| Wednesday, 9th May 2018, 10:22 pm

ശമ്പളം മുടങ്ങി; യൂണിഫോമില്‍ യാചിക്കാന്‍ അനുവാദം ചോദിച്ച് മുംബൈയിലെ പൊലീസ് കോണ്‍സ്റ്റബിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശമ്പളും മുടങ്ങിയതിനാല്‍ യൂണിഫോമില്‍ ഭിക്ഷയാചിക്കാന്‍ അനുവാദം ചോദിച്ച് മുംബൈ പൊലീസ് കോണ്‍സ്റ്റബിള്‍. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം കിട്ടാത്തതിനാല്‍ കുടുംബം നോക്കാനാവുന്നില്ലെന്നാണ് കോണ്‍സ്റ്റബിളായ ധന്വേശ്വര്‍ അഹിരോ പറയുന്നത്.

രോഗിയായ ഭാര്യയുടെ ചികിത്സാ ചെലവും വീട്ടു ചെലവും കണ്ടെത്താന്‍ യൂണിഫോം ധരിച്ച് ഭിക്ഷ യാചിക്കാന്‍ അനുവാദം തരണമെന്നാണ് പൊലീസ് കമ്മിഷണര്‍ ദത്ത പല്‍സല്‍ഗികാറിനും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടത്.


Read | സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ്; കെ-ഫോണ്‍ പദ്ധതിക്ക് തുടക്കമായി


മാര്‍ച്ച് 20 മുതല്‍ 22 വരെ അഹിരോ അവധിയിലായിരുന്നു. എന്നാല്‍ ഭാര്യയുടെ കാലിന് പരിക്കുള്ളതിനാല്‍ അവിധി കഴിഞ്ഞും അദ്ദേഹത്തിന് ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. യൂണിറ്റ് മേധാവിയെ ഫോണില്‍ ബന്ധപ്പെട്ട് അഞ്ച് ദിവസം കൂടെ അടിയന്തിര അവധി ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് 28ന് ജോലിയില്‍ പ്രവേശിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന് ശേഷം ശമ്പളം കിട്ടിയിട്ടില്ലെന്നാണ് ആഹിരോ പറയുന്നത്.

“എന്റെ രോഗിയായ ഭാര്യയുടെയും വയോധികരായ രക്ഷിതാക്കളുടെയും കാര്യം നോക്കാനുള്ളതാണ്. കൂടാതെ ലോണിന്റെ മാസ തവണയും അടക്കേണ്ടതായിട്ടുണ്ട്. എന്റെ ശമ്പളം മുടങ്ങിയതിനാല്‍ എനിക്ക് ഈ ചെലവുകള്‍ താങ്ങാനാവില്ല. അതിനാല്‍ എനിക്ക് യൂണിഫോമില്‍ ഭിക്ഷ യാചിക്കാനുള്ള അനുവാദം തരണം.” – ആഹിരോയുടെ കത്തില്‍ പറയുന്നു.

വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇപ്പോള്‍ പ്രതികരണം അറിയിക്കാന്‍ പറ്റില്ലെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ വസന്ത് ജാദവ് പറഞ്ഞു.

We use cookies to give you the best possible experience. Learn more