കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്കുള്ള ക്ഷണത്തിൽ കോൺഗ്രസ് തന്നെ നിലപാട് അറിയിക്കട്ടെ എന്ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ.
കോൺഗ്രസുകാർക്ക് മറുപടി പറയാൻ അവരിൽ തന്നെ നല്ല കഴിവുള്ള ആളുകൾ ഉണ്ടാകും എന്ന് കാന്തപുരം മാധ്യമങ്ങളോട് പറഞ്ഞു. സമസ്തയുടെ നൂറാം വാർഷിക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശി തരൂരിന്റെ ഫലസ്തീൻ പ്രസ്താവനയിൽ അഭിപ്രായം പറയേണ്ടത് അദ്ദേഹമാണെന്നും വ്യക്തിയുടെ അഭിപ്രായത്തിന് താൻ അല്ല മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അന്യമതസ്ഥരും ആയുള്ള സൗഹൃദം വേണമെന്ന കാര്യത്തിൽ സംശയമില്ലെന്നും മമ്പുറം തങ്ങൾ ഉമർ ഖാദി തുടങ്ങിയവരെല്ലാം അന്യ മതക്കാരുമായി വളരെ സൗഹൃദത്തിൽ ജീവിച്ചാണ് കാണിച്ചു തന്നിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
അന്യമതക്കാരുടെ ആഘോഷങ്ങൾ ഇസ്‌ലാമികമാണെന്ന് വരുത്താത്ത വിധത്തിൽ പണ്ടൊക്കെ ചെയ്തത് പോലെ ഇനിയും ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് പോലുള്ള ആഘോഷങ്ങൾ മുസ്‌ലിം സമുദായത്തിലേക്ക് പടർന്നുകൊണ്ടിരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് എസ്.വൈ.എസ് നേതാവ് അബ്ദുൽ ഹമീസ് ഫൈസി അമ്പലക്കടവ് നേരത്തെ പറഞ്ഞിരുന്നു.