രണ്ട് മാസം കഴിഞ്ഞാല്‍ കേരളത്തില്‍ മണ്‍സൂണ്‍ കാലം ആരംഭിക്കും. ജൂണ്‍ ഒന്നാം തീയതിയോടെ സാധരണഗതിയില്‍ത്തന്നെ 2020ലെ സൗത്ത് വെസ്റ്റ് മണ്‍സൂണ്‍ ആരംഭിക്കുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) അറിയിച്ചിരിക്കുന്നത്. കൊവിഡ് 19 ഉം അതിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനുമൊക്കയിടയില്‍ കാലം തെറ്റാതെ എത്തുന്ന മണ്‍സൂണ്‍ കര്‍ഷകര്‍ക്കും കൃഷിമേഖലയ്ക്കും പൊതുവേ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍.
അതേസമയം, തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രളയം, ഇനിയൊരു മണ്‍സൂണ്‍ കാലത്തുകൂടി ആവര്‍ത്തിച്ചാല്‍ അതിനെ എങ്ങനെ മറികടക്കുമെന്ന ഭീതി ഭൂരിപക്ഷം മലയാളികള്‍ക്കും ഉണ്ട്. എന്നാല്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം പ്രളയത്തെ അഭിമുഖീകരിച്ച കേരളത്തിനെ സംബന്ധിച്ച് ഈ മണ്‍സൂണ്‍കാലത്തെ ജാഗ്രതയോടെ കാണേണ്ടതുണ്ട് എന്നുതന്നെയാണ് വിദഗ്ദരുടെ വിലയിരുത്തല്‍.
2018 ഉം 19 ഉം ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതലുകളും ആവശ്യമാണെന്ന് വിദഗ്ദര്‍ പറയുന്നു. മഴ എങ്ങനെ ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രളയത്തിന് സാധ്യതയുണ്ടോ എന്ന് പറയാന്‍ കഴിയുകയുള്ളുവെന്നും എങ്കിലും ഇത്തവണ മണ്‍സൂണ്‍ നോര്‍മല്‍ ആയിരിക്കുമെന്നതിനെ ജാഗ്രതയോടെ തന്നെ നോക്കിക്കാണേണ്ടതുണ്ടെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഐ.എം.ഡി നോര്‍മല്‍ മണ്‍സൂണ്‍ പ്രവചിച്ച സാഹചര്യത്തില്‍ കേരളം അത് ഗൗരവപൂര്‍വ്വം കാണണമെന്നാണ് കുസാറ്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അഭിലാഷ് അഭിപ്രായപ്പെട്ടത്.
”225- 250 സെന്റീമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കുന്നത്. ഐ.എം.ഡിയുടെ ഇപ്പോഴത്തെ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ആ ഒരു റേഞ്ചിലുള്ള മഴ കിട്ടുമെന്നാണ് കണക്കാക്കുന്നത്. ചിലപ്പോള്‍ സാധാരണഗതിയെക്കാള്‍ കൂടുതലായിരിക്കും മഴ ലഭിക്കുക. കഴിഞ്ഞ രണ്ട് വര്‍ഷത്തെ മഴയുടെ കണക്ക് എടുത്തു കഴിഞ്ഞാല്‍ 2018 ആഗസ്റ്റ് വരെയാണ് നല്ലപോലെ മഴ കിട്ടിയത്. അതാണ് പ്രളയത്തിന് കാരണമായത്. 2019 ല്‍ ആണെങ്കില്‍ ആഗസ്റ്റ് വരെ മഴ നമുക്ക് മഴ കിട്ടിയില്ല. 35 ശതമാനം കുറവായിരുന്നു. രണ്ട് മാസം കൊണ്ടാണ് നമുക്ക് ആ മഴ കിട്ടിയത്. മഴ എങ്ങനെ കിട്ടുമെന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രളയം ഉണ്ടാകുമോ ഇല്ലയോ എന്നൊക്കെ പറയാന്‍ പറ്റുള്ളൂ” ഡോ. അഭിലാഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. സീസണെന്ന നിലയ്ക്ക് നോര്‍മല്‍ മണ്‍സൂണ്‍ നല്ലതാണെന്നും സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ കിട്ടിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” പക്ഷേ ആ മഴ മാസാടിസ്ഥാനത്തില്‍ ലഭിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുക. ജൂണിലും ജൂലൈയിലും നമുക്ക് കൂടുതല്‍ മഴ ലഭിക്കുകയും പിന്നീട് 2018 ലെ പോലെ ആഗസ്റ്റില്‍ സംഭവിച്ചാല്‍ പ്രളയം ഉണ്ടാവുകയും ചെയ്തേക്കാം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ വര്‍ഷവും മഴയില്‍ മാറ്റം ഉണ്ടാവാമെന്നും കഴിഞ്ഞ വര്‍ഷം കിട്ടിയ മഴ തന്നെ ഈ വര്‍ഷം കിട്ടണമെന്നില്ലെന്നും നിലവില്‍ നോര്‍മല്‍ മണ്‍സൂണ്‍ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നുമാണ് ഡോ. അഭിലാഷിന്റെ അഭിപ്രായം.
” മഴ കുറവാവാം കൂടുതലാവാം. കഴിഞ്ഞ 100 വര്‍ഷം എടുത്താല്‍ 100 തരത്തിലാണ് മഴ ലഭിച്ചിട്ടുള്ളത്. നിലവില്‍ നോര്‍മല്‍ മണ്‍സൂണ്‍ പ്രവചിക്കുന്ന സാഹചര്യത്തില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു സീസണില്‍ കിട്ടേണ്ട മഴ ചുരുങ്ങിയ കാലയളവില്‍ കിട്ടുമ്പോള്‍ അത് വെള്ളപ്പൊക്കത്തിന് കാരണമായേക്കും” അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളും കരുതലും…
2018 ലേയും 19 ലേയും പ്രളയം കേരളത്തിന് കാര്യമായ നഷ്ടങ്ങളാണ് ഉണ്ടാക്കിത്. 1924 ലെ പ്രളയത്തിന് ശേഷം കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രളയമായിരുന്നു 2018 ലേത്. ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ സൗത്ത്- വെസ്റ്റ് മണ്‍സൂണ്‍ കാലത്ത് ഉയര്‍ന്ന അളവില്‍ മഴപെയ്തതിന്റെ അനന്തരഫലമായിട്ടാണ് കേരളത്തില്‍ പ്രളയം ഉണ്ടായത്.
ഒട്ടുമിക്ക ജില്ലകളിലും വെള്ളപ്പൊക്കം ഉണ്ടായി. ചരിത്രത്തില്‍ ആദ്യമായി കേരളത്തിലെ 58 അണക്കെട്ടുകളില്‍ 35 എണ്ണവും തുറന്നു. 26 വര്‍ഷത്തിന് ശേഷം ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകള്‍ ഒരുമിച്ചു തുറക്കേണ്ട സാഹചര്യവും പ്രളയത്തെത്തുടര്‍ന്ന് ഉണ്ടായി. വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. പ്രളയത്തേയും തല്‍ഫലമായുണ്ടായ കെടുതികളെയും തുടര്‍ന്ന് കേരളത്തിന് ഏകദേശം 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍.
കനത്ത മഴയിലും, പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഏകദേശം 483 പേര്‍ മരിച്ചതായും 14 പേരെ കാണാതായതായും 140 പേര്‍ ആശുപത്രിയിലായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
കാലവര്‍ഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളില്‍ നിന്നായി 14,50,707 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജിവിക്കേണ്ട അവസ്ഥയിലെത്തി. 2019 ഓഗസ്റ്റ് 19ലെ കണക്കനുസരിച്ച് കേരള സംസ്ഥാനത്ത് വെള്ളപ്പൊക്കം മൂലം 121 പേര്‍ മരിച്ചു. ഓഗസ്റ്റ് 8 നും 19 നും ഇടയില്‍ 1,789 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായും ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം 14,542 ആണെന്നും കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
രണ്ട് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ പ്രളയം സംസ്ഥാനസര്‍ക്കാരിനെ ഇത്തരം സാഹചര്യങ്ങള്‍ വന്നാല്‍ ഏതുരീതിയില്‍ കൈകാര്യം ചെയ്യണമെന്ന മുന്‍കരുതലുകളെടുക്കാന്‍ സജ്ജമാക്കി. 2020 ല്‍ ഇത്തരം സാഹചര്യം ആവര്‍ത്തിച്ചാല്‍ സംസ്ഥാനം അതിനെ നേരിടാന്‍ സജ്ജമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
കേരളത്തില്‍ നോര്‍മല്‍ മണ്‍സൂണ്‍ ഉണ്ടായാല്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും എന്നാല്‍ എക്സ്ട്രീം റെയിന്‍ഫാള്‍ ഉണ്ടായാല്‍ അത് കഴിഞ്ഞ വര്‍ഷങ്ങളിലെ സാഹചര്യം ഉണ്ടാക്കിയേക്കാമെന്നും സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഹസാര്‍ഡ് അനലിസ്റ്റ് ഫഹദ് മര്‍സൂക്ക് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
” നമ്മുടെ ആനുവല്‍ റെയിന്‍ ഫാള്‍ 3000 മില്ലി മീറ്ററിന് മുകളിലാണ്. അത്രയും മഴ പെയ്താലും നമുക്ക് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. പക്ഷേ, ആ പെയ്യുന്ന മഴ കഴിഞ്ഞ രണ്ട് വര്‍ഷത്തെപ്പോലുള്ള സംഭവങ്ങളാണ് ഉണ്ടാക്കുന്നതെങ്കില്‍, അതായത് പെയ്യുന്ന മഴയുടെ പാറ്റേണില്‍ ഉണ്ടാകുന്ന വ്യത്യാസം, രണ്ട് ദിവസം കൊണ്ടോ നാല് ദിവസം കൊണ്ടോ പെയ്യേണ്ട മഴ ഒറ്റ ദിവസം കൊണ്ട് പെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ പ്രളയത്തിലേക്ക് വഴിവെക്കും. ഒരു ദിവസം 200 മില്ലീമീറ്ററിന് മുകളില്‍ തുടര്‍ച്ചയായ ദിസവങ്ങളില്‍ മഴപെയ്താല്‍ നമ്മള്‍ പ്രതിസന്ധിയിലാകും,’, ഫഹദ് മര്‍സൂക്ക് പറയുന്നു.
സാധാരണ മഴ ലഭിക്കുന്ന ജൂണ്‍ മാസത്തില്‍ മഴയുണ്ടായില്ല, ജൂലായ് 15 വരെ ചെറിയ മഴ പെയ്തു. പിന്നീട് നല്ല മഴ പെയ്യുകയും ചെയ്തു. അത് കഴിഞ്ഞ് ആഗസ്റ്റില്‍ വലിയ മഴയുണ്ടാവുന്നു. ഇതാണ് കഴിഞ്ഞ വര്‍ഷം സംഭവിച്ചത്. ഇതിനെ എക്സ്ട്രീം റെയിന്‍ ഫാള്‍ എന്നാണ് വിളിക്കുക.
കഴിഞ്ഞ രണ്ട് വര്‍ഷം എക്സ്ട്രീമുകള്‍ ഉണ്ടായതുകൊണ്ട് ഈ വര്‍ഷവും ചിലപ്പോള്‍ ഉണ്ടാവാം. അങ്ങനെ എക്സ്ട്രീമുകള്‍ ഉണ്ടായാല്‍ മുന്‍പത്തെ അവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചേക്കാമെന്ന് മര്‍സൂക്ക് പറഞ്ഞു.
”അതല്ലാതെ മഴ നോര്‍മല്‍ലായി പെയ്താല്‍ പ്രശനങ്ങള്‍ ഒന്നും ഉണ്ടാവില്ല,” അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
2018 ലെ പ്രളയം തീരെ പ്രതീക്ഷിക്കാത്തതും മുന്‍പ് അനുഭവം ഇല്ലാത്തതുമായ ഒന്നായിരുന്നെന്നും എന്നാല്‍ രണ്ട് വര്‍ങ്ങളിലേയും അനുഭവങ്ങള്‍ ഇനി ഉണ്ടാകുന്ന സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കിയിട്ടുണ്ടെന്നുമാണ് ഫഹദ് മര്‍സൂക്ക് പറയുന്നത്.
” എല്ലാവര്‍ഷവും മണ്‍സൂണിന് മുന്നോടിയായി ഒരു ഉന്നതതല യോഗം വിളിക്കാറുണ്ട്. കേരളത്തിലെ എല്ലാ വകുപ്പുകളുടേയും മേധാവികളുടെയും ആര്‍മി, നേവി, എയര്‍ഫോഴ്സ്, കോസ്റ്റ്ഗാര്‍ഡ് തുങ്ങിയ സെന്‍ട്രല്‍ ഫോഴ്സുകളും യോഗത്തില്‍ ഉണ്ടാകും. അതിനകത്താണ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ തീരുമാനിക്കുന്നത്. 2018 ലും അത് ചെയ്തിരുന്നു. പിന്നീടാണ് പ്രളയം ഉണ്ടാകുന്നത്. ആ സമയത്ത് നമുക്ക് ഇത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടായിരുന്നില്ല. 2019 ആകുമ്പോഴേയ്ക്കും നമ്മുടെ മുന്നില്‍ ഒരു എക്സ്പീരിയന്‍സ് ആയി. ഈ എക്സ്പീരിയന്‍സ് വെച്ചുകൊണ്ട് വകുപ്പുകള്‍ക്ക് കൊടുക്കുന്ന മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കുറച്ചുകൂടി മികച്ച രീതിയില്‍ ചെയ്യാന്‍ പറ്റും,” അദ്ദേഹം പറഞ്ഞു.
മുന്‍വര്‍ഷങ്ങളിലെ അനുഭവം മുന്‍നിര്‍ത്തി ഇനി അത്തരം ഒരു സാഹചര്യം വന്നാല്‍ നേരിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മര്‍സൂക്ക് പറഞ്ഞു. മണ്‍സൂണിന് മുന്നേ തന്നെ ചെയ്യേണ്ട കുറേ കാര്യങ്ങള്‍ ഉണ്ടെന്നും അത് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും കൊവിഡിനെത്തുടര്‍ന്ന് അതില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍പ്പോലും ആദ്യഘട്ടത്തില്‍ ഇത് പ്രാവര്‍ത്തികമാക്കുക എന്നതാണ് പ്രാഥമികമായി ചെയ്യാന്‍ പറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018 ലെ അനുഭവം കൂടി മുന്‍നിര്‍ത്തിക്കൊണ്ട് ഒരു ഹാന്റ് ബുക്ക് ഉണ്ടാക്കിയിട്ടുണ്ട് സംസ്ഥാനം. എല്ലാ വകുപ്പുകള്‍ക്കും വിശകലനം ചെയ്യാനാണ് അത് തയ്യാറാക്കിയത്.
ഓരോ മുന്നറിയിപ്പ് എന്താണെന്ന് മനസ്സിലാക്കാനും ആ മുന്നിറിയിപ്പില്‍ എത്രത്തോളം മഴ പെയ്യുകയെന്നും ലോകത്തിലെ വിവിധ ഏജന്‍സികള്‍ ഏതൊക്കെ തരത്തിലാണ് കേരളത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷത്തെ പ്രവചനം നടത്തിയിട്ടുള്ളതെന്നും അത് വെച്ച് എങ്ങനെയാണ് പ്രതീക്ഷിക്കേണ്ടതെന്നും, ഓരോ വാണിംഗ് ലെവലിലും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും ഓരോ വകുപ്പിനും നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. ഈ വര്‍ഷവും അതേ രീതി പിന്തുടരും. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതില്‍ pre disaster, during disaster , post disaster. എന്നീ മൂന്ന് ഘട്ടങ്ങളുണ്ടാകും- മര്‍സൂക്ക് വ്യക്തമാക്കി.
മഴയ്ക്ക് മുന്‍പായി നദീതടങ്ങള്‍ വൃത്തിയാക്കേണ്ടതുണ്ട്. വെള്ളം സംഭരിക്കാനും വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കാത്ത രീതിയില്‍ കൈകാര്യം ചെയ്യുകയും വേണം. പ്രാദേശിക തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് അത് ചെയ്യേണ്ടത്.
ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് മര്‍സൂക്ക് പറയുന്നു. കഴിഞ്ഞ തവണ മികച്ച രീതിയില്‍ ചെയ്യാന്‍ പറ്റി, എങ്കിലും കുറച്ച് പ്രശ്നങ്ങള്‍ ഉണ്ട്. അത്തരം നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അനുഭവം വെച്ച് ഈ മീറ്റിംഗ് കഴിഞ്ഞാല്‍ അനുമതി വാങ്ങിച്ച് കൊടുക്കും. അങ്ങനെയാണ് ചെയ്യാറ്. ഹാന്റ് ബുക്ക് അപ്ഡേറ്റ് ചയ്ത് കൊടുക്കും അത് പ്രാവര്‍ത്തികമാക്കിയാല്‍ തന്നെ വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകാന്‍ പറ്റും,” അദ്ദേഹം പറഞ്ഞു.
വലിയ മഴ പെയ്താല്‍ വെള്ളപ്പൊക്കം ഉണ്ടാകുമെന്നും എന്നാല്‍ അതിനെ കൈകാര്യം ചെയ്യാനുള്ള നൈപുണ്യം നമുക്ക് ഉണ്ടാക്കാന്‍ പറ്റുമെന്നും വലിയ അപകടങ്ങളിലേക്ക് സമൂഹത്തെ എത്തിക്കാതെ സംരക്ഷിക്കാന്‍ പറ്റുമെന്നും അദ്ദേഹം. പറഞ്ഞു. എക്സ്ട്രീം റെയിന്‍ ഫാള്‍ ഉണ്ടായാല്‍ കേരളത്തില മിക്ക സ്ഥലങ്ങളിലും വെള്ളം കയറാല്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ഉരുള്‍പ്പൊട്ടലിലേക്ക് പോകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുരന്ത നിവാരണ അതോറിറ്റിയും സോയില്‍ കണ്‍സര്‍വേഷന്‍ തുടങ്ങിയ വകുപ്പുകള്‍ നടത്തിയതിയ പഠനത്തില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചല്‍ ഉണ്ടാകാന്‍ സാധ്യത ഉള്ള സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് എല്ലാ ജില്ലകളിലേയും കളക്ടര്‍മാര്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്. എക്സ്ട്രീം റെയിന്‍ഫാള്‍ ഉണ്ടായാല്‍ അത്തരം ആളുകളെ അവിടെ നിന്ന് മാറ്റി പാര്‍പ്പിക്കും.
അതേസമയം അത്തരം മേഖലയില്‍ ഉള്ളവര്‍ അപകടമേഖലയില്‍ത്തന്നെയാണെന്നും സ്ഥിരമായി ചില ആളുകളെ മാറ്റേണ്ടതുണ്ടെന്നും അതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2019 ലെ പ്രളയത്തില്‍ മലപ്പുറം കവളപ്പാറയില്‍ ഉര്‍ള്‍പ്പൊട്ടലിലും നിരവധിപേര്‍ക്ക് വീടും സ്ഥവും നഷ്ടപ്പെട്ടിരുന്നു. 462 കുടംബങ്ങള്‍ക്ക് വീടുവെക്കാന്‍ സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 27.72 കോടിരൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ചത്. കവളപ്പാറപോലെ അപകട സാധ്യതയുള്ള മേഖലകള്‍ക്ക് പ്രത്യേക ശ്രദ്ധക്കൊടുത്തിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ വെള്ളം കയറിയ മേഖലകളിലെ ആളുകളെ ഇത്തവണ സാഹചര്യം ആവര്‍ത്തിച്ചാല്‍ മാറ്റി പാര്‍പ്പിക്കുമെന്നും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുന്ന സാഹചര്യം വന്നാല്‍ അത്തരം നടപടികള്‍ സ്വീകരിക്കുമെന്നും മര്‍സൂക്ക് പറഞ്ഞു.
” കവളപ്പാറ പോലുള്ള മേഖലകളില്‍ സ്ഥലമേറ്റെടുപ്പ് നടന്നിട്ടുണ്ട്. അവിടെ അടുത്ത ഘട്ടത്തിലേക്ക് പോകേണ്ടതുണ്ട്. ഒരുപാട് ദൂരത്തേക്കല്ലാതെ അവര്‍ക്ക് കൂടി അനുയോജ്യമായ സ്ഥലം ആണെങ്കില്‍ മാത്രമേ മാറുകയുള്ളൂ. അതൊക്കെ പരിഗണിക്കേണ്ടതുണ്ട്.”, അദ്ദേഹംപറഞ്ഞു.
” അവരെ മാറ്റേണ്ട സാഹചര്യം വരികയാണെങ്കില്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ കളക്ടറേറ്റില്‍ കൊടുത്തിട്ടുണ്ട്. കളക്ടറേറ്റില്‍ നിന്ന് താലൂക്ക് തലത്തിലേക്കും പോയിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ നടപടികള്‍ തുടങ്ങും. ജില്ലാകളക്ടര്‍ക്ക് വിവരം നല്‍കും അവര്‍ നേരെ താലുക്കുകളിലേക്കും. ആ ജില്ലയില്‍ ഇത്തരം മേഖലകളില്‍ ഉള്ള ആളുകള്‍, വീട് പണി പൂര്‍ത്തിയാക്കാത്ത ആളുകള്‍ , കഴിഞ്ഞ തവണ വെള്ളം കയറിയ മേഖലയിലെ ആളുകള്‍ തുടങ്ങിയവരെ മാറ്റും. അത്തരം പ്രവര്‍ത്തനങ്ങളാണ് പെട്ടെന്ന് നടത്തേണ്ടത്. അത് കഴിഞ്ഞ വര്‍ഷത്തെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഒന്നുകൂടി അപ്ഡേറ്റ് ചെയ്യും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഴയുടേയും താപനിലയുടേയും കാര്യത്തില്‍ ലൈവായിട്ട് വിവരമറിയാന്‍ റിയല്‍ ടൈം സംവിധാനം കേരളത്തില്‍ ഇല്ല. കേന്ദ്രസര്‍ക്കാറിനോടും ഐ.എം.ഡിയോടും നിരന്തരമായി ആവശ്യപ്പെട്ടതിന്റെ ഫലമായി സംവിധാനം നടപ്പാക്കാനുള്ള സ്ഥലത്തിന് വേണ്ടി 103 സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അതില്‍ 73 സ്ഥലങ്ങളുടെ സര്‍ക്കാര്‍ ഉത്തരവിറക്കി.
15 സ്ഥലങ്ങള്‍ മോഡല്‍ സൈറ്റുകളായി തീരുമാനിച്ചു. ഡാം സൈറ്റുകള്‍, ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള മേഖലകള്‍ തുടങ്ങിയ മേഖലകളിലാണ് സൈറ്റ് കണ്ടെത്തിയത്. ആദ്യത്തെ 15 മേഖലകളില്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് കൊവിഡ് വന്നത്. അതുകൊണ്ടത് പ്രവര്‍ത്തനം തുടങ്ങിയില്ല. മേയ് മൂന്നാം തിയതിക്ക് ശേഷമേ അതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ പറ്റുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
റിയല്‍ ടൈം മോണിറ്ററിംഗ് സംവിധാനം എന്ത്?
കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ച് അപ്പപ്പോള്‍ വിവരം ലഭ്യമാക്കുന്ന സംവിധാനമാണിത്. പ്രളയം, ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതിക്ഷോഭങ്ങളില്‍ ദുരന്തനിവാരണത്തിന് ഏറ്റവും അനുയോജ്യമായ മാര്‍ഗങ്ങളിലൊന്നാണിത്.
” അതിന്റെ പ്രവര്‍ത്തനം പൂര്‍ത്തികരിച്ചാല്‍ ഞങ്ങള്‍ക്കും അതുപോലെ ജില്ലകളക്ടര്‍മാര്‍ക്കും അവരിരിക്കുന്ന സ്ഥലങ്ങളില്‍ ഇരുന്ന് തന്നെ ഓരോ സ്ഥലത്തും ഓരോ മണിക്കൂറിലും എത്ര മഴയാണ് പെയ്യുന്നതെന്ന് അറിയാന്‍ കഴിയും. അതുപ്രകാരമുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ സഹായിക്കും. ഒരുദിവസം മൂന്ന് മണിക്കൂറിനുള്ളില്‍ 6-7 സെന്റി മീറ്റര്‍ മഴ പെയ്താല്‍ അതിനര്‍ത്ഥം അവിടെ നിന്ന് ആള്‍ക്കാരെ മാറ്റാന്‍ സമയമായെന്നാണ്,” ഫഹദ് മര്‍സൂക്ക് പറയുന്നു.
ആലപ്പുഴയിലെ കഞ്ഞിക്കുഴിയിലായിരിക്കും റിയല്‍ ടൈം മോണിറ്ററിംഗ് സംവിധാനം ആദ്യം പ്രാവര്‍ത്തികമാക്കുക. റിയല്‍ ടൈം മോണിറ്ററിംഗ് സംവിധാനം നടപ്പിലായാല്‍ അതായിരിക്കും എറ്റവും വലിയ മുന്‍കരുതലാവുക എന്നാണ് വിലയിരുത്തലുകള്‍. വെള്ളപ്പൊക്കം ഉണ്ടാവില്ല എന്ന് പറയാന്‍ പറ്റില്ലെങ്കിലും അതിനെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ഇതൊരു ഇന്‍സ്റ്റിട്യൂഷ്യന്‍ മെമ്മറി ആയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് വെര്‍ച്ച്വല്‍ കേഡര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കെ.എസ്.ഇ.ബി, ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകളിലൊക്കെ ദുരന്ത നിവാരണത്തിന് വേണ്ടി ഓരോ ജില്ലയില്‍ നിന്നും സംസ്ഥാനതലത്തിലേയും 15 ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണത്തിന്റെ പ്രവര്‍ത്തനം നടത്തും. മുന്നറിയിപ്പ് ലഭിച്ചാല്‍ വെര്‍ച്ച്വല്‍ കേഡര്‍ക്ക് കൈമാറും. അവരത്ബ ന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലേക്കും എത്തിക്കണം. ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളില്‍ ഇത് സംബന്ധിച്ചുള്ള പരിശീലനം കൊടുത്തിട്ടുണ്ട്.
പഞ്ചായത്ത് തലങ്ങളില്‍ ദുരന്ത നിവാരണ പദ്ധതികല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ പഞ്ചായത്തിന്റെയും ദുരന്ത സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വളണ്ടിയര്‍ ഗ്രൂപ്പുകള്‍ക്ക് ദുരന്ത നിവാരണ പരിശീലനം കൊടുക്കുന്നുണ്ട്. മള്‍ട്ടി പര്‍പ്പസ് ഷെല്‍ട്ടറുകള്‍ ഒരുക്കുന്നുണ്ട്. അത്തരം ഷെല്‍ട്ടറുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകളും ഹാളുമുണ്ടാകും.
അപകടസാധ്യത ഉണ്ടാകുമ്പോള്‍ ആള്‍ക്കാരെ മാറ്റി പാര്‍പ്പിക്കാന്‍ വേണ്ടിയാണിത്തരം ഷെല്‍ട്ടറുകള്‍ ഉണ്ടാക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ സ്‌കൂളുകളില്‍ മാറ്റി പാര്‍പ്പിക്കാതെ ഇത്തരം ഷെല്‍ട്ടിറേക്ക് മാറ്റും. കൂടുതല്‍ ഷെല്‍ട്ടറുകളും തീരദേശപ്രദേശങ്ങളിലാണ് നിര്‍മ്മിക്കുന്നത്.
രണ്ട് വര്‍ഷം അടുപ്പിച്ച് പ്രളയം ഉണ്ടായത് മൂന്നാം വര്‍ഷവും പ്രളയത്തിന് കാരണമാകുമോ എന്ന ആശങ്ക മലയാളികളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിന് അടിസ്ഥാനമില്ലെന്ന് മുരളി തുമ്മാരുകുടി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 2018 ലെ ദുരന്തങ്ങളുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും ഇപ്പോള്‍ ജാഗരൂകരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
”ദുരന്ത സാധ്യതകളെ അറിയാതെയുള്ള ഭൂവിനിയോഗ രീതികളാണ്. മലകളില്‍ വനം വെട്ടി കൃഷിഭൂമിയാക്കുന്നത്, ക്വാറികളുണ്ടാക്കി മണ്ണ് അസ്ഥിരപ്പെടുത്തുന്നത്, റോഡുകള്‍ നിര്‍മ്മിച്ച് ചെരുവുകളിലെ ഭാരം അസ്ഥിരപ്പെടുത്തുന്നത്, വെള്ളം കയറിക്കിടക്കേണ്ട തണ്ണീര്‍ത്തടങ്ങള്‍ നികത്തി കെട്ടിടം പണിയുന്നത്, വെള്ളം ഒഴുകിപ്പോകേണ്ട പാതകളില്‍ റോഡും വീടും നിര്‍മ്മിക്കുന്നത് ഇതൊക്കെ സാധാരണ മഴയെ പോലും ദുരന്തമാക്കി മാറ്റുന്നു. മഴയിലുണ്ടാകുന്ന മാറ്റം നമുക്ക് കൈകാര്യം ചെയ്യാന്‍ പറ്റിയില്ലെങ്കിലും ഭൂമിയുടെ ഉപയോഗത്തില്‍ ശാസ്ത്രീയമായ അടിസ്ഥാനം കൊണ്ടുവന്നേ തീരൂ. അല്ലെങ്കില്‍ പ്രാദേശികമായിട്ടെങ്കിലും ദുരന്തങ്ങള്‍ തനിയാവര്‍ത്തനമാകും” അദ്ദേഹം പറഞ്ഞു.
ഈ ഒരു മണ്‍സൂണ്‍ കാലത്ത് മുന്‍വര്‍ഷങ്ങളിലെ സ്ഥിതി ആവര്‍ത്തിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചുപോരുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കൊവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറിയ രീതിയിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ടെന്നതും ഒരു വസ്തുതയാണ്. റിയല്‍ ടൈം മോണിറ്ററിംഗ് പോലുള്ള സംവിധാനങ്ങള്‍ നടപ്പാക്കാന്‍ വൈകുന്നതും കൊവിഡ് മൂലമുള്ള പ്രതിസന്ധികള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ്. എങ്കിലും എല്ലാ ജില്ലകളിലും മുന്നൊരുക്കങ്ങള്‍ നടക്കുന്നുണ്ട്. പൊതുവെ ചെറിയ മഴ പെയ്താല്‍ പോലും നഗരം വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയാണ് കോഴിക്കോട് നിലനില്‍ക്കുന്നത്. എന്നാല്‍ ഇത്തവണ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് കോഴിക്കോട് നഗരസഭാ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
”കഴിഞ്ഞ വര്‍ഷം പ്രളയത്തിന്റെ സമയത്ത് സജീവമായ ഇടപെടലാണ് നഗരസഭ നടത്തിയത്. പകര്‍ച്ചവ്യാധി പോലുള്ളവ തടയുന്നതിന് വേണ്ടി ഡ്രെയിനേജുകള്‍ ശുചീകരിക്കാന്‍ 2 ലക്ഷം രൂപ വീതം 75 വാര്‍ഡുകള്‍ക്കായി ഒന്നരക്കോടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ പ്രവര്‍ത്തനങ്ങളെ ബാധച്ചുവെന്നും അത് തീരുന്ന മുറയ്ക്ക് യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
” ഒന്‍പത് ഡ്രെയിനേജുകള്‍ നിര്‍മ്മിക്കുന്നുണ്ട്. പലതും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഈയൊരു സമയമായിരുന്നു പ്രവൃത്തികള്‍ നടത്താന്‍ അനുയോജ്യമായ സമയം. പക്ഷേ കൊവിഡ് വന്നത് ചെറിയൊരു പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. കൊവിഡ് കാരണം പ്രവൃത്തികള്‍ നടത്താന്‍ പറ്റുന്നില്ല. എന്തായാലും ഇത് കഴിയുന്നതോടെ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും,” തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.
പ്രളയം കാര്യമായി ബാധിച്ച ജില്ലകളില്‍ ഒന്നായിരുന്നു കോഴിക്കോട്. ജില്ലയില്‍ 500 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. 2020 ലെ മണ്‍സൂണ്‍ ഒരു പ്രളയത്തിന്കൂടി വഴിയൊരുക്കുമോ എന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കുന്ന കാര്യമല്ല. കരുതലാണ് പ്രധാനം.
രണ്ട് വര്‍ഷങ്ങളില്‍ നിന്നും ലഭിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് തന്നെ മണ്‍സൂണ്‍ കാലത്തെ കേരളം കരുതിയിരിക്കേണ്ടതുണ്ട്. നിലവില്‍ കൊവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. അതിനിടയില്‍ ഇക്കാര്യം ശ്രദ്ധയില്‍ നിന്ന് വിട്ട് പോകാനും പാടില്ല. കാരണം പ്രളയം ബാക്കിവെച്ച ദുരിതങ്ങള്‍ അത്രയേറെ വലുതാണ്. ഇനിയും അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ അതിനെ നേരിടാനും അത് ജീവിക്കാനും നമ്മള്‍ കരുതിയിരിക്കുക തന്നെ വേണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.