ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാറിനെതിരെ പ്രക്ഷോഭവുമായി 23,000ത്തോളം ഗോരക്ഷകര്‍. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വീടിനുനേരെ മാര്‍ച്ചു നടത്താന്‍ തീരുമാനിച്ചിരിക്കുകയാണിവര്‍.
മധ്യപ്രദേശ് ഗോരക്ഷാ സേവക് സംഘിന്റെ നേതൃത്വത്തിലാണ് ഭോപ്പാലിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പിക്കറ്റിങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പശുസംരക്ഷണത്തിന് ഭൂമി നല്‍കുക, പശുക്കള്‍ക്ക് ഭക്ഷ്യസബ്‌സിഡി നല്‍കുക, പഞ്ചായത്ത് തലത്തില്‍ ഗോരക്ഷകരെ റിക്രൂട്ട് ചെയ്യുക, അവര്‍ക്ക് പ്രതിഫലവും 5% തൊഴില്‍ സംവരണവും ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ഗോരക്ഷകരുടെ പ്രക്ഷോഭം.
പശുസംരക്ഷകരെന്ന് അവകാശപ്പെടുന്ന ബി.ജെ.പി സര്‍ക്കാര്‍ പശുക്കള്‍ക്കുവേണ്ടിയോ പശുക്കളെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ടിയോ ഒന്നും ചെയ്യുന്നില്ല എന്നാണ് ഗോ സേവക് സംഘിന്റെ പ്രസിഡന്റ് രാജേഷ് ധോല്‍പൂര്‍ പറയുന്നത്.
“ഇതാദ്യമായല്ല ഞങ്ങള്‍ ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുന്നത്. 2017 മാര്‍ച്ച് 26ന് മൃഗസംരക്ഷണ വകുപ്പിലെ അന്താര്‍ സിങ് ആര്യയും എം.പിയായ അലോക് സഞ്ജാറും ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇന്നുവരെ ഒന്നും നടന്നിട്ടില്ല. അവര്‍ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു.” അദ്ദേഹം പറയുന്നു.
ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്നവരാണ് ബി.ജെ.പിയും മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാറും. പശു സംരക്ഷണത്തിനായി കര്‍ശന നിയമം വേണമെന്ന് ഇവര്‍ പലവട്ടം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മധ്യപ്രദേശിലെ ഗോവധ നിരോധന നിയമം ശിക്ഷ കര്‍ശനമാക്കി ഭേദഗതി ചെയ്യണമെന്ന് ചൗഹാന്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ശിക്ഷ മൂന്നുമുതല്‍ ഏഴുവര്‍ഷവരെയായി നീട്ടണമെന്നും ഏറ്റവും കുറഞ്ഞത് 5000രൂപയെങ്കിലും പിഴയായി ഈടാക്കണമെന്നുമായിരുന്നു ചൗഹാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാറിന്റെ ഇത്തരം വാഗ്ദാനങ്ങളെല്ലാം പൊള്ളത്തരമാണെന്നാണ് ഗോരക്ഷകര്‍ പറയുന്നത്.
അതിനിടെ ബി.ജെ.പിയ്‌ക്കെതിരെ മധ്യപ്രദേശിലെ ഗസ്റ്റ് അധ്യാപകരും രംഗത്തുവന്നിട്ടുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വോട്ടു ചെയ്യില്ലെന്ന് കഴിഞ്ഞദിവസം ഇവര്‍ പ്രതിജ്ഞയെടുത്തിരുന്നു. സര്‍ക്കാര്‍ തങ്ങളെ ചൂഷണം ചെയ്യുകയാണെന്നാണ് ഇവരുടെ ആരോപണം.
കഴിഞ്ഞ 15 വര്‍ഷമായി ബി.ജെ.പി അധികാരത്തിലിരിക്കുന്ന മധ്യപ്രദേശില്‍ ഈവര്‍ഷം അവസാനം തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഇക്കാലമെല്ലാം ബി.ജെ.പിയ്‌ക്കൊപ്പം ശക്തരായി നിന്ന ഈ വിഭാഗങ്ങള്‍ സമരവുമായി മുന്നോട്ടുവന്നിരിക്കുന്നത്.