| Wednesday, 20th July 2022, 2:45 pm

അയാളെ ഒന്ന് ജീവിക്കാന്‍ വിടൂ; വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ ആര്യന്‍ ഖാന് പിന്തുണയുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആഢംബര കപ്പലില്‍ ലഹരി മരുന്ന് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ക്ലീന്‍ ചീറ്റ് നല്‍കിയതിന് പിന്നാലെ ആര്യന്‍ ഖാന് സമൂഹ മാധ്യമങ്ങളില്‍ പിന്തുണയേറുന്നു.

ആര്യന്‍ ഖാനെ വിടാതെ പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്ന ചിലരുടെ പ്രവണതയ്ക്ക് എതിരെയാണ് സോഷ്യല്‍ മീഡയയില്‍ ‘ലെറ്റ് ഹിം ലിവ്’ ക്യാമ്പയിന്‍ ആരംഭിച്ചത്.

ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന് കഴിഞ്ഞ മാസമാണ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ക്ലീന്‍ ചീറ്റ് നല്‍കിയത്. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച ആര്യന് പാസ്പോര്‍ട്ട് തിരികെ നല്‍കാന്‍ മുബൈയിലെ പ്രത്യേക കോടതി എന്‍.സി.ബിയോട് ഉത്തരവിട്ടിരുന്നു.

ക്ലീന്‍ ചീറ്റ് കിട്ടിയതിന് ശേഷം കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്‍ മുബൈയിലെ ഒരു നിശാക്ലബില്‍ കൂട്ടുകാരുമൊത്ത് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെത്തുടര്‍ന്ന് ആര്യനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് ആര്യന്‍ ഖാന്റെ ഈ പാര്‍ട്ടി വീഡിയോ പങ്കുവെച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തിന് പിന്തുണയുമായി നിരവധി പേര്‍ എത്തിയത്.

‘എത്രമാത്രം വിദ്വേഷമാണ് ഈ ചെറുപ്പക്കാരന്‍ ആളുകളില്‍ നിന്ന് നേരിട്ടത്, ഇത് ആ യുവാവിന്റെ മാനസിക നിലക്ക് വലിയ ആഘാതം ഉണ്ടാക്കിയേക്കാം, ഇനിയെങ്കിലും ആര്യനെ വെരൂതെ വിടൂ..’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരു ആരാധകന്‍ പറഞ്ഞത്.

ആര്യന്‍ ഖാന് ജീവിതം ആസ്വദിക്കാന്‍ സ്വാതന്ത്ര്യമില്ലേ..?, മുബൈയില്‍ മദ്യപാനം എന്നുമുതലാണ് നിയമവിരുദ്ധമായത്..? തുടങ്ങിയ ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ആര്യന് പിന്തുണയുമായി എത്തിയവര്‍ ഉയര്‍ത്തുന്നത്.

ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും കടന്നുകയറുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കൂവെന്നും അദ്ദേഹത്തെ ജീവിക്കാന്‍ അനുവദിക്കൂ എന്നുമാണ് ചില കമന്റുകള്‍.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനായിരുന്നു ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടിരുന്നു.

മതിയായ തെളിവുകളുടെ അഭാവത്തിലാണ് ആര്യന്‍ ഖാനും കോര്‍ഡീലിയ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുടെ നാല് സംഘാടകര്‍ എന്നിവര്‍ക്കുമെതിരായുമുള്ള കേസുകള്‍ക്ക് കഴിഞ്ഞ മാസം എന്‍.സി.ബി ക്ലീന്‍ ചീറ്റ് നല്‍കിയത്.

ലഹരി കേസില്‍ 14 പേര്‍ക്കെതിരെയാണ് എന്‍.സി.ബി. കുറ്റപത്രം സമര്‍പ്പിച്ചത്. 10 വാള്യങ്ങളിലായാണ് എന്‍.സി.ബി. പ്രത്യേക കോടതിയില്‍ നല്‍കിയ കുറ്റപത്രം. കഴിഞ്ഞ വര്‍ഷമാണ് മുംബൈ തീരത്ത് ആഡംബര കപ്പലില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയതില്‍ ആര്യന്‍ ഖാനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.

ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ ഒരു മാസമാണ് മുംബൈ പൊലീസിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞത്. ആഡംബര കപ്പലില്‍ എന്‍.സി.ബി. സംഘം നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായും ആരോപണമുയര്‍ന്നിരുന്നു.

കപ്പലില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ ആര്യന്‍ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണോ ചാറ്റുകളോ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല, ചാറ്റുകളില്‍നിന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം കണ്ടെത്താനുമായിരുന്നില്ല.

എന്‍.സി.ബി. നടത്തിയ റെയ്ഡിന്റെ വീഡിയോ പകര്‍ത്തിയിരുന്നില്ല. ഒട്ടേറെ പ്രതികളില്‍നിന്ന് കണ്ടെടുത്ത ലഹരി മരുന്നെല്ലാം ഒരൊറ്റ തൊണ്ടിമുതലായാണ് കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും എന്‍.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ലഹരി പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് അന്വേഷണം എന്‍.സി.ബി.യുടെ പ്രത്യേക സംഘം ഏറ്റെടുത്തത്.

Content Highlight: Let Him Live Aryan Khan Gets Support After Being Trolled for ‘Partying’ at Mumbai Club

We use cookies to give you the best possible experience. Learn more