ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയില്‍ 1-0ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരു കളിയില്‍ തോല്‍ക്കുകയും രണ്ട് മത്സരം ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് ഇന്ത്യക്ക് പരാജയം സമ്മതിക്കേണ്ടി വന്നത്.
പരമ്പര നഷ്ടമായെങ്കിലും പല പാഠങ്ങളും ഇന്ത്യ ഈ പരമ്പരയില്‍ നിന്നും പഠിച്ചുകാണണം. ഏകദിനത്തില്‍ ടി-20 സ്‌പെഷ്യലിസ്റ്റായ സൂര്യകുമാര്‍ യാദവിന്റെ പരാജയമാണ് ഇതില്‍ ഒന്ന്.
ടി-20യില്‍ തകര്‍ത്തടിച്ച് റണ്‍സ് ഉയര്‍ത്തുമ്പോഴും ഏകദിനത്തില്‍ അതാവര്‍ത്തിക്കാന്‍ സൂര്യകുമാറിന് സാധിക്കുന്നില്ല. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മൂന്ന് പന്തില്‍ നിന്നും നാല് റണ്‍സ് മാത്രമാണ് സ്‌കൈ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തില്‍ 34 റണ്‍സ് നേടിയെങ്കിലും മൂന്നാം മത്സരത്തില്‍ വീണ്ടും പരാജയമായി മാറി.
റിഷബ് പന്താണ് അമ്പേ പരാജയമായ മറ്റൊരു ബാറ്റര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതിഭ തെളിയിച്ച, ഒരര്‍ത്ഥത്തില്‍ ടെസ്റ്റില്‍ മാത്രം പ്രതിഭ തെളിയിച്ച താരമായ റിഷബ് പന്തിനെ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ കളിപ്പിച്ചാണ് ഇന്ത്യ വീണ്ടും പണി വാങ്ങിക്കൂട്ടിയത്.
ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ താരത്തിന്റെ മാച്ച് വിന്നിങ് സെഞ്ച്വറിയെ മറുന്നകൊണ്ടല്ല ഇക്കാര്യം പറയുന്നത്. എന്നിരുന്നാലും ആ സെഞ്ച്വറിയുടെ പേരില്‍ മാത്രം പന്ത് ഈ ഫോര്‍മാറ്റ് കളിക്കാന്‍ യോഗ്യനാവുന്നില്ല എന്ന കാര്യം കൂടി ഓര്‍ക്കണം.
ഫോര്‍മാറ്റ് അനുസരിച്ച് ടീം സെലക്ട് ചെയ്യണമെന്ന പാഠമാണ് ഇന്ത്യ ആദ്യം പഠിക്കേണ്ടത്.
ഈ പരമ്പരയിലൂടെ മികച്ച ഒരു ഇടം കയ്യന്‍ ബാറ്ററെയും ഇന്ത്യക്ക് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. പരമ്പരയില്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്താണ് വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യയുടെ താരമായത്. വരും മത്സരങ്ങളില്‍ അവസരങ്ങള്‍ നല്‍കി വാഷിങ്ടണ്ണിന് കൃത്യമായ ബാക് അപ് നല്‍കുക എന്നതാണ് ബോര്‍ഡ് ഇനി ചെയ്യേണ്ട മറ്റൊരു കാര്യം.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ലെഫ്റ്റ് ആം ബാറ്ററുടെ കുറവ് നികത്തുന്ന പ്രകടനവുമായിട്ടാണ് വാഷിങ്ടണ്‍ സുന്ദര്‍ ഉയര്‍ന്നുവന്നത്. ആദ്യ മത്സരത്തില്‍ കേവലം 16 പന്തില്‍ നിന്നും 37 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദര്‍ രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.
ലെഫ്റ്റ് ആം-റൈറ്റ് ആം കോമ്പിനേഷന്‍ എതിര്‍ ടീം ബൗളര്‍മാരെ കുഴപ്പിക്കുന്നതിനാല്‍ ലെഫ്റ്റ് ആം ബാറ്റര്‍ ടീമില്‍ വേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നാല്‍ മികച്ച ഒരു ലെഫ്റ്റ് ആം ബാറ്റര്‍ ഈ പരമ്പരയില്‍ ഉയര്‍ന്നുവന്നതിനാല്‍ തന്നെ ലെഫ്റ്റ് ആം ബാറ്റര്‍ എന്ന പ്രിവിലേജ് ഇനി റിഷബ് പന്തിന് കൊടുക്കേണ്ടതില്ല എന്നതാണ് പരമ്പര നല്‍കുന്ന മറ്റൊരു പാഠം.
ബൗളിങ്ങിലും മികച്ച പ്രകടനം തന്നെയാണ് ഈ വലംകയ്യന്‍ ഓഫ് ബ്രേക്കര്‍ കാഴ്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ 10 ഓവര്‍ എറിഞ്ഞ് 4.2 എക്കോണമിയില്‍ 42 റണ്‍സ് മാത്രം വഴങ്ങിയ സുന്ദര്‍ മൂന്നാം മത്സരത്തില്‍ മൂന്ന് ഓവറില്‍ 16 റണ്‍സ് മാത്രമാണ് വഴങ്ങിയത്.
വല്ലപ്പോഴും മാത്രമാണ് ഇന്ത്യക്ക് മികച്ചൊരു സ്പിന്‍ ഓള്‍ റൗണ്ടറെ ലഭിക്കുന്നത്. യുവരാജിനും ജഡേജക്കും ശേഷം ഇനിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വാഷിങ്ടണ്‍. ആയതിനാല്‍ തന്നെ വാഷിങ്ടണ്ണിനെ വളര്‍ത്തിയെടുക്കേണ്ട ബാധ്യത ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനുണ്ട് എന്നതാണ് മറ്റൊരു പാഠം.
ടീം സെലക്ഷന്റെ അടിസ്ഥാനം ഫോം മാത്രമായിരിക്കണം എന്നതാണ് ഇന്ത്യ പഠിക്കേണ്ട മറ്റൊരു പാഠം. എത്ര മത്സരം തോറ്റാലും ഏതൊക്കെ ടൂര്‍ണമെന്റുകള്‍ പരാജയമായാലും നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും സെലക്ഷന്‍ കമ്മിറ്റിയും ഒരിക്കലും പഠിക്കാത്ത പാഠമാണിത്.
ഈ കാരണത്താല്‍ വിരേന്ദര്‍ സേവാഗിനെയടക്കം പുറത്താക്കിയ ഒരു ഭൂതകാലം ക്രിക്കറ്റ് ബോര്‍ഡിന് ഉണ്ടായിരുന്നു എന്നത് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരുപക്ഷേ അത്ഭുതമായി തോന്നിയേക്കാം.
ഫേവറിറ്റുകളല്ല, മറിച്ച് ഫോം ആവണം ടീമില്‍ ഇടം നേടാന്‍ ഉള്ള അടിസ്ഥാനം ക്രിക്കറ്റ് ബോര്‍ഡ് പൊളിറ്റിക്‌സ് കളിക്കാനുള്ള ഇടമല്ല തുടങ്ങിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപക്ഷേ ലോകത്തെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് ബോര്‍ഡ് എന്ന പദവിയും ബി.സി.സി.ഐക്ക് ലഭിച്ചേക്കും.
Content Highlight: Lessons this series teaches the Indian Cricket Board