| Monday, 28th June 2021, 3:07 pm

എന്നെ ജയിലിലടക്കുകയോ തൂക്കിക്കൊല്ലുകയോ ചെയ്യട്ടെ, കുഴല്‍പ്പണക്കേസ് എന്നൊരു കേസില്ല; കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കള്ളപ്പണക്കേസുമായി ബി.ജെ.പിയെ ഒരു തരത്തിലും ബന്ധിപ്പിക്കാനാവില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കുഴല്‍പ്പണക്കേസ് എന്നൊരു കേസില്ലെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരെ കള്ളക്കേസ് എടുക്കുമായിരിക്കും, തന്നെ ജയിലിലടക്കുകയോ തൂക്കിക്കൊല്ലുകയോ ചെയ്യട്ടെയെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം സി.കെ. ജാനുവിന് പണം നല്‍കിയെന്ന കേസില്‍ കെ. സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് സി.കെ. ജാനുവിനെയും പ്രതിയാക്കിയാണ് കേസെടുത്തത്.

സി.കെ. ജാനുവിനെ എന്‍.ഡി.എയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസിനാസ്പദമായ പരാതി. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസായിരുന്നു പരാതി നല്‍കിയിരുന്നത്.

എന്‍.ഡി.എയില്‍ തിരിച്ചെത്തുന്നതിനായി സി.കെ. ജാനുവിന് സുരേന്ദ്രന്‍ പണം നല്‍കിയെന്ന് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയതോടെയാണ് വിഷയത്തിലെ വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. 10 കോടി രൂപയാണ് സി.കെ. ജാനു ചോദിച്ചതെന്നും ഇതിന്റെ ആദ്യ ഗഡുവായിട്ടാണു പത്ത് ലക്ഷം രൂപ നല്‍കിയതെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു.

കെ. സുരേന്ദ്രന്‍ പ്രസീതയോടും, അദ്ദേഹത്തിന്റെ സെക്രട്ടറി സി.കെ. ജാനുവിനോടും സംസാരിച്ചെന്ന് കരുതപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.

ജാനുവിന് പണം നല്‍കിയത് ആര്‍.എസ്.എസ്. അറിവോടെയാണെന്ന് സുരേന്ദ്രന്‍ പറയുന്ന ടെലിഫോണ്‍ സംഭാഷണവും പുറത്തായിരുന്നു. സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. മാര്‍ച്ച് 25 നാണ് സുരേന്ദ്രന്‍ പ്രസീതയെ വിളിച്ചത്.

കൊടകര കുഴല്‍പ്പണക്കവര്‍ച്ച കേസിലും സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Let me be imprisoned or hanged, there is no money laundering case; K. Surendran

We use cookies to give you the best possible experience. Learn more