണം ക്രമീകരിച്ചിരിക്കുന്ന ഹോട്ടലിലേക്ക് പോകാന്‍ വേണ്ടി ബസിന് അരികിലെത്തിയതിന് ശേഷമാണ് അദ്ദേഹത്തെ കാണാതായതെന്ന് സംഘത്തിലുള്ളവര്‍ അറിയിച്ചു. ബിജുവിന്റെ കയ്യില്‍ പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗ് ഉണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.

സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോക് അന്ന് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഇന്ത്യന്‍ എംബസിയെയും വിവരം അറിയിച്ചിരുന്നു. സംഭവത്തില്‍ ഇസ്രഈല്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും സമീപത്തെ സി.സി.ടി.വികള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

content highlight: Let no one seek me; The family said that the Malayali farmer who went missing in Israel was contacted by phone

We use cookies to give you the best possible experience. Learn more